കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു
കൊല്ലം: പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി (75) അന്തരിച്ചു. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. ഭൗതികശരീരം ചവറയിലുള്ള നാട്യധര്‍മ്മിയില്‍ ഇന്ന് പൊതുദര്‍ശനത്തിന് വെക്കും.
കഥകളിയിലെ സ്ത്രീസാന്നിദ്ധ്യങ്ങളില്‍ ശ്രദ്ധേയയായിരുന്നു അവര്‍. ചവര ചെക്കാട്ടുകിഴക്കേതില്‍ എന്‍.ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടെയും മകളായി 1943 ഫെബ്രുവരി 21-നായിരുന്നു പാറുക്കുട്ടിയുടെ ജനനം. കഥകളിയിലേക്ക് സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ ആദ്യമായി ആ രംഗത്തേക്ക് വന്ന കലാകാരിയായിരുന്നു അവര്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം നൃത്തവും അഭ്യസിച്ചിരുന്ന പാറുക്കുട്ടി കോളെജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. അന്‍പതു വര്‍ഷത്തിലധികമായി കഥകളിയിലെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലായിരുന്നു അവതരണം.
സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷവേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വ്വം എന്ന ഡോക്യുമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മകള്‍: കലാമണ്ഡലം ധന്യ.
Comments are closed.