DCBOOKS
Malayalam News Literature Website

‘ഈഡിപ്പസ്സിന്റെ അമ്മ’ മുതല്‍ ‘മൂന്നു മാന്ത്രികന്മാര്‍’ വരെയുള്ള ഇരുപത്തെട്ടു കഥകൾ

കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി മികച്ച പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ സുഭാഷ് ചന്ദ്രന്‍ ഇന്നേവരെയെഴുതിയിട്ടുള്ള കഥകള്‍ സമാഹരിച്ച പുസ്തകമാണ് കഥകള്‍ സുഭാഷ് ചന്ദ്രന്‍. അമ്മ’ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ ‘മൂന്നു മാന്ത്രികന്മാര്‍’ വരെയുള്ള എന്റെ ഇരുപത്തെട്ടു കഥകളുടെ സമാഹാരാണിത്.

പുസ്തകത്തെക്കുറിച്ച് സുഭാഷ് ചന്ദ്രൻ എഴുതിയ കുറിപ്പ് പുനർവായിക്കുമ്പോൾ 

പതിനേഴാം വയസ്സില്‍ എഴുതിയ ‘ഈഡിപ്പസ്സിന്റെ അമ്മ’ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ ‘മൂന്നു മാന്ത്രികന്മാര്‍’ വരെയുള്ള എന്റെ ഇരുപത്തെട്ടു കഥകളുടെ സമാഹാരം ഇതാ. കാല്‍നൂറ്റാണ്ടുകൊണ്ട് സാധിച്ച എന്റെ ജന്മകൃത്യത്തിന്റെ ഒന്നാംഭാഗം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഒരു കഥാകൃത്തിന് ഇരുപത്തഞ്ചുവര്‍ഷംകൊണ്ട് എഴുതാമായിരുന്ന കഥകളുടെ എണ്ണം തീര്‍ച്ചയായും ഇരുപത്തെട്ടല്ല എന്നറിയാം. എന്റെ തലമുറയിലെ മറ്റെഴുത്തുകാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സഹതാപമര്‍ഹിക്കുന്ന സംഖ്യതന്നെയാണ് ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് തെല്ലും കുറ്റബോധമില്ല. മനസ്സിലെഴുതിയ ആയിരം കഥകളില്‍നിന്ന് കുറഞ്ഞത് നൂറു കഥകളെങ്കിലും കടലാസിലേക്കു ഞാന്‍ പകര്‍ത്തിയിട്ടുണ്ടാവും. പക്ഷേ, അവയെല്ലാം പത്രമാപ്പീസിലേക്ക് അയച്ചുകൊടുക്കുന്ന ദുശ്ശീലം എന്നിലുണ്ടാക്കാന്‍ ഈ കെട്ടകാലത്തിനും കഴിഞ്ഞിട്ടില്ല. എന്നല്ല, എന്റെ അക്ഷരങ്ങളെ തുറിച്ചുനോക്കി വായിക്കുന്ന ഒരു എഡിറ്ററെ ഉള്ളില്‍ ആദ്യമേ ഞാന്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളതുകൊണ്ട് കര്‍ക്കശബുദ്ധിയായ അയാളുടെ സമ്മതമില്ലാത്ത ഒരു കഥയും ഞാന്‍ പത്രാധിപന്മാര്‍ക്ക് അയച്ചിട്ടില്ല. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിന് ‘തെരഞ്ഞെടുത്ത കഥകള്‍’ എന്ന ശീര്‍ഷകമായിരിക്കും കൂടുതല്‍ ഉചിതം. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ ‘തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനയച്ച കഥകള്‍.’

ആത്മഹത്യാവാസന ആത്മാര്‍ഥമായി കത്തിനിന്നിരുന്ന ഒരു കൗമാരത്തിലാണ് ഞാന്‍ കഥയെഴുത്തിലേക്ക് എന്റെ ആത്മാവിനെ പറിച്ചുനട്ടത്. അതെ, മരണത്തിനുശേഷവും അക്ഷരങ്ങളിലൂടെ നിങ്ങളോടൊത്ത് തുടരാനുള്ള കൊതിയാണ് എന്നെ എഴുത്തുകാരനാക്കിയത്. എഴുതുന്ന നേരങ്ങളില്‍, മാനവരാശിയുടെ മുഴുവനും സുഹൃത്താണ് ഞാന്‍ എന്നൊരു തോന്നല്‍ എന്റെ മേധയില്‍ കരുത്തു നിറയ്ക്കാറുണ്ട്. എന്നാല്‍ അതേസമയത്തുതന്നെ, അകാരണമായ ഒരു സങ്കടം വന്ന് എന്റെ ഹൃദയത്തെ ദുര്‍ബ്ബലവുമാക്കുന്നു. അതൊരിക്കലും വ്യക്തിപരമായ അല്ലലല്ല. ലോകത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യനുവേണ്ടിയും ഏറ്റവും പുണ്യാത്മാവായ മറ്റൊരാള്‍ക്കുവേണ്ടിയും ഒരേസമയം കണ്ണീരണിയുന്ന തരം വിചിത്രമായ ഒരു മനോവികാരമാണ് അത്. ജീവിതത്തില്‍ രണ്ടു ഘട്ടങ്ങളിലായി അതെന്നെ അകാരണമായി പീഡിപ്പിച്ചിട്ടുണ്ട്.അഗാധമായ വിഷാദരോഗത്തിന് അടിപ്പെട്ട് ഞാന്‍ മരുന്നുസേവിച്ച് നടന്ന ഒരു കാലം. എന്നാല്‍ ഇന്നെനിക്കറിയാം: കഥയായിരുന്നു എന്റെ മനോരോഗം. മഹത്തായ കഥകള്‍ സൃഷ്ടിക്കാന്‍ മോഹിച്ചുനടന്ന ഒരു ദുരാഗ്രഹിക്ക് നിശ്ചയമായും കിട്ടേണ്ട ന്യായമായ ശിക്ഷയായിരുന്നു അത്. ഈ ഇരുപത്തെട്ടുകഥകള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്ന ആര്‍ക്കും അതു കണ്ടെത്താം-വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും കൈക്കൊണ്ടിട്ടുള്ളവയെങ്കിലും മിക്കവാറും എല്ലാ കഥകളിലും കഥയെഴുത്ത് എന്ന സര്‍ഗ്ഗാത്മകകൃത്യത്തെ ഒരു ജീവന്മരണ പ്രശ്‌നമായി പരിഗണിക്കുന്ന ഒരു വാക്കോ വാചകമോ ഉള്ളടങ്ങിയിരിക്കുന്നു! ‘മനുഷ്യന് ഒരു ആമുഖം’ എന്ന എന്റെ നോവലിലാകട്ടെ, എഴുത്തുതന്നെയാണ് പ്രധാന പ്രമേയങ്ങളില്‍ ഒന്ന് എന്നും നിങ്ങള്‍ക്കു കാണാം.

ചെറുകഥയ്ക്കായി കേരളത്തില്‍ നല്‍കിവരുന്ന മിക്കവാറും എല്ലാ പുരസ്‌കാരങ്ങളും സ്വന്തമാക്കിയ കഥകളാണ് ഇവ. എന്നാല്‍ അതിനേക്കാള്‍, കഥകളെ ഗാഢമായി സ്‌നേഹിക്കുന്ന ആയിരക്കണക്കിനു വായനക്കാരുടെ നിസ്സീമമായ സ്‌നേഹാദരങ്ങള്‍ നേടിയെടുത്ത കഥകളാണ് ഇവയെന്നതാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. വേണ്ടത്ര സമയം കിട്ടിയിരുന്നെങ്കില്‍ ഈ ഇരുപത്തെട്ടു കഥകളും ഒരിക്കല്‍ക്കൂടി മിനുക്കാനും മാറ്റിയെഴുതാനും ഞാന്‍ ഒരുമ്പെട്ടേനെ! എന്നാല്‍ ഈ കഥകളിലൂടെ ഒരുവട്ടംകൂടി സഞ്ചരിക്കുക എന്നാല്‍ അവ എഴുതിയ കാലത്തെ എന്റെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളെ പുനഃസന്ദര്‍ശിക്കുക എന്നാണ് അര്‍ത്ഥം. അതിന് ഞാന്‍ ഏതായാലും മുതിരുന്നില്ല. ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ എന്ന എന്റെ ആദ്യകഥയെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍, കാല്‍നൂറ്റാണ്ടുമുമ്പ്, ഒരിഗ്ലിഷ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ഇങ്ങനെ പറഞ്ഞുനിര്‍ത്തി:He may go a long way!
ലോകത്തെ മഹത്തായ കഥകളെയും മഹാന്മാരായ കഥാകാരന്മാരെയും എത്രയെങ്കിലും കണ്ടുപരിചയിച്ച ഒരു വലിയ പത്രാധിപര്‍ ഉച്ചരിച്ച ആ ചെറിയ വാചകം കുറച്ചൊന്നുമല്ല എന്നെ ആശങ്കപ്പെടുത്തിയിട്ടുള്ളത്. ഈ കാല്‍നൂറ്റാണ്ടുകൊണ്ട് ഞാന്‍ എവിടെയെത്തിയെന്ന് എനിക്കു നല്ല നിശ്ചയം പോരാ; അദ്ദേഹം പ്രവചിച്ച വഴിയിലൂടെ ഞാന്‍ മുന്നോട്ടാണോ പിന്നോട്ടാണോ അതോ പാര്‍ശ്വങ്ങളിലേക്കാണോ സഞ്ചരിച്ചത് എന്നും.

ഒന്നുമാത്രമേ എനിക്കറിയാവൂ. മനുഷ്യരാശിയുടെ എണ്ണിയാലൊടുങ്ങാത്ത ഹ്ലാദവിഷാദങ്ങള്‍ എന്റെ ആത്മാവില്‍ ഇപ്പോഴും ഇരമ്പിക്കൊണ്ടേയിരിക്കുന്നു. മരണാനന്തരം, വളരെക്കാലം കഴിഞ്ഞ് ഭൂമിക്കുമുകളിലൂടെ ഒരാത്മാവായി പറന്നുപോകുന്ന എന്നെ ഞാന്‍ സങ്കല്‍പ്പിക്കുന്നു. വൈചിത്ര്യനിര്‍ഭരമായ ഈ നീലഗ്രഹം ദൂരെനിന്നു കാണുമ്പോള്‍, ദരിദ്രമെങ്കിലും സംഭവബഹുലമായി താന്‍ ജീവിച്ചിരുന്ന പഴയ വാടകവീടു കാണുന്ന ഒരു പാവം മനുഷ്യനെപ്പോലെ എന്റെ നിരാകാരഹൃദയം അന്ന് ബഹിരാകാശത്തുവച്ച് ഒറ്റയ്ക്ക് അതിഗംഭീരമായി തുടിച്ചേക്കും. പ്രിയപ്പെട്ടവരേ, ഈ പുസ്തകം ഇറങ്ങുന്ന സന്ദര്‍ഭത്തിലെന്നപോലെ അപ്പോഴും ഞാന്‍ നിങ്ങളെ തീവ്രമായി ഓര്‍മ്മിക്കും. ഏറ്റവും ചെറിയ ഒരു വാചകത്തിലേക്ക് ആ ഹൃദയവികാരത്തെ പകര്‍ത്തിയാല്‍ അതിങ്ങനെയായിരിക്കും: ഓ, ഈ ഭൂമിയില്‍ നമ്മള്‍ കുറച്ചുകാലം ഒന്നിച്ചുണ്ടായിരുന്നു! ഇനി ഏറ്റവും കുറച്ച് കഥകളിലേക്ക് അതിനെ വിപുലപ്പെടുത്തിയാലോ? അതാണ് നിങ്ങളുടെ കൈയില്‍ ഇപ്പോള്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി സുഭാഷ് ചന്ദ്രന്റെ ഇരുപത്തെട്ടു കഥകളുടെ സമാഹാരം ‘കഥകൾ’ ‘ എന്ന കൃതിയും

tune into https://dcbookstore.com/

Comments are closed.