DCBOOKS
Malayalam News Literature Website

വയല്‍ക്കിളികള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കി സിപിഎം

കീഴാറ്റൂര്‍ വിഷയത്തില്‍ പ്രതിരോധത്തിലായ സി.പി.എം. വികസനകാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടു വിശദീകരിച്ച് തുറന്നകത്ത് പ്രസിദ്ധീകരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള കത്ത് മുഴുവന്‍ വീടുകളിലുമെത്തിച്ച് വയല്‍ക്കിളികള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കാനാണ് സി.പി.എം. നീക്കം. സമാധാനം, വികസനം എന്ന മുദ്രാവാക്യവുമായി, ബൈപാസ് നിര്‍മാണം, വയല്‍സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് വിശദീകരിക്കുന്ന മേഖലാ ജാഥകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ നാലു മുതല്‍ ഒന്‍പതു വരെയാണ് മേഖലജാഥകള്‍.

വയല്‍ക്കിളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന പേരില്‍ ഏപ്രില്‍ മൂന്നിന് ബി.ജെ.പി. സംഘടിപ്പിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിനു പിന്നാലെയാണ് സി.പി.എമ്മിന്റെ മേഖലജാഥകളും നടക്കുന്നത്. ഇത് കീഴാറ്റൂര്‍ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും വിജയംകണ്ടില്ലെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് സി.പി.എം. പുതിയ പദ്ധതികള്‍ സ്വീകരിച്ചതെന്നാണ് സൂചന.

ജനകീയ സമരത്തെ നേരിടാന്‍ സി.പി.എമ്മിനെപ്പോലെ സമരപാരമ്പര്യമുള്ള പാര്‍ട്ടിക്ക് നാടുകാവല്‍ സമരം നടത്തേണ്ടി വന്നത് വ്യാപകമായി ചര്‍ച്ചയായിരുന്നു. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി പരിസ്ഥിതിപ്രവര്‍ത്തകരടക്കം നിരവധിപേര്‍ കീഴാറ്റൂരില്‍ ഒഴുകിയെത്തിയപ്പോള്‍ പുറത്തുനിന്നാരെയും കയറ്റില്ലെന്ന സി.പി.എം. നിലപാടും അപ്രത്യക്ഷമാകുകയായിരുന്നു. വയല്‍ക്കിളകള്‍ക്കു പിന്തുണ പ്രഖ്യാപിച്ച 11 പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതിയ സി.പി.എമ്മിന് അവിടെയും പിഴച്ചു. വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി സി.പി.ഐ. എത്തിയതും വിഷയത്തിലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടും തിരിച്ചടിയായി. ഇതോടെയാണ് പുതിയ പ്രതിരോധ മാര്‍ഗങ്ങളിലേക്ക് സി.പി.എം. കടന്നതെന്നാണ് സൂചന. അതേസമയം കീഴാറ്റൂര്‍ ബൈപാസിനെതിരെ സമരം നടത്തുന്ന ബി.ജെ.പി, കാപട്യ രാഷ്ട്രീയം ഉപേക്ഷിച്ച് കണ്ണൂര്‍ ബൈപാസ് വയലിലൂടെ വേണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചു വിശദീകരിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ബൈപാസില്‍ 85 വീടുകള്‍ നഷ്ടപ്പെടുമെന്നും വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്‍മെന്റ് വേണമെന്നും പി.കെ. കൃഷ്ണദാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു വലിയന്നൂരില്‍ ബൈപാസ് വയലിലൂടെയാക്കാന്‍ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തില്‍ എടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.