ഫാസിസത്തിനെതിരായ ഒരിടം, ഇടതുപക്ഷത്തിന്റേതായ ഒരിടം നമുക്കിവിടെ സാധ്യമായിട്ടുണ്ട്: എം. മുകുന്ദന്‍
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമമുണ്ട്. എന്നാല്‍ കുന്നുകളെയും മലകളെയും പാടങ്ങളെയും പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് എഴുത്തുകാന്‍ എം.മുകുന്ദന്‍. പ്രകൃതിയെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘കഥയില്‍നിന്നിറങ്ങി സമൂഹത്തിലേക്ക് നടക്കുന്ന ഞാന്‍’ എന്ന വിഷയത്തില്‍ ജോസ് പനച്ചിപ്പുറത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മയ്യഴിയുടെ പ്രിയ കഥാകാരനായ എം.മുകുന്ദന്‍.
പ്രളയം മനുഷ്യരെ വളരെ വേഗം ഒന്നാക്കി. അതേ വേഗത്തില്‍ തന്നെ അവര്‍ അകലുകയും ചെയ്തു. സമൂഹത്തില്‍ നിന്നാണ് പുതിയ പാഠങ്ങള്‍ പഠിക്കുന്നത്. പഠിച്ചതെല്ലാം അവര്‍ മറക്കുകയും ചെയ്യുന്നു. ദുരന്തങ്ങള്‍ പുതിയ കാഴ്ചപ്പാടുകള്‍ മാത്രമല്ല, കലയെക്കൂടി പരിപോഷിപ്പിക്കുന്നു. രണ്ടാം ലോക മഹായുദ്ധമായിരുന്നു നവതരംഗസിനിമകള്‍ക്ക് കാരണമായിരുന്നത്. പ്രളയവും അത്തരം ചില നന്മകള്‍ നമുക്ക് മുന്നിലേക്ക് വെക്കുന്നുണ്ട്. നന്മയുടെ പാഠങ്ങള്‍ പഠിക്കുന്നതിനു വേണ്ടി പ്രളയം ആവര്‍ത്തിക്കണം എന്ന് മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പില്‍ കണ്ടിരുന്ന വലിയ രീതിയിലുള്ള ആക്ടിവിസം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. കാരണം, വലിയ യുദ്ധങ്ങളെ നാം അഭിമുഖീകരിച്ചിട്ടില്ല. അത്തരമൊരു ചരിത്രം നമുക്കില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഫാസിസത്തിനെതിരായ ഒരിടം, ഇടതുപക്ഷത്തിന്റേതായ ഒരിടം നമുക്കിവിടെ സാധ്യമായിട്ടുണ്ട്. ഫ്രാന്‍സില്‍ നഷ്ടമായത് അതാണ്. ആ ഒരിടം ഉപയോഗിച്ചാണ് നാം നവോത്ഥാനമൂല്യങ്ങളെ ഉയര്‍ത്തേണ്ടത്. അറുപതുകളില്‍ ആക്ടിവിസ്റ്റ് ആകാതെ എഴുത്തുകാരനാകാന്‍ കഴിയില്ലായിരുന്നു. എഴുത്തിന്റെയും ആക്ടിവിസത്തിന്റെയും അതിരുകള്‍ മാഞ്ഞു പോയ കാലമായിരുന്നു അത്. അത്തരമൊരു കാലത്തെയാണ് ഇന്നും നാം അഭിമുഖീകരിക്കുന്നത്.-എം മുകുന്ദന്‍ വ്യക്തമാക്കി.
Comments are closed.