‘കാട്ടൂര്‍ കടവ്’ ; രാഷ്ട്രീയവും ചരിത്രവും ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്ന നോവല്‍: എസ് ഹരിഷ്
അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിനെക്കുറിച്ച് എസ് ഹരീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
അശോകന്‍ ചരുവില്‍ കാട്ടൂര്‍ കടവിലെ കെ എന്ന എഴുത്തുകാരനിലൂടെ സ്വയം എങ്ങനെ മാറിനിന്ന് കാണുന്നു എന്ന് വായിക്കുന്നത് കൗതുകകരമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ സൈബര്‍ പോരാളി കൂടിയാണ് കെ. പാര്‍ട്ടിക്ക് വേണ്ടി മുന്‍പിന്‍ നോക്കാതെ അദ്ദേഹം ഫേസ്ബുക്കില്‍ കൊച്ചു പിച്ചാത്തിയുമായി നടക്കുന്നു. അങ്ങനെ അദ്ദേഹം സ്വന്തം വില കളയുകയാണെന്ന് വായനക്കാര്‍ക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പോലും പരാതിയുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പിലെ കൈക്കൂലി വാങ്ങാത്ത, എന്നാല്‍ അഴിമതി വിരുദ്ധത അസ്ഥാനത്തും ആവര്‍ത്തിച്ച് സഹപ്രവര്‍ത്തകര്‍ക്ക് പാരയായ ആളാണ് കെ.
വിരമിച്ച ശേഷം പാര്‍ട്ടി സഹായത്തോടെ ഉന്നത സ്ഥാനവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എന്നാലും കെ അശോകന്‍ ചരുവില്‍ അല്ല. അയാള്‍ക്ക് നോവലില്‍ വേറൊരു സ്വതന്ത്ര ജീവിതമുണ്ട്.
കെ യെ സോഷ്യല്‍ മീഡിയയില്‍ ഡി കാട്ടൂര്‍ കടവ് എന്ന പേരില്‍ പിന്തുടര്‍ന്ന് നിരന്തരം വിമര്‍ശിക്കുന്നയാളാണ് ദിമിത്രി. വിപ്ലവകരമായി നടന്ന ദളിത് -ഈഴവ വിവാഹത്തിലെ സന്തതി. രണ്ട് കമ്യൂണിസ്റ്റുകാരുടെ മകന്‍. കൈക്കൂലി കേസില്‍ പിടിയിലായ ആള്‍.
കെ അല്ല ദിമിത്രിയാണ് നായകന്‍.
രാഷ്ട്രീയവും ചരിത്രവും ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്ന നോവലാണ് കാട്ടൂര്‍ കടവ്. സക്കറിയയേയും പുനത്തില്‍ കുഞ്ഞബ്ദുള്ളയേയും പോലെ ഏറ്റവും നല്ല തെളി മലയാളത്തില്‍ എഴുതുന്നയാളാണ് അശോകന്‍ ചരുവിലും. ആസ്വദിച്ച് വായിച്ചു. നല്ല നോവല്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.