കാഥികന്റെ കല
എം.ടി. വാസുദേവന്‍ നായര്‍
ചെറുകഥ അച്ചടിക്കും നേരിട്ടുള്ള കേള്‍വിക്കും ടേപ്പിനും എല്ലാം പറ്റുന്ന വിധത്തില്‍ സര്‍വസ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളാണ് ലോകത്തില്‍ പലയിടത്തും നടക്കുന്നത്. ടെലിവിഷന്റെ ആക്രമണത്തില്‍ മാസിക വായന കുറഞ്ഞുവരുന്നതുകൊണ്ട് ചെറുകഥയുടെ ഭാവിയെപ്പറ്റി പാശ്ചാത്യരാജ്യങ്ങളില്‍ ആശങ്കയുണ്ട്. ഇലക്‌ട്രോണിക് യുഗത്തില്‍ മനസ്സിനദ്ധ്വാനമില്ലാത്ത വിനോദങ്ങള്‍ വിരല്‍ത്തുമ്പിന്റെ സ്പര്‍ശനം കാത്ത് ബട്ടണുകള്‍ക്കു പിന്നില്‍ സ്വീകരണ മുറിയിലിരിക്കുമ്പോള്‍, പുസ്തകങ്ങള്‍ മരിക്കുമോ എന്നു ചോദിക്കുന്നതിന്റെ ഭാഗമാണിതും. ചെറുകഥയുടെ വാണിജ്യവശത്തെപ്പറ്റി എന്തുതന്നെ ആശങ്കകളുണ്ടായാലും -കേരളത്തിലെ പ്രസാധകരും അതില്‍ പങ്കുചേരുന്നുണ്ട്-ആ സാഹിത്യരൂപത്തിന്റെ ശക്തിയെയും സൗന്ദര്യത്തെയും പ്രസക്തിയെയും പറ്റി ആരും ഇതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല.
കഥയുടെ മുഖഭാവങ്ങളില്‍, ആത്മാവില്‍, അനുസ്യൂതമായി മാറ്റങ്ങള്‍ സംഭവിക്കുന്നതുകൊണ്ടുതന്നെയാണ് അതു സജീവമായി നിലനില്ക്കുന്നത്. കഥാകാരന്‍ വര്‍
ത്തിക്കുന്ന സമൂഹത്തില്‍, അയാളുടെ ആന്തരതലങ്ങളെ സ്വാധീനിക്കുന്ന ബാഹ്യപ്രപഞ്ചത്തില്‍, വരുന്ന പരിവര്‍ത്തനങ്ങള്‍ കഥയുടെ രൂപഭാവസങ്കല്പങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു.
ഒ. ഹെന്റിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ക്ക് അര്‍ഹമായ കഥകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കാറുണ്ട് എല്ലാ വര്‍ഷവും അമേരിക്കയില്‍. ഒരിക്കല്‍ അത്തരമൊരു സമാഹാരത്തിന്റെ ആമുഖത്തില്‍ ഡൊറോത്തി കാന്‍ഫീല്‍ഡ് ഫിഷര്‍ എഴുതി: ‘ഒരു ഘട്ടത്തിലെ മികച്ച കഥകളുടെ സമാഹാരം ആ സമയത്ത് മൊത്തത്തില്‍ സാഹിത്യത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നതിന്റെ രേഖയായിരിക്കും. മാത്രമല്ല, അപ്പോള്‍ മനുഷ്യമനസ്സുകളില്‍ പ്രാമുഖ്യം നേടിയിരുന്ന ഭാവവും വികാരവും പ്രശ്നവും എന്തെന്നറിയാനുള്ള ഒരു അനൗദ്യോഗിക ഗ്യാലപ്‌പോള്‍കൂടിയായിരിക്കും ആ സമാഹാരം.’ ശ്രദ്ധേയങ്ങളായ കഥകള്‍ സമാഹരിക്കുന്നതിന്റെ പ്രാധാന്യത്തെയും പ്രസക്തിയെയും പറ്റി പറയുന്ന കൂട്ടത്തിലാണ് അവരിതു സൂചിപ്പിക്കുന്നത്. ആദ്യകാല കഥകള്‍ ഏതു ഭാഷയിലും സംഭവപ്രധാനമായിരുന്നു. അപൂര്‍വവും അസാധാരണവുമായ ചില സംഭവങ്ങള്‍. കഥ വായിച്ചുതീരുമ്പോള്‍ വായനക്കാരനു തോന്നണം: ‘എന്തൊരത്ഭുതം! എത്ര അസാധാരണം!’ പില്ക്കാലത്തെ കഥകളാവട്ടെ വായിച്ചു കഴിഞ്ഞാല്‍ ഉണ്ടാക്കുന്ന പ്രതികരണം ഇതാണ്: ‘എത്ര ശരി! എത്ര വാസ്തവം!’
ഒരു ഊരാക്കുടുക്കഴിച്ചു രസിക്കുക എന്ന ബുദ്ധിപരമായ വിനോദത്തിലുപരി ഈ മീഡിയത്തിനു ചിലതു ചെയ്യേണ്ടതുണ്ട് എന്നു വന്നപ്പോഴാണ് ‘എത്ര വാസ്തവം!’ എന്ന പ്രതികരണമുണ്ടാവാന്‍ തുടങ്ങുന്നത്. അതിസങ്കീര്‍ണ്ണമായ മാനവീയതയുടെ, അതുവരെ അറിയപ്പെടാത്ത ഒരു ഭാഗത്തിന്റെ മിന്നലാട്ടമെങ്കിലും അപ്പോള്‍ കാണുന്ന അനുഭവം ജീവിതബദ്ധമായ എല്ലാ സന്ധികളിലും പ്രതിസന്ധികളിലും മനുഷ്യനെ പുതിയ പുതിയ മാനങ്ങളില്‍ കണ്ടെത്താന്‍ എല്ലാ എഴുത്തുകാരും ബദ്ധശ്രദ്ധരായതിന്റെ ഫലമായിട്ടാണിത്. നെല്‍സണ്‍ ആല്‍ഗ്രെന്‍ (‘ദി മാന്‍ വിത്ത് ദി ഗോള്‍ഡന്‍ ആം’ എന്ന വിഖ്യാത നോവലിന്റെ കര്‍ത്താവ്) ‘ലോണ്‍സം മോണ്‍സ്റ്റേഴ്‌സ്’ എന്ന കഥാസമാഹാരത്തിന്റെ മുഖവുരയില്‍ എഴുതി: ‘പത്രപംക്തികളില്‍ പ്രത്യക്ഷപ്പെടുന്ന അതിക്രൂരമായ ചില വാര്‍ത്തകള്‍-കൊച്ചുകുട്ടികളെ വധിക്കല്‍, ഭീകര ബലാത്കാരങ്ങള്‍ മുതലായവ-വായിച്ചാല്‍ നാം പണ്ടുപറയുക, ‘എത്ര മൃഗീയമായ കൃത്യങ്ങള്‍!’ എന്നാണ്. ‘എത്ര മനുഷ്യസഹജമായ കൃത്യം!’ എന്നാണ് വാസ്തവത്തില്‍ പറയേണ്ടത്.’ ആല്‍ഗ്രെന്‍ പറയുന്നത്, മനുഷ്യമനസ്സ് ഈ കാലഘട്ടത്തില്‍ അത്രയേറെ സങ്കീര്‍ണ്ണമായിത്തീര്‍ന്നിരിക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കാനാണ്. മുഖങ്ങളെക്കാള്‍ മുഖംമൂടികള്‍ ഉള്ള അവന്റെ പ്രവൃത്തികള്‍ക്കു പിന്നില്‍ ചലിച്ച ബോധതലത്തെ കണ്ടറിയുക എന്നത് എന്നും എഴുത്തുകാരന് വെല്ലുവിളി ഉയര്‍ത്തുന്ന പരീക്ഷണമാണ്.
എല്ലാ എഴുത്തുകാരും ജീവിതാനുഭവങ്ങളാണ് അസംസ്‌കൃതവിഭവമായെടുക്കുന്നത്. പഴയ ശൈലിയില്‍ പറഞ്ഞാല്‍ എഴുത്തുകാരന്റെ കളിമണ്ണ്. മഹാനായ ശില്പി റോദാന്‍, ഒരുരുള കളിമണ്ണെടുത്ത് കൈയില്‍ തിരുപ്പിടിച്ചുകൊണ്ടുനിന്ന ഒരു രംഗം ലോകപ്രശസ്ത നര്‍ത്തകിയായിരുന്ന ഇസദോരാ ഡങ്കന്‍ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. സുന്ദരിയായ നര്‍ത്തകി നോക്കിനില്‍ക്കേ,റോദാന്റെ പരുക്കന്‍ കൈക്കകത്തു രൂപപ്പെടുന്ന കളിമണ്‍മുലകളില്‍ ഞരമ്പുകള്‍ തുടിക്കുന്നതു കണ്ടു. അത്തരത്തിലൊരു മാറ്റംതന്നെയാണ് ജീവിതാനുഭവങ്ങള്‍ എന്ന അസംസ്‌കൃത വസ്തുവില്‍ എഴുത്തുകാരനും ചെയ്യുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
(‘കാഥികന്റെ കല’യില്‍ എഴുതിയ ചില ഭാഗങ്ങള്‍)
Comments are closed.