‘കാട്ടൂര്‍ കടവ് ; സവിശേഷമായ ഒരുതരം ദേശമെഴുത്ത്
അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിന് സി.പി. അബൂബക്കർ എഴുതിയ വായനാനുഭവം
കാട്ടൂര്‍ കടവ് വായിച്ച് കഴിഞ്ഞിട്ട് ഒരാഴ്ചയോളമായിരിക്കുന്നു. സവിശേഷമായ ഒരുതരം ദേശമെഴുത്താണ് ഈ നോവല്‍. അശോകന്‍ ചരുവില്‍ കാട്ടൂരിന്റെ കാര്യത്തില്‍ obsessed ആണെന്ന് മുമ്പേ തോന്നിയിരുന്നു. സത്യത്തില്‍ സമീപജീവിതത്തില്‍ നിന്നുവേണമല്ലോ രചനയുടെ അസംസ്‌കൃതവസ്തുക്കള്‍ ചേറിയെടുക്കാന്‍. ഈ കൃതിയിലൊരു വ്യത്യാസമുള്ളത് ഒന്നും ചേറിയെടുക്കാതെ അനുഭവങ്ങളെ, ചരിത്രത്തെ, സംഭവങ്ങളെ അതേപടി സ്വീകരിച്ചിരിക്കുന്നുവെന്നതാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെയൊക്കെ എത്ര ജീവിതഗന്ധിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മീനാക്ഷി, ദിമിത്രി, ചക്രപാണിവാര്യര്‍, ചന്ദ്രശേഖരന്‍ അങ്ങനെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു. വല്യമ്മയെന്ന കഥാപാത്രത്തെ ഞാന്‍ സവിശേഷമായി ഇഷ്ടപ്പെടുന്നു. ഡി കാട്ടുകടവെന്നപേരില്‍ കെ എന്നകവിയുടെ പോസ്റ്റുകള്‍ക്ക് കമന്റിടുന്ന ദിമിത്രിയെയും ഇഷ്ടപ്പെടുന്നു. അയാളില്‍പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വ്വതം നമ്മെ അസ്വസ്ഥരാക്കുന്നു. കറുപ്പയ്യസ്വാമിയിലൂടെ കേരളീയ നവോത്ഥാനത്തിലേക്ക് ഒഴുകുന്നുമുണ്ട് ഈ കൃതി.
രാഷ്ട്രീയപ്രതിബദ്ധതയുള്ളപ്പോഴും ഇതരവിശ്വാസങ്ങളെയും ചിന്താധാരകളെയും ആദരിക്കുന്നുവെന്ന സവിശേഷതയുമുണ്ട് ഈ കൃതിക്ക്. സോഷ്യല്‍ മീഡിയക്കാലത്തെ രചനയാണെന്നും ഈ നോവലിനെ വീക്ഷിക്കാം.
Comments are closed.