ചെറുകഥകളിലെ കീഴാളമലയാളം
ജൂലൈ ലക്കം പച്ചക്കുതിരയില്‍
എം.ആര്‍. രേണുകുമാര്‍
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട ദലിത് കഥകളുടെ ഒരടരിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിവിധ കാഴ്ചപ്പാടിലും നിലവാരത്തിലും ഭാവുകത്വത്തിലും എഴുതപ്പെട്ട ഈ കഥകളിലൂടെ, മലയാളത്തിലെ ദലിത് കഥകളുടെ ഒരു പരിച്ഛേദത്തെ, അതിന്റെ ബഹുസ്വരതയെ പരമാവധി ഉള്‍പ്പെടുത്തി അവതരിപ്പിക്കാനാണ് ശ്രമം.
കേരളത്തിലെ ദലിതരുടെ സവിശേഷജീവിതം പൊതുകേരളത്തിന്റെയും ദലിത് സാഹിത്യം മലയാള സാഹിത്യത്തിന്റെയും ഭാഗമാണ്. തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെ പോയതുകൊണ്ടാണ് ദലിതര്‍ക്ക് അവരുടെ ജീവിതത്തിന്റയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത് വരേണ്ടിവന്നത്. മുഖ്യധാര പലപ്പോഴും അഭിപ്രായപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ അവര്‍ വിഭാഗീയമായി ഇടപെടുകയോ എഴുതുകയോ അല്ല ചെയ്യുന്നത്. മറിച്ച് എഴുതപ്പെടാതെപോയ തങ്ങളുടെ ജീവിതവും പ്രാതിനിധ്യവും ചരിത്രത്തില്‍ അടയാളപ്പെടുത്തി സാമൂഹ്യ ഇടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്. പാരമ്പര്യേതരമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടെ സ്വന്തം ഭൂതകാലത്തെ വീണ്ടെടുക്കുകയും വര്‍ത്തമാനത്തെ നിര്‍ണ്ണയിക്കുകയുമാണ്.
സവിശേഷമായ സാമൂഹ്യാനുഭവത്തിന്റെ ചരിത്രപരമായ കാരണങ്ങളെ തിരിച്ചറിഞ്ഞും സ്വതന്ത്രമായി വിലയിരുത്തിയും, വ്യതിരിക്ത സാമൂഹിക-രാഷ്ട്രീയ അവബോധത്തോടെയും ആത്മാഭിമാനത്തോടെയും തനിമകളോടെയും ദലിതര്‍ തങ്ങളുടെ ജീവിതത്തെയും സാഹിത്യത്തെയും ചേര്‍ത്തുപിടിക്കുന്നു. ഒപ്പം വിവിധങ്ങളായ വേര്‍തിരിവുകളും പക്ഷാഭേദങ്ങളും അടിച്ചമര്‍ത്തലുകളും ഹിംസകളും നിലനില്‍ക്കുന്ന വരേണ്യജീവിതത്തെയും സാഹിത്യത്തെയും ജനാധിപത്യവല്‍ക്കരിക്കാനും നൈതികവല്‍ക്കരിക്കാനും ശ്രമിക്കുന്നു. കാലാകാലങ്ങളായി അധീശവര്‍ഗം കൈയ്യാളിയും നിയന്ത്രിച്ചും വരുന്ന കേരളീയപൊതുമണ്ഡലത്തെയും മലയാളസാഹിത്യത്തെയും സാമൂഹികനീതിയുടെയും തുല്യതയുടെയും സങ്കല്‍പ്പങ്ങളാലും, വേറിട്ട സൗന്ദര്യശാസ്ത്ര കാഴ്ചപ്പാടുകളാലും ദലിത് ഇടപെടലുകള്‍ ഗുണപരമായി അപനിര്‍മ്മിച്ചു, സര്‍ഗാത്മകമായി വികസിപ്പിക്കുകയും ചെയ്തു. ഈയൊരു ബോധ്യത്തിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട ദലിത് കഥകളുടെ ഒരടരിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിവിധ കാഴ്ചപ്പാടിലും നിലവാരത്തിലും ഭാവുകത്വത്തിലും എഴുതപ്പെട്ട ഈ കഥകളിലൂടെ, മലയാളത്തിലെ ദലിത് കഥകളുടെ ഒരു പരിച്ഛേദത്തെ, അതിന്റെ ബഹുസ്വരതയെ പരമാവധി ഉള്‍പ്പെടുത്തി അവതരിപ്പിക്കാനാണ് ശ്രമം. ആധുനികപൂര്‍വമലയാളസാഹിത്യത്തിലെ പ്രധാനികളില്‍ ഒരാളും, ദലിത് കഥയുടെ ‘കുലപതി’യുമായ ടി.കെ.സി. വടുതല മുതല്‍ പുതിയ തലമുറയിലെ കാവ്യ അയ്യപ്പന്‍ വരെയുള്ളവരുടെ കഥകള്‍ ഈ ലേഖനത്തില്‍ പരാമര്‍ശവിധേയമാകുന്നു.
രണ്ട്
തൊഴിലും പണിയിടങ്ങളും അവയുമായി ബന്ധപ്പെട്ട ചൂഷണങ്ങളും സമാനതകളില്ലാത്ത അനുഭവങ്ങളും ദലിത് കഥകളുടെ പശ്ചാത്തലമാകുന്നത് സ്വാഭാവികമാണ്. കാലാനുസൃതമായ മാറ്റമുണ്ടാകാമെങ്കിലും ഭൂരിഭാഗം ദലിതരുടെയും ജീവിതം ഏറിയോ കുറഞ്ഞോ അളവില്‍, നെല്‍ക്കൃഷി മുഖ്യമായിവരുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പട്ടാണ് കിടക്കുന്നത്. ‘രണ്ടുതലമുറ’ ഉള്‍പ്പെടെ ടി.കെ.സി. യുടെ നല്ലൊരു ശതമാനം കഥകളും സൂചിതഭൂമികയെ അനാവരണം ചെയ്യുന്നവയാണ്. സവര്‍ണാധിപത്യത്തിനും മാടമ്പിത്തത്തിനും കീഴില്‍ ദലിതര്‍ കാര്‍ഷിക അടിമകളും ആശ്രിതതൊഴില്‍ വിഭാഗവുമായിരുന്ന ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രമാണ് ടി.കെ.സി.യുടെ ‘രണ്ടുതലമുറ’ എന്ന കഥ. ദലിതരുടെ സവിശേഷമായ സാമൂഹ്യാനുഭവത്തെ പച്ചയായി ചിത്രീകരിക്കുമ്പോള്‍തന്നെ കാളി, നീലി എന്നീ കഥാപാത്രങ്ങളിലൂടെ ദലിത് പെണ്മയുടെ ഉശിരും ചെറുത്തുനില്‍പ്പും ടി.കെ.സി. ഈ കഥയില്‍ അനന്യമായി അടയാളപ്പെടുത്തുന്നു. കാളി ദലിത് പുരുഷനെ കായികമികവില്‍ തറപറ്റിക്കുമ്പോള്‍, കാളിയുടെ മകളായ നീലി കൈയേറ്റത്തിന് മുതിര്‍ന്ന മാടമ്പിയുടെ കഴുത്തിനുനേരെ അരിവാള് വീശി ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു. ലോക ചെറുകഥാമത്സരത്തില്‍ ടി.കെ.സി. ക്ക് നാലാം സ്ഥാനം നേടിക്കൊടുത്ത കഥയാണ് രണ്ടുതലമുറ.
പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
എം.ആര്‍. രേണുകുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.