DCBOOKS
Malayalam News Literature Website

കവി എസ്.രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ക്ക് കവിതയ്ക്കുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗുരുപൗര്‍ണ്ണമി എന്ന കാവ്യകൃതിയാണ് എസ്.രമേശന്‍ നായരെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശ്രീനാരായണഗുരുവിന്റെ അനശ്വരജീവിതവും ദര്‍ശനങ്ങളും സന്ദേശങ്ങളും അപഗ്രഥനാത്മകമായി ആവിഷ്‌കരിക്കുന്ന കാവ്യമാണ് ഗുരുപൗര്‍ണ്ണമി. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു എസ്. രമേശന്‍ നായരുടെ ജനനം. സരയൂ തീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി(കവിതാസമാഹാരങ്ങള്‍), ആള്‍രൂപം, സ്ത്രീപര്‍വ്വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം(ബാലസാഹിത്യം), തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, സംഗീതക്കനവുകള്‍(വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍. നൂറ്റമ്പതോളം ചലച്ചിത്രഗാനങ്ങള്‍ക്ക് അദ്ദേഹം രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഇടശ്ശേരി അവാര്‍ഡ്, വെണ്‍മണി അവാര്‍ഡ്, പൂന്താനം അവാര്‍ഡ്, 2010-ലെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

Comments are closed.