കവിത, കവിതയല്ലാതാകുന്ന കാലത്താണ് നാം ജീവിക്കുന്നത്: എം. എം ബഷീര്‍
കവിത, കവിതയല്ലാതാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടന്നു വരുന്ന കേരള സാഹിത്യോത്സവത്തിന്റെ അക്ഷരം വേദിയില്‍ നടന്ന ‘കാവ്യ പാരമ്പര്യവും പരമ്പരാഗതകവിതയും’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ എം. എം. ബഷീര്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ കെ. സച്ചിദാനന്ദന്‍, പി. രാമന്‍, പി. എന്‍. ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. പൂന്താനം ഇന്നും ജീവിക്കുന്നുണ്ട്. അദ്ദേഹം സമകാലീനപ്രസക്തമാവുന്നത് എങ്ങനെയാണെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. കവിതാപാരമ്പര്യം എന്നത് ഒരു കാലഘട്ടത്തില്‍ തളച്ചിടപ്പെട്ട ഒന്നല്ല. പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുകയും പുതിയ ഭാവുകത്വം നമ്മുടെ കവിതകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന ഒരു കവിയായിരുന്നു മാധവന്‍ അയ്യപ്പത്ത. അദ്ദേഹത്തെ നാം മറക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തെ പഠന വിധേയമാക്കണമെന്നും, മലയാള കവിതാപാരമ്പര്യം നിരാകരിച്ചാണ് പുതിയ കവികള്‍ കവിത രചിക്കുന്നത് എന്നും സംസാരത്തിന്റെ ഭാഗമായി അദ്ദേഹം ഓര്‍മപ്പെടുത്തി.
എഴുത്തച്ഛന്റെയോ ആശാന്റെയോ രൂപത്തിലല്ല താന്‍ കവിതയെഴുതുന്നത് എന്നും എന്നാല്‍ അവരില്ലായിരുന്നെങ്കില്‍ താന്‍ ഉണ്ടാകുമായിരുന്നില്ല എന്നും കെ. സച്ചിദാനന്ദന്‍ പറഞ്ഞു. എല്ലാ കവിതയിലും എല്ലാ തലമുറയോടും സംസാരിക്കുന്ന എന്തോ ഒരു ശബ്ദമുണ്ടെന്നും. മലയാള, ഇന്ത്യന്‍, ലോക കവിത പാരമ്പര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ പുതിയ കാലകവികളുടെ കവിതകളെ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത കവി പി. രാമന്റെ അഭിപ്രായത്തില്‍ മലയാളകവിത ചരിത്രം എടുത്തു നോക്കിയാല്‍ അതില്‍ പാരമ്പര്യമല്ല പാരമ്പര്യങ്ങളാണ് എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മലയാള കവിതകളുടെ വേരുകള്‍ പോകുന്നത് സംസ്‌കൃതത്തിനുമപ്പുറം സംഘകാല കവിതകളിലേക്കാണ്. മുഖ്യധാരാ പാരമ്പര്യത്തിനപ്പുറം സംഘകാല പാരമ്പര്യം പോലുള്ള പ്രാചീന പാരമ്പര്യങ്ങള്‍ക്കും കവികള്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഹാസ്യസാഹിത്യകാരന്‍ എന്ന് മുദ്രവെക്കപ്പെട്ട സഞ്ജയന്റെ കവിതകള്‍ ഇന്ന് പ്രസക്തണ്. ഹാസ്യകവിത എന്ന ഒരു പരികല്പന അവയ്ക്ക് ഇന്നില്ല എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ടി. അനില്‍കുമാര്‍ എന്ന പുതിയകാല കവി സംഘകാല പാരമ്പര്യം പിന്തുടരുന്നു എന്നുള്ളത് പ്രശംസാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കവിതകള്‍ പുതുക്കപ്പെട്ടു എന്നും ഇന്നലത്തെ കവിതകളെ ഊര്‍ജ്ജമായി സ്വീകരിക്കുകയാണ് വേണ്ടത് എന്നും ചര്‍ച്ചയുടെ ഭാഗമായി പി. എം. ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു.
Comments are closed.