DCBOOKS
Malayalam News Literature Website

പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങൊരുക്കി ഡി സി ബുക്സ്

കോട്ടയം: വെള്ളപ്പൊക്കദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഥാവതരണവും കളികളും സംഘടിപ്പിക്കുന്നു.

കേരളത്തിലെ നാടക കലാകാരന്‍മാരില്‍ ശ്രദ്ധേയനായ മനു ജോസിന്റെ നേതൃത്വത്തിലുള്ള മി ആന്‍ഡ് യു ആണ് ക്യാമ്പുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടിയുള്ള കഥാവതരണവും മറ്റ് പരിപാടികളുമാണ് ഈ സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്.

ബി.വി കാരന്ത്, കാവാലം നാരായണപ്പണിക്കര്‍, എസ്. രാമാനുജം, ഇന്ദിരാ പാര്‍ത്ഥസാരഥി, ജോസ് ചിറമ്മേല്‍ തുടങ്ങി നിരവധി പ്രമുഖരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള മനു ജോസ്, കേരളത്തില്‍ വിവിധയിടങ്ങളില്‍ കുട്ടികള്‍ക്കായി ക്യാംപുകളും ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ടിവി ചാനലുകളിലും കുട്ടികള്‍ക്കായി നിരവധി അവബോധ പരിപാടികള്‍ നടത്തിയിട്ടുണ്ട്. മനു ജോസിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ മാര്‍ട്ടിന്‍, അരുണ്‍ലാല്‍, സുധി വട്ടപ്പാന്നി എന്നിവരും പങ്കെടുക്കുന്നു.

ചിത്രരചനയില്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി ക്യാമ്പുകളില്‍ നല്‍കുന്ന ചായങ്ങളും പേപ്പറുകളും ഉപയോഗശേഷം വീടുകളിലേക്ക് കൊണ്ടുപോകാം. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാനും കൂടുതല്‍ മനസ്സാന്നിധ്യത്തോടെ മുന്നോട്ട് ജീവിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന ചിന്താശകലങ്ങളടങ്ങിയ വിവരണങ്ങളും ഇതോടൊപ്പം ഡി.സി ബുക്‌സ് തയ്യാറാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9061394172,9946109628

Comments are closed.