DCBOOKS
Malayalam News Literature Website

കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം അനുജ അകത്തൂട്ടിന്

കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിനാണ് അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ബാലസാഹിത്യത്തിന് മലയത്ത് അപ്പുണ്ണിയും അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായി. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

ഏവൂര്‍ ശ്രീകുമാര്‍, ഡോ.കെ.എസ് രവികുമാര്‍, യു.എ ഖാദര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ശിശുദിനമായ നവംബര്‍ 14-ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ദില്ലി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായ അനുജ അകത്തൂട്ട്, സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്റെയും നോവലിസ്റ്റ് നളിനി ബേക്കലിന്റെയും മകളാണ്. ഡോ.മുഹമ്മദ് അസ്‌ലമാണ് ഭര്‍ത്താവ്.

തിരൂര്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ പുരസ്‌കാരം, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി കുമാരന്‍ മാസ്റ്റര്‍ സ്മാരക കവിതാ പുരസ്‌കാരം, ഡോ.അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി കവിതാപുരസ്‌കാരം, വെണ്‍മണി സ്മാരക പുരസ്‌കാരം, ബിനോയി ചാത്തുരുത്തി സ്മാരക ക്യാമ്പസ് കവിതാപുരസ്‌കാരം, അങ്കണം പുരസ്‌കാരം, ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അനുജ അകത്തൂട്ടിന്റെ പൊതുവാക്യസമ്മേളനം, അരോമയുടെ വസ്ത്രങ്ങള്‍ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.