‘കാട്ടൂർ കടവ്’; മനുഷ്യനും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന നോവൽ
അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിന് മനോഹരൻ വി പേരകം എഴുതിയ വായനാനുഭവം
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള രാഷ്ട്രീയ നോവലുകളിൽ എന്തുകൊണ്ടും നല്ല നോവലായാണ് ഞാൻ കാട്ടൂർ കടവിനെ കാണുന്നത്. ഉണ്ടായതിൽ പ്രധാനപ്പെട്ട നോവലുകൾ സംഭവങ്ങളിലധിഷ്ഠിതമാവുമ്പോൾ കാട്ടൂർ കടവ് വ്യക്തികളേയും പ്രസ്ഥാനത്തിനേയും വിചാരണ ചെയ്യുന്നതിനോടൊപ്പം അതിന്റെ ചരിത്രത്തേയും ജീവിതത്തേയുമാണ് നോവലായെഴുതുന്നത്.
കണ്ടൻ കുട്ടിയാശാൻ, മകൾ മീനാക്ഷിയുടെ മകനിടുന്ന പേര് ദിമിത്രിയെന്നാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ആ പേരുകാരൻ പിന്നീട് ഒരു കൈക്കൂലിക്കേസിൽ പ്രതിയാകുകയാണ്, അപചയപ്പെടുകയാണ്! നമ്മുടെ സർക്കാരാപ്പീസുകളിലെ ക്കൈക്കൂലിവൃത്തങ്ങളെ കണക്കിന് കളിയാക്കുന്ന സന്ദർഭങ്ങൾ ഈ നോവലിലുണ്ട്. പണ്ടൊരിക്കൽ ചെമ്മനം ആളില്ലാക്കസേരകൾ എഴുതിയതും ഇപ്പോൾ അശോകൻ, സർക്കാരാപ്പീസുകളിലെ അഭ്യസ്തവിദ്യരുടെ ആർത്തിയെക്കുറിച്ച് എഴുതുന്നതും എഴുത്തിന്റേയും കലയുടേയും ദൗത്യം തന്നെയാണ്.
ഈയിടെയായി ധാരാളം നോവലുകൾ ഇറങ്ങുന്നുണ്ട്. ചരിത്രം മാറ്റിയെഴുതിയും കഥ പറഞ്ഞും അനുഭവിപ്പിച്ചും അതിനുള്ളിൽ രാഷ്ടീയം സ്പർശിച്ചും കഥ പറഞ്ഞുപോകുന്ന രീതീയിൽ നിന്നും വ്യത്യസ്തമായാണ് കാട്ടൂർ കടവ് എന്ന നോവലിന്റെ ആഖ്യാനം! ഈ നോവലിൽ മനുഷ്യനും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവും എല്ലാം തന്നെയും വിചാരണ ചെയ്യപ്പെടുന്നു.
നോവലിലെ കമ്മ്യൂണിസ്റ്റായ ചന്ദ്രശേഖരനും മരിക്കാൻ നേരം ദിമിത്രിയുടെ വിചാരണ നേരിടുന്നുണ്ട്. മകൻ വാങ്ങിക്കൊണ്ടുവന്ന ചാരായം ഒരിറക്കിറക്കിയതിനു ശേഷം അയാൾ മകന്റെ തലയിൽ കൈയ് വെച്ച് പറയുന്നുണ്ട്. “നീ എന്നെ അച്ഛാ എന്നൊന്ന് വിളിക്കൂ.” അവനപ്പോൾ അച്ഛന്റെ ചെവിയോട് മുഖമടുപ്പിച്ചു. “വേഗം ചാവടാ പട്ടീ, ” എന്നാണ് പറഞ്ഞതെന്നുമാത്രം. അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു മകൻ അനുഭവിച്ച അവഹേളനങ്ങൾക്കും അരക്ഷതക്കുമൊക്കെ അങ്ങനെയല്ലാതെ മറ്റൊരു മറുപടിയില്ല.അന്ന് സന്ധ്യക്കാണ് പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ മരിക്കുന്നത്. സംഘർഷത്തിന്റേയും സങ്കടങ്ങളുടേയും നിരവധി മുന്തിയ സന്ദർഭങ്ങൾ ഈ നോവലിൽ വായിച്ചനുഭവിക്കാം.
കാട്ടൂർ കടവിൽ ജീവിതം മതിയായവരുടെ അത്താണിയാണ് ചത്രാപ്പ്. ചത്രാപ്പ് വറ്റ്യാൽ അവടത്തെ പ്രേതങ്ങളൊക്കെ എങ്ങട്ട് പൂവുമന്ന് കുഞ്ഞു മെയ്തീൻ ചോദിക്കുന്നുണ്ട്. “പ്രേതങ്ങളല്ല, പ്രേതാത്മാക്കളാണ്. ആത്മാക്കൾക്ക് രൂപല്യ . അത് പ്രകൃതിയിൽ ലയിക്ക്യാണ്. അതിന് വെള്ളത്തിന്റെ ആവശ്യല്ല.” എന്നാണ് സംഗമേശൻ നായരുടെ വിശദീകരണം.
അറുപത്തിനാലിലെ പിളർപ്പിനുശേഷം പാർട്ടിയാപ്പീസിലേക്ക് കാണാറില്ലല്ലോയെന്ന് ചോദിക്കുമ്പോൾ ,
കണ്ടൻ കുട്ടിയാശാൻ തിരിച്ചു ചോദിക്കുന്നത് ഞാൻ ഏതാപ്പീസിലേക്കാണ് വരണ്ടതെന്നാണ്. പ്രസ്ഥാനപ്പിളർപ്പ് അംഗീകരിക്കാനാവാത്തവരുടെ പ്രതിനിധിയാണ് അയാൾ. പ്രസ്ഥാനചരിത്രവും വ്യക്തിചരിത്രവും പരസ്പരം ഇഴുകി ഒരു ദേശത്തിന്റെ സമ്പൂർണ്ണാഖ്യാനമായി ഉരുവപ്പെട്ടതിന്റെ ദൃഷ്ടന്തമാണ് കാട്ടൂർ കടവ്.
ഒരു കാലത്ത് (87 ലോ മറ്റോ) ടി.പത്മനാഭൻ , കാരൂർ പ്രസംഗത്തിൽ എഴുത്തുകാരന്റെ ടൂളാണ് ഭാഷയെന്നും ചെറുപ്പക്കാർ ഭാഷയിൽ ശ്രദ്ധിക്കണമെന്നും പറഞ്ഞപ്പോൾ ആ പ്രസ്താവത്തിനെതിരെ എഴുത്തുകാരും നിരൂപകരും നിരന്തരം കലാകൗമുദിയിലെഴുതിയിരുന്നു. ആ ഓരോ ലക്കങ്ങൾക്കുമായി കാത്തിരുന്നിട്ടുണ്ട്. അന്നത്തെ ചെറുപ്പക്കാർ കഥയിൽ നന്നായി ശ്രദ്ധിക്കുകയും നോവലിന്റെ ഇടം ഒഴിവാക്കിയിടുകയുമാണ് ചെയ്തതെന്ന് തോന്നുന്നു. എൻ.പ്രഭാകരനേയും ടി.വി.കൊച്ചുബാവയേയും കെ.പി.രാമനുണ്ണിയേയും മറക്കുന്നില്ലെങ്കിലുംഅക്കൂട്ടത്തിലെ മികച്ചൊരു എഴുത്തുകാരന്റെ സമ്പൂർണ്ണാഖ്യാനം വായിക്കുമ്പോൾ ആഹ്ളാദമല്ലാതെന്ത്!
Comments are closed.