കേരള കവിതയിലെ ഗോത്രപര്‍വം
സുകുമാരന്‍ ചാലിഗദ്ദ / ജോസഫ് കെ ജോബ്
ആദിവാസികളുടെ ദാരിദ്ര്യത്തെക്കുറിച്ചോ ഇല്ലായ്മകളെക്കുറിച്ചോ ഒന്നും ഞാന്‍ കവിതയിലൂടെ പറയാനാഗ്രഹിക്കുന്നില്ല. അത് ഉള്‍ക്കൊള്ളിക്കാന്‍ എനിക്ക് ഇഷ്ടവുമില്ല. ആദിവാസി ജീവിതത്തിന്റെ സമ്പന്നതയെക്കുറിച്ചാണ് എനിക്കു കവിതയിലൂടെ പറയാനുള്ളത്. സമ്പന്നമായ സംസ്‌കാരവും ആദര്‍ശങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെയുള്ള ഒരു മഹാസംഭവമായി ഗോത്രജീവിതത്തെ കാണാനാണ് എനിക്കിഷ്ടം. അവകാശങ്ങളൊക്കെ നമ്മള്‍ നേടിയെടുക്കണം. അതിനുവേണ്ടി പ്രക്ഷോഭരംഗത്തിറങ്ങണമെങ്കില്‍ അതു ചെയ്യണം. പക്ഷേ, ആവര്‍ത്തിച്ചു പറയുന്ന ഈ ദാരിദ്ര്യം പറച്ചില്‍ അവസാനിപ്പിക്കേണ്ട കാലമായി. ”ദാരിദ്ര്യം പിടിച്ച ആദിവാസി” എന്നത് തെറിയെക്കാള്‍ മോശമാണെന്നാണ് എന്റെ അഭിപ്രായം.
”ഒരു പെണ്ണ്
മരത്തിന്റെ മണ്ടയിലിരുന്നാണ്
മുടി അഴിച്ചു വിതറുന്നത്.
അവളുടെ മുടിയില്‍
നിന്നൂര്‍ന്നു വീഴുന്ന
പൂക്കളെ ചുംബിക്കാന്‍
ഞാനതിന്റെ
ചോട്ടില്‍ ചെന്നിരിക്കും…”
റാവുള ഭാഷയിലും മലയാളത്തിലും കവിത എഴുതുന്ന സുകുമാരന്‍ ചാലിഗദ്ദയുടെ ”ഞാനൊരു പൂമരം നട്ടിട്ടങ്ങുപോയി” എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. സുകുമാരന്‍ ചാലിഗദ്ദ കവിതയെഴുതുമ്പോള്‍ കേരളകവിതയിലേക്ക് ഒരു കാട് പടര്‍ന്നേറുന്നു. പുഴപാടി ഒഴുകിവരുന്നു. മീനുകള്‍ ഓളം വെട്ടുന്നു. ആനകള്‍ അക്ഷരമെഴുതി പഠി
ക്കുന്നു. കുഞ്ഞുതുമ്പികളും മിന്നാമിനുങ്ങുകളും ഉറക്കമുണരുന്നു. വണ്ടുകള്‍ രക്ഷപ്പെട്ടുവന്ന് മൂളി വിളിക്കുന്നു. മുയലുകള്‍ തുള്ളിവരുന്നു…
കാഴ്ചയുടെ കവിതകളാണ് സുകുമാരന്‍ ചാലിഗദ്ദയുടേത്. കാഴ്ചകള്‍ പുറംകാഴ്ചകളല്ലെന്നുമാത്രം. ഗോത്രമനസ്സുള്ള ഒരു കവി തന്റെ ബോധതലത്തില്‍ അനുഭവിക്കുന്ന കാഴ്ചകളാണ് കവിതകളായി ഇവിടെ പിറവികൊള്ളുന്നത്. താന്‍ അന്തര്‍വഹിക്കുന്ന കാഴ്ചകളുടെ പെരുക്കംകൊണ്ട് വാക്കുകളും വരികളും അനായാസമായി പുറപ്പെടുന്നു. ഗോത്രജീവിതത്താല്‍ ആര്‍ജ്ജിച്ചെടുത്ത പ്രകൃതിയറിവുകളും നാട്ടറിവുകളും ആളറിവുകളും കവിയുടെ ഉള്ളില്‍ ഊറിക്കൂടുമ്പോഴാണ് കാഴ്ചയുടെ ഭിന്നവിതാനങ്ങള്‍ അങ്ങനെ രൂപം കൊള്ളുന്നത്. നേരിട്ടുള്ള കാഴ്ചകളെക്കാള്‍ ഉള്ളിലുണരുന്ന കാഴ്ചകള്‍ക്ക് കുറേ ദോഷങ്ങളുമുണ്ട്. ഉള്ളിലെ കാഴ്ചകള്‍ക്ക് രേഖീയത കുറവായിരിക്കും. മുമ്പു കണ്ടതും ഇപ്പോള്‍ കാണുന്നതും ഇനി കാണാനിരിക്കുന്നതുമായ കാഴ്ചകളെല്ലാം കൂടിക്കുഴഞ്ഞ് ദൃശ്യ അനുഭവങ്ങളെ അത് സങ്കീര്‍ണ്ണമാക്കിക്കളയും. അപ്പോള്‍ കവിക്ക് താനൊരു മരത്തിന്റെ കല്യാണത്തിനുപോയതായി തോന്നാം. പുഴകള്‍ പൂക്കളുമായി വരുന്നതായി തോന്നാം. വനത്തിന് ചിറകുകള്‍ വച്ചതായി തോന്നാം. കാഴ്ചകള്‍ക്ക് നൈരന്തര്യമോ സ്ഥലകാലപ്പൊരുത്തമോ ആദിമധ്യാന്തപ്പൊരുത്തമോ ഇല്ലാത്ത അപകേന്ദ്രിതമായ അവസ്ഥ സൃഷ്ടിക്കപ്പെടുകയാണിവിടെ. കലങ്ങിക്കിടക്കുന്ന തോട്ടുവാ പോലിരിക്കാം അത്. സമയമെടുത്തു നോക്കിയാല്‍ തെളിയും. തെളിനീരുറവയും കാണാം.
രേഖീയമല്ലാത്ത അനുഭവങ്ങളും ശിഥിലമായ ബിംബാവലികളും നിറഞ്ഞ വേറിട്ട ഈ കാവ്യലോകം സുകുമാരന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാവണമെന്നില്ല. പഠിച്ചുവച്ചതോ വായിച്ചുണ്ടാക്കിയതോ ആയ സിദ്ധാന്തങ്ങളുടെ വഴിക്ക് കവിതയെഴുതുന്ന കവിയുമല്ല അദ്ദേഹം. പ്രകൃതിതന്നെ പാഠപുസ്തകമായി കവിയുടെ മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. അതിനെ അതിസൂക്ഷ്മമായി കാണാനാകുന്ന ഒരു ഗോത്ര ധിഷണയിലേക്ക് ആഗിരണം ചെയ്താല്‍മാത്രം മതി. അധികാരത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും ഉറപ്പുകളും കാഠിന്യങ്ങളും മെല്ലെ പൊളിച്ചുകളഞ്ഞുകൊണ്ട് തല്‍സ്ഥാനത്ത് അയഞ്ഞ, കാഠിന്യരഹിതമായ, വൈവിധ്യപൂര്‍ണമായ ഒരു ആവാസവ്യവസ്ഥയെ പ്രതിഷ്ഠിക്കുകയാണ് കവി.
തുടിതാളത്തിനും കുറുകുഴലിനുമൊപ്പം അലമുറയിടുന്നതാകണം ഗോത്രകവിതകളെന്ന് പൊതുബോധത്തെയും പൂര്‍വധാരണകളെയും സുകുമാരന്‍ തിരുത്തിയെഴുതുന്നുണ്ട്. കേള്‍ക്കുന്നതിന്റെമാത്രം സുഖാനുഭൂതി പകരാനല്ല, കൂടുതല്‍ കവിത ആലോചനാമൃതമാക്കാനാണ് ഈ താത്പര്യം. ഗോത്രജീവിതത്തിന്റെ വ്യതിരിക്തതയെ ഭിന്നരീതികളില്‍ ആവിഷ്‌കരിക്കുന്ന പുതുകവിതകള്‍ ഗോത്രമേഖലയില്‍നിന്നും കടലോര മേഖലയില്‍നിന്നുമൊക്കെ പുറത്തുവരുന്നുണ്ട്. പാര്‍ശ്വവല്‍കൃതമായ ജീവിതത്തെ പാര്‍ശ്വവല്‍കൃതമായ ഭാഷകളില്‍ത്തന്നെ അവതരിപ്പിക്കുമ്പോള്‍ ആ ഭാഷകള്‍ക്കും പുതുജീവന്‍ ലഭിക്കുകയാണ്. വെട്ടിയ മരച്ചില്ലയില്‍നിന്ന് തളിര്‍പ്പുകള്‍ ഉണ്ടാകുന്നതുപോലെ ഗോത്രഭാഷയ്ക്ക് കവിത മുളയ്ക്കുന്നു. ഗോത്രകവിതയുടെ പുതുമയും ശക്തിയും സൗന്ദര്യവും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അനുഭവങ്ങളുടെ തളിര്‍പ്പുകളുമായി സുകുമാരന്‍ ചാലിഗദ്ദ അനുവാചകലോകത്തിനു മുന്നിലെത്തുന്നത്.
കവിതയുടെ രൂപത്തെക്കുറിച്ചോ അതിന്റെ സാമ്പ്രദായിക ശീലങ്ങളെക്കുറിച്ചോ വലിയ വേവലാതികളൊന്നും സുകുമാരന്‍ വച്ചുപുലര്‍ത്തുന്നില്ല. രൂപശൈഥില്യത്തിന്റെ അനര്‍ഗളത പൊതുവേ എല്ലാ കവിതകളിലും ദൃശ്യമാണ്. ഏകതാനമായ ആത്മഭാഷണങ്ങളല്ല ബഹുസ്വരമായ സംഭാഷണങ്ങളോ സംവാദങ്ങളോ ആണ് സുകുമാരന്റെ കവിതകള്‍. സ്വന്തം ലോകങ്ങളെ വീണ്ടെടുക്കാന്‍ കവിതമാത്രം മതിയെന്ന അറിവാണ് സുകുമാരന്റെ ശക്തി. കൊറോണാകാലത്ത് സുകുമാരന്‍ എഴുതിയ ചില കവിതകളിലെ വരികള്‍ കാണുക.
”ഒടിച്ചിട്ട മരക്കൊമ്പുകള്‍
അവസാന ശ്വാസത്തില്‍
മുളപൊട്ടുന്നു
ചിതലുകളും മണ്‍വണ്ടുകളും
കഥകള്‍ പെറുക്കുന്നുണ്ട്
കഥകള്‍ വറുക്കുന്നുണ്ട്.”
(ഇലക്കണ്ണാടി)
”ധ്യാനത്തിലിരുന്ന കാടിനകത്ത്
നടന്നതിനാണോ
ചിരിച്ചതിനാണോ
ഈ ആകാശം വഴക്കിട്ടത്”
(ഈ ആകാശം)
ചില്ലകളില്ലാത്ത ആ മരത്തിന്
മേഘങ്ങളെ കൊടുക്കാതെ
ആകാശം
(ആ ചിരിയാണ്)
പ്രകൃതിയിലെ നേരിയ ചലനങ്ങളെയും സൂക്ഷ്മമായ താളങ്ങളെയും ഇലയനക്കംപോലുള്ള ശബ്ദങ്ങളെയും മനസ്സു കൂര്‍പ്പിച്ച് പിടിച്ചെടുത്താണ് ഈ കവി എഴുതുന്നത്.
പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.