ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്‍ക്കായി കഥയവതരണവും കളികളും; പരിപാടി ചൊവ്വാഴ്ച മുതല്‍
വെള്ളപ്പൊക്കദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തുന്ന കഥയവതരണത്തിനും മറ്റു കളികള്‍ക്കും ഇന്ന് തുടക്കം കുറിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോട്ടയം താഴത്തങ്ങാടി ഗവ. യു.പി സ്‌കൂളിലാണ് പരിപാടി ആരംഭിക്കുന്നത്. ഉച്ച തിരിഞ്ഞ് 2.30 ന് കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും.
കേരളത്തിലെ നാടക കലാകാരന്‍മാരില്‍ ശ്രദ്ധേയനായ മനു ജോസിന്റെ നേതൃത്വത്തിലുള്ള മി ആന്‍ഡ് യു ആണ് ക്യാമ്പുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടിയുള്ള കഥാവതരണവും മറ്റ് പരിപാടികളുമാണ് ഈ സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്കും ആറ് മണിക്കും മറ്റ് രണ്ട് ക്യാമ്പുകളില്‍ കൂടി കഥയവതരണം ഉണ്ടാകും.
ബി.വി കാരന്ത്, കാവാലം നാരായണപ്പണിക്കര്‍, എസ്. രാമാനുജം, ഇന്ദിരാ പാര്‍ത്ഥസാരഥി, ജോസ് ചിറമ്മേല്‍ തുടങ്ങി നിരവധി പ്രമുഖരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള മനു ജോസ്, കേരളത്തില്‍ വിവിധയിടങ്ങളില്‍ കുട്ടികള്‍ക്കായി ക്യാംപുകളും ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ടിവി ചാനലുകളിലും കുട്ടികള്‍ക്കായി നിരവധി അവബോധ പരിപാടികള്‍ നടത്തിയിട്ടുണ്ട്. മനു ജോസിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ മാര്‍ട്ടിന്‍, അരുണ്‍ലാല്‍, സുധി വട്ടപ്പാന്നി എന്നിവരും പങ്കെടുക്കുന്നു.
പ്രളയത്തെ അതിജീവിച്ച കുഞ്ഞുമനസ്സുകള്‍ക്ക് അവരുടെ അതിജീവനത്തിന്റെ സ്മരണകള്‍ ചിത്രങ്ങളായി സൂക്ഷിക്കാന്‍ ചിത്രരചനയും ക്യാമ്പുകളില്‍ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9061394172,99461096
Comments are closed.