തികച്ചും വ്യത്യസ്തവും അപരിചിതവുമായ നൊറോണക്കഥകളുടെ ലോകം
മലയാളസാഹിത്യത്തില്‍ ഇന്ന് ചെറുകഥകളുടെ വസന്തകാലമാണ്. ആനുകാലികങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതുകൊണ്ടോ വായനക്കാരുടെ തിരക്കുപിടിച്ച ജീവിതത്തിലേക്ക് എളുപ്പത്തില്‍ പടര്‍ന്നു കയറാവുന്ന സാഹിത്യരൂപമായതുകൊണ്ടോ അല്ല, പുതിയ കാലത്തെ എഴുത്തുകാര്‍ ഭാഷയിലും ആഖ്യാനത്തിലും പ്രമേയങ്ങളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ടാണ് ഈ വസന്തം ഇത്ര വര്‍ണ്ണപ്പൊലിമയുള്ളതും സുഗന്ധസുരഭിലവുമാകുന്നത്. നോവലിലും കവിതയിലുമെല്ലാം അത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അതൊന്നും ചെറുകഥകളിലെപ്പോലെ അത്ര ശക്തമോ വൈവിധ്യമാര്‍ന്നതോ അല്ല. സാമ്പ്രദായികമായ എഴുത്തുരീതികളെയും പ്രമേയങ്ങളെയും പാടേ ഉപേക്ഷിച്ച് ധീരമായ പരീക്ഷണങ്ങളിലൂടെ എഴുത്തിലേക്ക് കടന്നുവന്ന കുറേ ചെറുപ്പക്കാരാണ് ഈ വസന്തം സാധ്യമാക്കിയത്. ഉണ്ണി ആര്‍, ഹരീഷ് എന്നിവരില്‍ തുടങ്ങി യമ വരെയെത്തുന്ന ആ നിരയില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ.
സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിരവധി കാരണങ്ങളാല്‍ സാഹിത്യത്തിന്റെ മുഖ്യധാരയില്‍നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം ആഖ്യാനം ചെയ്യപ്പെടുന്നുവെന്നത് തന്നെയാണ് ഈ കാലത്തെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാള സാഹിത്യത്തില്‍ തകഴിയുടെയും കേശവദേവിന്റെയും കാലം മുതല്‍ തന്നെ ഇതൊക്കെ സംഭവിച്ചിരുന്നെങ്കിലും അതെല്ലാം പുറത്തുനിന്നുള്ള കാഴ്ചകളായിരുന്നു. അടികൊള്ളേണ്ടിവന്നവന്റെ ജീവിതത്തെപ്പറ്റി അതു കണ്ടുനിന്നവരെഴുതിയ എഴുത്തുകള്‍. അതിനാണിപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്. നേരിട്ട് അടികൊള്ളേണ്ടിവന്നവരോ കൊണ്ടവരോടൊപ്പം ജീവിച്ചവരോ എഴുതാന്‍ തുടങ്ങിയിരിക്കുന്നു. ഫ്രാന്‍സിസ് നൊറോണ കൊച്ചിയിലെ വളരെ സാധാരണക്കാരായ മനുഷ്യരുടെ കഥ പറയുമ്പോള്‍ നമുക്ക് പൊള്ളുന്നത് അതുകൊണ്ടാണ്. കാതുസൂത്രത്തിലെ ഓരോ കഥയും വായനക്കാരനെ അത്തരം മനുഷ്യരുടെ ദുരിതവും വേദനയും രതിയും കലഹങ്ങളും നിറഞ്ഞ ഉന്മാദങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.
അതിശയ ചേര്‍പ്പ് മുതല്‍ കാതുസൂത്രം വരെയുള്ള ഈ സമാഹാരത്തിലെ എട്ട് കഥകളും എല്ലാ അര്‍ത്ഥത്തിലും നോറോണക്കഥകളാണ്. നൊറോണക്കഥകള്‍ എന്ന് ഞാന്‍ പറയുന്നത് ഈ കഥകളുടെ ആഖ്യാനസ്വരൂപത്തെ മുന്‍നിര്‍ത്തിത്തന്നെയാണ്. ഫ്രാന്‍സിസ് നൊറോണ തന്റെ ഇതുവരെയുള്ള എഴുത്തിലൂടെ സൃഷ്ടിച്ചെടുത്ത ആ സാമൂഹികപശ്ചാത്തലം പലപ്പോഴും നമ്മളെ വിക്ടര്‍ ലീനസിന്റെ കഥകളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. രണ്ടുപേരും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ വളരെ വ്യത്യസ്തമായ വഴികളിലൂടെ ആവിഷ്‌കരിക്കുന്ന കൊച്ചിക്കാരുടെ ജീവിതം എന്‍.എസ്.മാധവന്‍ ലന്തന്‍ബത്തേരിയില്‍ കാണിച്ചുതന്ന കൊച്ചിക്കാരുടെ ജീവിതത്തിന്റെ രണ്ട് വിരുദ്ധധ്രുവങ്ങളാണ്. ഒട്ടും പോളിഷ് ചെയ്തു മിനുക്കാതെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും കഥപറച്ചിലിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ കൊണ്ടുപോകാനുള്ള കഴിവാണ് നൊറോണക്കഥകളുടെ മുഖമുദ്ര. അതോടൊപ്പം സമൂഹത്തിലെ സമകാലികസംഭവങ്ങളോടുള്ള എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ പ്രതികരണങ്ങളായി ഓരോ കഥയും മാറുകയും ചെയ്യുന്നു.
കാതുസൂത്രവും എനവുമുള്‍പ്പെടെ ഈ സമാഹാരത്തിലെ ഓരോ കഥകളും ഒന്നിനൊന്ന് മികച്ചവയാണ്. തികച്ചും വ്യത്യസ്തവും അപരിചിതവുമായ നൊറോണക്കഥകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് ആവേശത്തോടുകൂടി പ്രവേശിക്കാം.
( പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ ഫ്രാന്‍സിസ് നൊറോണയുടെ കാതുസൂത്രം എന്ന പുതിയ കഥാസമാഹാരത്തിനെഴുതിയ ആമുഖം )
Comments are closed.