അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് എം.എം. മണി
തൊടുപുഴ: കേരളത്തിലെ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം എം മണി. മഴ ഇത്രത്തോളം കനക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. വിവാദമുണ്ടാക്കാനാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും എം.എം മണി പ്രതികരിച്ചു.തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. മഴയ്ക്ക് ശക്തി കൂടിയപ്പോള്‍ വൈദ്യുതവകുപ്പിന്റേതിന് പുറമേ ജലസേചനത്തിന് നിര്‍മ്മിച്ച ഡാമുകളും തുറക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതെന്നും എം.എം മണി വ്യക്തമാക്കി.
അണക്കെട്ടുകള്‍ മുന്നറിയിപ്പുകളില്ലാതെ തുറന്നതിലെ പാളിച്ചയാണ് കേരളത്തില്‍ പ്രളയം നാശം വിതച്ചതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതേ ആരോപണം ഉന്നയിച്ച് കെ. മുരളീധരന്‍ എംഎല്‍എയും വകുപ്പിനെതിരെ തിരിഞ്ഞിരുന്നു. അതേസമയം ഡാമുകള്‍ തുറന്നതില്‍ വീഴ്ചയില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments are closed.