കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുള്ള കാരണമെന്നാണ് വിശദീകരണം. നിലവില്‍ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് കേവലം ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്. ഏഴ് പോയന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി മ്യൂലന്‍സ്റ്റീന്‍ എത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. കളിക്കാരുടെ കഴിവു കണ്ടെത്തുന്നതില്‍ അപാര മികവുള്ളയാള്‍ എന്ന വിശേഷണവുമായി ആയിരുന്നു വരവ്. സീസണിനിടെ പരിശീലകന്‍ വിട്ടുപോകുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതാദ്യ സംഭവമല്ല. 2015ല്‍ പീറ്റര്‍ ടെയ്‌ലര്‍ സമാന സാഹചര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ചുമതലയൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ടെറി ഫെലാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായെത്തുന്നത്.
പുതിയ പരിശീലകനെ നാളെതന്നെ തീരുമാനിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചി ജവഹല്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജനുവരി നാലിന് എഫ്.സി പുണെയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Comments are closed.