മലയാളകവിതയുടെ സൗന്ദര്യമാവാഹിച്ച് ഷാര്‍ജയിലെ ‘കാവ്യസന്ധ്യ’
കൈരളിയുടെ കാല്‍ച്ചിലമ്പൊലി മുഴങ്ങിയ ‘കാവ്യസന്ധ്യ’യ്ക്ക് 38-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേള സാക്ഷിയായി. മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും അനിത തമ്പിയും വീരന്‍കുട്ടിയും തങ്ങളുടെ കവിതകളുമായി സദസ്സിനോട് സംവദിച്ചു. എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമിലായിരുന്നു രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കാവ്യസന്ധ്യ.
തങ്ങളുടെ മുന്‍പേ നടന്നവര്‍ എല്ലാം എഴുതിക്കഴിഞ്ഞിരുന്നെന്നും, അവര്‍ എഴുതാതെ വിട്ട പുഴുക്കളേയും മണ്ണിരകളേയും ഒക്കെ കുറിച്ച് കവിതകളെഴുതിയാണ് കഴിഞ്ഞ 25 വര്‍ഷക്കാലമായി മലയാളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള കവികള്‍ തങ്ങളുടെ എഴുത്ത് തുടരുന്നതെന്നും കാവ്യസന്ധ്യയില്‍ തന്റെ കവിതകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വീരാന്‍കുട്ടി പറഞ്ഞു. ‘ആശുപത്രിക്ക് മുന്നിലെ നടപ്പാതയില്‍’ എന്ന ഒറ്റവാചകക്കവിതയും, സ്വന്തം മാതാവിനെ കുറിച്ചുള്ള ‘കുടുക്ക’, ‘ഉമ്മാരം’ എന്നീ കവിതകളും ‘പൂത്തപടി’ എന്ന കവിതയും പ്രാരംഭമായി വീരാന്‍കുട്ടി അവതരിപ്പിച്ചു.
കാവ്യസന്ധ്യയില്‍ സദസ്സിനോട് സംവദിച്ച അനിത തമ്പി, കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളം ഏറ്റവും കൂടുതല്‍ ഉച്ചരിച്ച വാക്ക് ‘പ്രവാസി’ എന്നതാണെന്ന് പറഞ്ഞു. മലയാളികളുടെ വിയര്‍പ്പ് ഏറ്റവും ഒഴുകിയ മണ്ണ് ഈ പ്രവാസഭൂമിയാണെന്ന് പറഞ്ഞ അനിത തമ്പി, വാക്കുകളെ ഏറ്റവും ജാഗ്രതയോടെ സ്വീകരിക്കുന്ന പ്രവാസസദസ്സിന്റെ മുന്നില്‍ കവിതകള്‍ അവതരിപ്പിക്കാന്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.
മറ്റ് ഭാഷകളെ ഉള്‍ക്കൊള്ളാനുള്ള മലയാളത്തിന്റെ കഴിവ് അന്യാദൃശമാണെന്ന് പറഞ്ഞ അനിത തമ്പി, വര്‍ഗ്ഗീയതയും വലതുപക്ഷരാഷ്ട്രീയവും അസഹിഷ്ണുതയും അരങ്ങുതകര്‍ക്കുന്ന വേളയില്‍, ഭാഷയുടെ ശരിയായ പ്രയോഗം കൊണ്ടുവേണം, അനീതികളെ എതിര്‍ക്കാനെന്ന് അഭിപ്രായപ്പെട്ടു. ആശയങ്ങള്‍ക്ക് ഇണങ്ങുന്ന വിധം ഭാഷയെ മാറ്റിത്തീര്‍ക്കാതെ രാജ്യത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയില്ലെന്ന് അനിത തമ്പി പറഞ്ഞു. എഴുത്ത്, മുറ്റമടിക്കുമ്പോള്‍, കായ്ച്ചപടി, മുടി മുറിച്ചവള്‍, പ്രേതം എന്നീ കവിതകളാണ് ആമുഖമായി അനിത തമ്പി ചൊല്ലിയത്.
പ്രണയിച്ചുതീരാത്ത കവിയുടെ കാമുകിയാണ് മഴയെന്ന് മഴയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ തന്റെ സംഭാഷണം ആരംഭിച്ചത്. അമ്മയാണ് അച്ഛനെ കാട്ടിത്തരുന്നതെന്ന് പറഞ്ഞ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നാനൂറ്റമ്പത് രൂപയും, തന്റെ അമ്മയും മുത്തശ്ശിയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തേയും കൈയ്യിലേല്‍പ്പിച്ചാണ് ഒരു തുലാം പത്തിന് പിതാവായ വയലാര്‍ രാമവര്‍മ്മ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോയതെന്ന് അദ്ദേഹം അനുസ്മരിച്ചു.വയലാറിന്റെ പുത്രന്‍ എന്ന പരിലാളന തനിക്ക് മലയാളികളില്‍ നിന്ന് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പറഞ്ഞു. അമ്മയെ കുറിച്ചുള്ള കവിതയാണ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വേദിയില്‍ ആദ്യം ചൊല്ലിയത്.
ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍,ഡി സി ബുക്സ് സി.ഇ.ഒ. രവി ഡി സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. റേഡിയോ അവതാരക ഐശ്വര്യയാണ് കാവ്യസന്ധ്യയില്‍ മോഡറേറ്ററായത്.
Comments are closed.