DCBOOKS
Malayalam News Literature Website

എഴുതിനോക്കിയ ആളെ കഥകള്‍ വിടാതെ പിന്‍തുടരുന്നു: എസ് ഹരീഷ്

ചെറുപ്പത്തില്‍ ഒരു ഘട്ടത്തിലും എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ എന്തിനെന്നില്ലാതെ, കണക്കില്ലാതെ വായിക്കുമായിരുന്നു. അതായിരുന്നു ജീവിതത്തിലെ ഏക രസം. പുസ്തകങ്ങളുടെയും കഥകളുടെയും ലോകംപോലെ ആനന്ദിപ്പിക്കുന്ന വേറെ എന്തുണ്ട്? യാദൃച്ഛികമായിട്ടാണ് ആദ്യകഥ എഴുതുന്നത്. ഒരു ആഴ്ചപ്പതിപ്പ്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കഥാമത്സരത്തിന്റെ പരസ്യം കാണുന്നു. ജീവിതത്തില്‍ എങ്ങോട്ട് നീങ്ങണമെന്നറിയാതെ നില്‍ക്കുന്ന സമയമാണ്. ഒരുകൈ നോക്കാമെന്ന് തീരുമാനിക്കുന്നു. സ്ഥിരം സങ്കേതമായ കോട്ടയം പബ്ലിക് ലൈബ്രറിയുടെറഫറന്‍സ് വിഭാഗത്തിലിരുന്ന് എഴുതിനോക്കുന്നു. രണ്ടാമതൊന്ന് വായിച്ചുനോക്കിയപ്പോള്‍ നാണക്കേട് തോന്നി. എങ്കിലും മത്സരത്തിനയച്ചു. വാരികയില്‍ അത് പ്രസിദ്ധീകരിച്ചുവന്നു. ഒരു എഴുത്തുകാരനെയും അന്ന് പരിചയമുണ്ടായിരുന്നില്ല. വലിയ വായനക്കാരെയും അറിയില്ല. അതുകൊണ്ട് പ്രതികരണമൊന്നും കാര്യമായി കിട്ടിയില്ല. കസിന്‍ സഹോദരനായ ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ നല്ലത് പറഞ്ഞു. ഒരു ദിവസം കോട്ടയത്തിനുള്ള ബസ്സില്‍ തിരക്കിനിടെ നില്‍ക്കുമ്പോള്‍ ഒരു ജേര്‍ണലിസം വിദ്യാര്‍ത്ഥി വന്ന് പരിചയപ്പെടുന്നു. പേര് വി.എച്ച്.നിഷാദ്. അദ്ദേഹം കഥ കൊള്ളാമെന്ന് പറഞ്ഞു. പിന്നൊരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മറ്റൊരാളും നല്ലത് പറഞ്ഞു. എന്നാലും കുറേ നാളത്തേക്ക് എഴുതിയില്ല. ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടാണ്. അങ്ങനെ പോയപ്പോള്‍ എഴുതുകയല്ലാതെ വേറെന്ത് ചെയ്യാനാണെന്ന് ആലോചിക്കുന്നു. വായനയും എഴുത്തുമല്ലാതെ എനിക്ക്വേ റെന്താണുള്ളത്? പതിയെ കഥകള്‍ മനസ്സിലേക്ക് വന്നുതുടങ്ങി. ‘മിഷ എന്ന കടുവക്കുട്ടി’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നത് വളരെ Textസന്തോഷിപ്പിച്ചു. എങ്കിലും വലിയ ആഹ്ലാദം തോന്നിയത് ‘രസവിദ്യയുടെ ചരിത്രം’ അന്നത്തെ പ്രമുഖപ്രസിദ്ധീകരണമായ ഇന്ത്യാടുഡേ മലയാളത്തില്‍ കളര്‍ഫുളായി പ്രസിദ്ധീകരിച്ചപ്പോഴാണ്. പക്ഷേ വായനക്കാര്‍ ഞാനെഴുതുന്നതിനെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് പിടിയുണ്ടായിരുന്നില്ല. ലൈബ്രറിയിലെ റീഡിങ് റൂമില്‍ ഒരാള്‍ അത് വായിക്കാന്‍ തുടങ്ങുന്നത് ഞാന്‍ പിന്നില്‍നിന്ന് കണ്ടു. എന്റെ ഹൃദയമിടിപ്പ് കൂടി. എന്നാല്‍ ഏതാനും വരികള്‍ക്കുശേഷം അദ്ദേഹം വായന അവസാനിപ്പിച്ച് മാസികയുടെ ഏറ്റവും പിന്നില്‍ സിനിമാനടികളുടെ വിശേഷങ്ങളിലേക്ക് മടങ്ങി.

ആ കഥ തൃശൂര്‍ കറന്റ് ബുക്‌സ് തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ കാര്യമാണ്. തലേവര്‍ഷം ഞാന്‍ വലിയ താത്പര്യത്തോടെ വായിക്കുന്ന ഇ. സന്തോഷ്‌കുമാറിനായിരുന്നു അത് ലഭിച്ചത്. കറന്റ്ബുക്‌സ് അതേപേരില്‍തന്നെ സമാഹാരം പുറത്തിറക്കി.

പിന്നെയും കുറച്ച് കഥകളെഴുതിയെങ്കിലും ജീവിതം ബുദ്ധിമുട്ടിലായപ്പോള്‍ എഴുത്ത് വിട്ടു. എഴുതി ശീലിച്ചവര്‍ക്ക്അതിന് കഴിയാതിരുന്നാല്‍ മനസ്സ് വല്ലാതാകും. അങ്ങനെ സംഭവിച്ചപ്പോള്‍ വായനയും ഉപേക്ഷിച്ചു. പുസ്തകങ്ങളും മാസികകളും നോക്കാതായി. വേറൊരാളായി ഇനിയുള്ള കാലം ജീവിച്ചാലോ എന്നാലോചിച്ചു. ആറേഴ് വര്‍ഷം അങ്ങനെ പോയി. എന്നാല്‍ ജീവിതത്തിലെ ഏതെങ്കിലും സമയത്ത് എഴുതിനോക്കിയ ആളെ
കഥകള്‍ വിടാതെ പിന്തുടരും.

യാദൃച്ഛികത എങ്ങനെയൊക്കെ കളിക്കും എന്നാലോചിക്കുന്നത് രസമാണ്. പരിചയവൃത്തത്തിലേ ഇല്ലാതിരുന്ന ഒരു പത്രാധിപര്‍ ഒരു ദിവസം വിളിക്കുന്നു. കെ. വേണുവിന്റെ പുതിയ പുസ്തകത്തെക്കുറിച്ച് ഒരു പുസ്തകാഭിപ്രായം എഴുതിക്കൊടുക്കണം. കെ. വേണുതന്നെയാണ് അതിനായി എന്റെ പേര്  നിര്‍ദ്ദേശിച്ചത്. കാരണം ഞാനൊരിക്കല്‍ മലയാളം വാരികയില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. അത് എഴുതിക്കൊടുത്തു. അതിശയകരമായി എന്റെ തടസ്സങ്ങള്‍ മാറി. വീണ്ടും കഥകളെഴുതിത്തുടങ്ങി. ആ വരവിലെ ആദ്യകഥ മാന്ത്രികവാല്‍ എന്റെ പ്രിയപ്പെട്ട കഥയായത് അങ്ങനെയാണ്. പിന്നെ ഇന്നോളം എഴുത്ത് മുടങ്ങിയിട്ടില്ല. ഇനി മുടക്കാനും ഉദ്ദേശ്യമില്ല. മൂന്ന് സമാഹാരങ്ങളിലായി വന്ന കഥകള്‍ ഇതിലുണ്ട്. മാസികകളില്‍ പ്രസിദ്ധീകരിച്ച് കോപ്പികള്‍ കൈമോശം വന്ന ഒരുപിടി കഥകള്‍ വേറെയും ഉണ്ട്. എന്നെ നിര്‍മ്മിച്ച വേദനകളും സന്തോഷങ്ങളുമാണ് ഈ കഥകളിലുള്ളത്. കഥകള്‍ പ്രസിദ്ധീകരിച്ച പത്രാധിപന്മാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നന്ദി. തുടക്കസമയത്ത് പ്രചോദനം നല്‍കുന്ന രീതിയില്‍ സംസാരിച്ചിരുന്ന സുഹൃത്തുക്കള്‍ മരിച്ചുപോയ കെ. വി. അനൂപ്, കെ.വി. സുധാകരന്‍ എന്നിവരെ ഓര്‍ക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

Comments are closed.