കവിതാ ലങ്കേഷ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെത്തുന്നു
ഇന്ത്യന്‍ സിനിമാ സംവിധായക, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തയായ കവിതാ ലങ്കേഷ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ സാന്നിദ്ധ്യമറിയിക്കും. മാധ്യമപ്രസാധകരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗമായ കവിത കന്നഡ സിനിമാ വ്യവസായത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായ പി. ലങ്കേഷ് പിതാവാണ്. വളരെ പ്രസിദ്ധമായ ‘ലങ്കേഷ് പത്രികെ’ എന്ന പ്രതിവാര ടാബ്ലോയ്ഡിന്റെ സ്ഥാപകനുമാണ് പി. ലങ്കേഷ്. അജ്ഞാതരുടെ വെടിയേറ്റു മരിച്ച ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന ഗൗരി ലങ്കേഷ് സഹോദരിയാണ്. കന്നഡ, തെലുഗു, ഹിന്ദി സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് കവിതയുടെ സഹോദരനാണ്.
ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ കോഴിക്കോട് തുടക്കംകുറിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 8,9,10,11 തീയ്യതികളിലായാണ് നടക്കുന്നത്. ലോകത്ത് സമ്പന്നമായ സാഹിത്യപാരമ്പര്യമുള്ള അയര്‍ലന്റാണ് സാഹിത്യോത്സവത്തില്‍ അഥിതി രാജ്യമായി എത്തുന്നത്. സാഹിത്യവിഷയങ്ങളോടൊപ്പം സാമൂഹിക വിഷയങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ മറ്റ് സാഹിത്യോത്സവങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
Comments are closed.