DCBOOKS
Malayalam News Literature Website

‘കാട്ടൂർ കടവ്’ ; മലയാളത്തിലെ തന്നെ മികച്ച രാഷ്ട്രീയ കൃതി

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിന്  വി.കെ.ജോസഫ്  എഴുതിയ വായനാനുഭവം 

‘ശരിയായ ചരിത്രബോധം, പ്രതിസന്ധിയുടെ നിമിഷത്തിൽ മനസ്സിൽ മിന്നിമറയുന്ന ഒരു ഓർമ്മയെ കയ്യെത്തിപ്പിടിക്കലാണ്’ എന്നത് വാൾട്ടർ ബഞ്ചമിന്റെ വിഖ്യാതമായ വാചകമാണ്. ഈ വർഷത്തെ എന്റെ ഏറ്റവും മികച്ച വായനാനുഭവങ്ങളിൽ ഒന്നാണീ കൃതി.

അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്’ എന്ന നോവൽ ഓർമ്മകളെ കയ്യെത്തിപ്പിടിക്കുകയും അതിനെ വിചാരണ ചെയ്യുകയും ചെയ്തു കൊണ്ടാണ് നമ്മുടെ മുമ്പിൽ എഴുതപ്പെടുന്നത്. കെ എന്ന എഴുത്തുകാരനിലൂടെയും ദിമിത്രി എന്ന റിക്കാർഡ് ഓഫീസ് ജീവനക്കാരനിലൂടെയും അശോകൻ ചരുവിൽ എന്ന എഴുത്തുകാരൻ ഭൂതകാലത്തിലൂടെയും വർത്തമാന കാലത്തിലൂടെയും സഞ്ചരിച്ചു കൊണ്ട് ഒരു ദേശത്തിന്റെ രാഷ്ട്രീയ ചരിത്രമെഴുതുകയും സ്വയം വിചാരണ ചെയ്യുകയും ചെയ്യുന്നത് ഈ നോവലിന്റെ സവിശേഷതയാണ്. പ്രത്യക്ഷത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂർണ്ണമായി സ്നേഹിക്കുകയും ന്യായീകരിക്കുകയും ചെയ്യുമ്പോൾ തന്നെ പ്രസ്ഥാനം നടന്നു തീർത്ത വഴികളിലെ കാണാക്കുഴികളെ ക്കുറിച്ചും പരാജയപ്പെട്ട സ്വപ്നങ്ങളെക്കുറിച്ചും വേദനയോടെയും സ്വയം പരിഹാസത്തോടെയും വിമർശനത്തോടെയും പറയുന്നു എന്നുള്ളത് ഈ നോവലിനെ കമ്യൂണിസ്റ്റ് വിരുദ്ധ രചനകളുടെ ഗൂഢതന്ത്രങ്ങളിൽ നിന്ന് വഴി പിരിഞ്ഞു പോകുന്ന വ്യത്യസ്തമായ രചനയാക്കുന്നുണ്ട് താനും.

‘കാട്ടൂർ കടവ്’ എന്ന നോവൽ എഴുത്തുകാരന്റെ കൈ പൊള്ളുന്ന, ഹൃദയമെരിയുന്ന അന്തർയാത്രകളാണ്. അപ്പോൾ വായനക്കാരും ആ യാത്രകളുടെ നീറ്റലും പൊളളലുകളും അനുഭവിക്കും. കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും പലതരം കാരണങ്ങൾ കൊണ്ട് സാമാന്യബോധ നിർമ്മിതിയുടെ ചങ്ങലകളിൽ കുരുങ്ങി വേദനാകരമായ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചാണ് കേരളസമൂഹം ജീവിക്കുന്നത്. അങ്ങനെ മറയ്ക്കപ്പെടുന്ന ഒന്ന് ജാതിയാണ്.. അങ്ങനെ മറയ്ക്കപ്പെട്ട ജാതിയടക്കമുള്ള ചില യാഥാർത്ഥ്യങ്ങളെ ഈ നോവൽ Textഓർമ്മിപ്പിക്കുന്നുണ്ട്. അദൃശ്യമായിരുന്നു കൊണ്ട് തന്നെ ശക്തമായ സാന്നിധ്യമായി നിലനിൽക്കുന്ന ജാതിവ്യവസ്ഥ ഉയർത്തുന്ന മാരക വിപത്തുകളെ ഉൾക്കൊള്ളുന്നതിലും അഭിസംബോധന ചെയ്യുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടത്ര കഴിയാതെ പോയെന്ന ഒരു വിമർശനം ഈ നോവലിന്റെ അടിസ്ഥാനശിലയായി നിൽക്കുന്നുണ്ട്.

അപ്പോഴും കാലുകൾ വിണ്ടുകീറി , ചോരയും വിയർപ്പുമൊഴുക്കി , അപമാനങ്ങളുടെയും ക്രൂരമർദ്ദനങ്ങളുടെയും വേദന വിഴുങ്ങി, തോറ്റും ജയിച്ചും ഭാവിയിലേക്ക് നടന്നു പോയ കമ്യൂണിസ്റ്റ് മനുഷ്യരുടെ വൈകാരികഭൂപടമായും ദേശചരിത്രത്തിന്റെ രാഷ്ട്രീയ ഭൂപടമായും ‘കാട്ടൂർ കടവ്’ നമ്മുടെ മുമ്പിൽ നിവർന്നു കിടക്കുകയാണ്. അപ്പോൾ ‘കാട്ടൂർ കടവ്’ കേരളത്തിന്റെ ദേശചരിത്രവും വിമർശനവും ആകുകയാണ്. മറ്റൊരു തരത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മനുഷ്യചരിത്രവുമാകും. നവോത്ഥാന മുന്നേററങ്ങളിലൂടെയും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിലൂടെയും ജാതിബോധമില്ലാതായെന്ന് വെറുതെ വിശ്വസിച്ച് ആശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ ജാതി എല്ലാ മനുഷ്യരുടെ ഉള്ളിലും ഒളിച്ചു താമസിക്കുകയാണെന്ന് വർത്തമാന കാലം കൂടുതൽ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇത് പൊടുന്നനെ ഉണ്ടായതാണെന്നു കരുതുന്നവർക്കുള്ള മറുപടിയായി പണ്ടേ ഇതിവിടെ രഹസ്യമായി പാർത്തിരുന്നു എന്ന് കമ്യൂണിസ്റ്റുകാരനും കവിയും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ കറുപ്പയ്യസ്വാമിയുടെ കുടുംബക്കാരനുമായ പുല്ലാനിക്കാട്ടെ ചന്ദ്രശേഖരനും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും വേലൻ കണ്ടൻകുട്ടിയാശാന്റെ മകളുമായ മീനാക്ഷിയും തമ്മിലുളള പ്രണയവും വിവാഹവും വേർപിരിയലും സാക്ഷ്യപ്പെടുത്തുന്നു. ആ വലിയ വീട്ടിൽ നിന്നും, ഭർത്താവിൽ നിന്നും ജാതിയുടെ എല്ലാ അപമാനങ്ങളും സഹിച്ച് ഇറങ്ങിപ്പോയ മീനാക്ഷി അസാമാന്യ പോരാട്ടവീര്യമുള്ള സ്ത്രീ ആയിരുന്നു. ജാതിയുടെ ജന്മപീഢനങ്ങളും അപമാനവും സഹിച്ചാണ് അവരുടെ മകൻ ദിമിത്രി വളരുന്നത്.

ഒരേ സമയം വേലനായും പുല്ലാനിക്കാട്ടെ ഈഴവ സന്തതിയായും അപമാനിക്കപ്പെട്ടും അപഹസിക്കപ്പെട്ടും തമസ്കരിക്കപ്പെട്ടും ജീവിക്കേണ്ടി വന്ന ദിമിത്രി ഒരു തകർന്ന ജന്മമാണ്. ഒരു പക്ഷേ ദിമിത്രിയാണ് ഈ നോവലിന്റെ രാഷ്ട്രീയ സാംസ്കാരിക ഭൂപടത്തെ വരയ്ക്കുന്നത്.

കമ്യൂണിസ്റ്റുകാരിയുടെ മകനായും കമ്യൂണിസ്റ്റുകാരുടെ പേരക്കുട്ടിയായും ജനിച്ച ദിമിത്രി വിദ്യാഭ്യാസകാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. പക്ഷേ എങ്ങനെയാണ് അങ്ങനെ ഒരാൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറപ്പെട്ട് പോയി അപകർഷതാബോധത്തിന്റെ ഇരയായി ഏകനും ഒററപ്പെട്ടവനും കൈക്കൂലിക്കാരനും സമൂഹത്തോട് വെറുപ്പുള്ളവനും ആയിത്തീരുന്നതെന്ന ചോദ്യം വളരെ പ്രധാനമാണ്. ആരാണ് ദിമിത്രിയെ അങ്ങനെ ആക്കിയത്? പിതാവിന്റെയും ബന്ധുക്കളുടെയും വീടുകളിൽ അരക്ഷിതനും നിന്ദിതനും അവഗണിക്കപ്പെട്ടവനും ആയും അമ്മയിൽ നിന്നും മുത്തച്ഛനിൽ നിന്നും ദേശത്തിൽ നിന്നും പറിച്ചെറിയപ്പെട്ടവനായും ജീവിക്കേണ്ടി വന്ന ദിമിത്രി, പാർട്ടിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലാളനയും സംരക്ഷണവും നേടി വളർന്നു വന്ന കെ. ‘കാട്ടൂർ കടവ്’ എന്ന എഴുത്തുകാരന്റെ നിതാന്ത ശത്രുവായി മാറിയത് നോവലിന്റെ പ്രധാനപ്പെട്ട ഒരു വിമർശന പദ്ധതിയും ബിംബവുമാണ്.

ദിമിത്രിയുടെ അപചയത്തിന്റെ കാരണം നമ്മളിന്നും ഉള്ളിൽ താലോലിച്ചു സൂക്ഷിക്കുന്ന ജാതി ബോധമാണെന്നും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു പോലും അത് കൃത്യമായി അഭിസംബോധന ചെയ്യാനാവുന്നില്ലെന്നും പ്രസ്ഥാനത്തെ സ്നേഹിക്കുകയും പ്രസ്ഥാനത്തിനു വേണ്ടി പൊരുതുകയും ചെയ്യുന്ന എഴുത്തുകാരനടക്കം ബോധ്യമാവുന്നുണ്ട്. ഇങ്ങനെയുള്ള നിരവധി വൈരുദ്ധ്യങ്ങളുടെ ഇടയിൽ ഞെരിഞ്ഞമരുന്ന ജീവിതങ്ങളാണ് നമ്മുടേതെന്ന് നോവൽ അടിവരയിടുന്നുണ്ട്. ചരിത്രവും ജീവിതവും പുരണ്ട വാക്കുകളുടെ കൂടന്വേഷിച്ചു പോകുന്നവരാണ് എഴുത്തുകാർ. എഴുത്തുകാരന്റെ വാക്കുകൾ ക്രിയകളുടെയും ഭാവങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീകങ്ങളും ബിംബങ്ങളും കൊണ്ട് നിർമ്മിച്ച വെടിമരുന്നും മഴവില്ലും തിളയ്ക്കുന്ന സൂര്യനും അന്ധകാരത്തിന്റെ ഇടനാഴികളുമാണ്.

ഈ നോവൽ ചരിത്രവും രാഷ്ട്രീയവും കലർന്ന സാധാരണ ഭാഷാരീതിയുടെയും വാക്കുകളുടെയും അസാധാരണ പ്രയോഗങ്ങളിലൂടെയും ആഖ്യാനത്തിലൂടെയും അശോകന്റെ ഇതുവരെയുള്ള എഴുത്തുലോകത്തിന്റെ മുകളിലേക്ക് സഞ്ചരിക്കുന്ന ഏറ്റവും മികച്ച കൃതിയായി മാറുന്നു.

വിലക്കുകളില്ലാതെ, മറയില്ലാതെ എഡിറ്റർമാരില്ലാതെ എല്ലാ മനുഷ്യർക്കും സ്വന്തം വിചാരങ്ങളും വിമർശനങ്ങളും അനുഭവങ്ങളും തുറന്നെഴുതാവുന്ന വർത്തമാന കാലത്തിന്റെ ഫേസ്ബുക്ക് ഈ നോവലിന്റെ ആഖ്യാന സവിശേഷതകളിലൊന്നാണ്. ഫേസ്ബുക്ക് ഇന്നലെ വരെ ഇല്ലാതിരുന്ന തുറന്നെഴുത്തിന്റെ , സ്വയം വിമർശനത്തിന്റെ , കുററപ്പെടുത്തലുകളുടെ, ചേർത്തുപിടിക്കലിന്റെ , ഓർമ്മകളുടെ , വിചാരണയുടെ , പരിഹാസത്തിന്റെ തുറവിയെ സാധ്യമാക്കുന്നുണ്ട്. മലയാളത്തിലെ തന്നെ മികച്ച രാഷ്ട്രീയ കൃതിയായി ‘കാട്ടൂർ കടവ്’ സ്വയം പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. കേരളത്തിന്റെ സമരചരിത്രത്തിൽ വേണ്ടത്ര അടയാളപ്പെടുത്താതെ പോയ പെൺപോരാളികൾക്കുള്ള സ്മാരകം കൂടിയാണീ കൃതി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.