DCBOOKS
Malayalam News Literature Website

ചിത്രകാരന്റെ മൃതദേഹത്തോട് അനാദരവ്;  ലളിതകലാ അക്കാദമി ഭരണസമിതി അംഗം കവിതാ ബാലകൃഷ്ണന്‍ രാജിവച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് ലളിതകലാ അക്കാദമി ചെയ്തത് നീതികരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നാരോപിച്ച് അക്കാദമി ഭരണസമിതി അംഗമായ കവിതാ ബാലകൃഷ്ണന്‍ അംഗത്വം രാജിവച്ചു. എല്ലാവര്‍ക്കും നീതികിട്ടുന്ന പൊതുവിടത്തിനായുള്ള സമരം ചെയ്യേണ്ട ഇടത്പക്ഷ സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതിക്ക് അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അതിന് സംഘപരിവാര്‍ ശക്തികളുടെ അനുമതി തേടേണ്ടി വരുന്ന അസ്ഥയുണ്ടായെന്നും ഇതിനായി സംഘപരിവാറുമായി സന്ധിച്ചെയ്യേണ്ടി വന്നുവെന്നും കവിതാ ബാലകൃഷ്ണന്‍ രാജി കത്തില്‍ സൂചിപ്പിക്കുന്നു.

നേരായ മാര്‍ഗത്തിലൂടെയല്ലാതെ മൃതദേഹം കൊണ്ടുപോയ അക്കാദമി മരണാനന്തരം അശാന്തനെ അക്ഷരാര്‍ത്ഥത്തില്‍ അപമാനിച്ചുവെന്നും കവിത ആരോപിക്കുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രതിരോധം ഈ നാട്ടില്‍ ദുര്‍ബലമാകുന്നുവെന്ന വളരെ തെറ്റായ അടയാളം ഇത് സമൂഹത്തില്‍ വിക്ഷേപിച്ചു കഴിഞ്ഞു. അക്കാദമി ഇക്കാര്യത്തില്‍ മതേതര ജനാധിപത്യ രാഷ്ട്രീയബോധമുള്ള പൊതുജനത്തോട് മാപ്പ് പറയേണ്ട അവസ്ഥയുണ്ട്. ഒരു കലാകാരി എന്ന നിലയിലും കലാചരിത്ര ഗവേഷകയും എഴുത്തുകാരിയുമെന്ന നിലയിലും അക്കാദമിയുമായി അതിന്റെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും സഹകരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെന്നും കവിത രാജിക്കത്തില്‍ പറയുന്നു.

പക്ഷേ ഈ കമ്മിറ്റിയില്‍ തുടരാന്‍ പ്രയാസമുണ്ട്. അക്കാദമി ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി ഒരു തരത്തിലും രാഷ്ട്രീയമായി യോജിക്കാനാകാതെ വരികയും, ഇത് ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് നിയോഗിച്ച എക്‌സിക്യുട്ടീവ് മെമ്പര്‍ക്ക് ന്യായീകരിക്കാവുന്ന തീരുമാനമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ഭാവിയിലും ഇത്തരം അവസ്ഥയില്‍ ഈ കമ്മിറ്റിയില്‍ ഉത്തരവാദിത്തത്തോടെയും ഉറപ്പോടെയും വിശ്വാസത്തോടെയും തുടരാനാകില്ലെന്നും ഇങ്ങനെയൊരു സാഹചര്യമുണ്ടായതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും കവിതാ ബാലകൃഷ്ണന്‍ രാജിക്കത്തില്‍ പറയുന്നു.

 

Comments are closed.