കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കെ.വി. കുമാരന്
വിവർത്തനത്തിനുള്ള 2024ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് കെ.വി കുമാരൻ അർഹനായി. 50,000 രൂപയുടേതാണ് പുരസ്‌കാരം. കെ. വി കുമാരൻ തയ്യാറാക്കിയ എസ്. എൽ ഭൈരപ്പയുടെ ‘യാനം’ എന്ന കന്നഡ നോവലിന്റെ മലയാള പരിഭാഷയ്ക്ക് ആണ് പുരസ്കാരം. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്റോറിയിലേക്ക് ഒരു ബഹിരാകാശ പേടകത്തിൽ യാത്ര ചെയ്യുന്ന രണ്ട് ബഹിരാകാശയാത്രികരുടെ കഥയാണിത്. ഭൂമിയിൽ നിന്ന് അകലെയായിരിക്കുമ്പോഴുള്ള ശാസ്ത്രീയ പ്രശ്നങ്ങളും മനുഷ്യബന്ധങ്ങളുമാണ് നോവൽ കേന്ദ്രീകരിക്കുന്നത്.
കാസർകോട് ഉദുമ സ്വദേശിയായ കെ വി കുമാരൻ ഹിന്ദി അധ്യാപകൻ, എഇഒ, പ്രിൻസിപ്പൽ, കാസർകോട് സാക്ഷരതാ കോഓർഡിനേറ്റർ, കാസർകോട് പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ വർഷത്തിൽ തന്റെ സമഗ്ര സാഹിത്യ സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു.