പ്രളയദുരന്തം: കേരളത്തിന് കേന്ദ്രത്തിന്റെ 2,500 കോടിരൂപയുടെ അധികധനസഹായം
തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധികധനസഹായം നല്‍കണമെന്ന് കേന്ദ്രത്തിന് ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഉന്നതതല സമിതി ഈ വിഷയം അംഗീകരിച്ചാല്‍ കേരളത്തിനു പണം ലഭിക്കും.
പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ധനസഹായം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. പ്രളയദുരിതാശ്വാസമായി കേന്ദ്രം ഇതുവരെ നല്‍കിയത് 600 കോടി രൂപയാണ്. 2500 കോടി രൂപ അധികധനമായി നല്‍കിയാല്‍ കേന്ദ്രസഹായം 3100 കോടി രൂപയാകും. പ്രളയദുരിതാശ്വാസമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 4800 കോടി രൂപയായിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്രസംഘടനയുടെയും കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.
കേന്ദ്രസഹായങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും എന്തിനുവേണ്ടിയാണോ സാമ്പത്തിക സഹായം നല്‍കിയത് അതിനുമാത്രമേ ഉപയോഗിക്കാവൂ എന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്.
Comments are closed.