കാസര്‍ഗോഡിന്റെ സ്വത്വപ്രതിസന്ധികള്‍
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
അര്‍ത്ഥവ്യക്തമായ ആശയവിനിമയം ഇല്ലാതാക്കി പരസ്പരം സംവദിക്കാനുള്ള ഉപാധിയായ ഭാഷയെ മുഴുവന്‍ കലക്കിക്കളഞ്ഞ് മനുഷ്യവംശത്തെ മുഴുവന്‍ ചിതറിച്ച ദൈവത്തിന്റെ പ്രവൃത്തി സംഭവിച്ചത് തുളുനാട് എന്നറിയപ്പെട്ടിരുന്ന, കാസര്‍ഗോഡിന്റെ ഹോസ്ദുര്‍ഗ്ഗ് മുതല്‍ വടക്കോട്ടുള്ള പ്രദേശത്താണ് എന്നു തോന്നിപ്പോകും. ഇക്കേരിയന്‍മാരുടെ കോട്ട സ്ഥിതി ചെയ്യുന്ന ഹോസ്ദുര്‍ഗ്ഗ് മുതല്‍ കര്‍ണാടക അതിര്‍ത്തിവരെയുള്ള കേരളത്തിന്റെ പ്രദേശങ്ങള്‍ ഇങ്ങനെ ഭാഷതന്നെ ചിതറിപ്പോയ ഒരു സമൂഹത്തിന്റെ ചിത്രമാണ് തരുന്നത്.
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുന്നുവെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും ദൈവം കണ്ടു. മഹാപ്രളയം സൃഷ്ടിച്ചശേഷം ഉയിര്‍ത്തുവന്ന മനുഷ്യസമൂഹത്തിന് ഒരു ഭാഷയും ഒരു സംസാരരീതിയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. കിഴക്കുനിന്നും വന്നവര്‍ ഷിനാറില്‍ ഒരു സമതല പ്രദേശം കണ്ടെത്തി അവിടെ പാര്‍പ്പുറപ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: “”നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. ഇല്ലെങ്കില്‍ നാം ഭൂമുഖത്താകെ ചിതറിപ്പോകും.” മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ ദൈവം ഇറങ്ങിവന്നു. അവിടുന്ന് പറഞ്ഞു: “”അവരിപ്പോള്‍ ഒരു ജനതയാണ് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളൂ. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമല്ല. നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാന്‍ ആകാത്തവിധം ഭിന്നിപ്പിക്കാം.” അങ്ങനെ ദൈവം അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണം പണി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ആ സ്ഥലത്തിന് ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവെച്ചാണ് ദൈവം ഭൂമിയില്‍ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും (ബൈബിള്‍, പഴയനിയമം, ഉത്പത്തി പുസ്തകം, 6 മുതല്‍ 11 വരെ അധ്യായം).
അര്‍ത്ഥവ്യക്തമായ ആശയവിനിമയം ഇല്ലാതാക്കി പരസ്പരം സംവദിക്കാനുള്ള ഉപാധിയായ ഭാഷയെ മുഴുവന്‍ കലക്കിക്കളഞ്ഞ് മനുഷ്യവംശത്തെ മുഴുവന്‍ ചിതറിച്ച ദൈവത്തിന്റെ പ്രവൃത്തി സംഭവിച്ചത് തുളുനാട് എന്നറിയപ്പെട്ടിരുന്ന, കാസര്‍ഗോഡിന്റെ ഹോസ്ദുര്‍ഗ്ഗ് മുതല്‍ വടക്കോട്ടുള്ള പ്രദേശത്താണ് എന്നു തോന്നിപ്പോകും. ഇക്കേരിയന്‍മാരുടെ കോട്ട സ്ഥിതി ചെയ്യുന്ന ഹോസ്ദുര്‍ഗ്ഗ് മുതല്‍ കര്‍ണാടക അതിര്‍ത്തിവരെയുള്ള കേരളത്തിന്റെ പ്രദേശങ്ങള്‍ ഇങ്ങനെ ഭാഷതന്നെ ചിതറിപ്പോയ ഒരു സമൂഹത്തിന്റെ ചിത്രമാണ് തരുന്നത്. ഇന്നും കാസര്‍ഗോഡ് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഭാഷാവൈവിധ്യത്താലും അതിന്റെ ഫലമായുള്ള വ്യത്യസ്ത സംസ്‌കാരത്താലും തീര്‍ത്തും ചിതറപ്പെട്ടുതന്നെയാണുള്ളത്. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ എത്തുമ്പോള്‍ ഈ സങ്കീര്‍ണ്ണത പിന്നെയും രൂക്ഷമായിത്തീരുന്നുണ്ട്. വ്യത്യസ്ത ഭാഷകളുടെ ഈ സങ്കലനത്തെ എം. എ. റഹ്‌മാന്റെ പൊസങ്കടി: ഒരു അന്വേഷണറിപ്പോര്‍ട്ട് എന്ന നോവലിലെ “ചരിത്രം സംസ്‌കാരം ഭാഷ’ എന്ന ഭാഗത്ത് വിശദമാക്കുന്നുണ്ട്: “”പണ്ട് രണ്ടു നാടുകളെ വേര്‍തിരിക്കുന്ന അതിര്‍ത്തിയുടെ അടയാളങ്ങളേ പൊസങ്കടിയില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഹൊസങ്കടി ഗുമ്പയുടെ ഓരോ മലമടക്കുകളുടെയും താഴ്‌വാരത്തെ വയല്‍ത്തട്ടുകള്‍ അടുക്കങ്ങളായി അറിയപ്പെട്ടു. പൊസങ്കടിയെ ചുറ്റിയൊഴുകുന്ന ഷിറിയപ്പുഴയുടെ കരയിലെ എക്കല്‍ കലര്‍ന്ന മണ്ണിനെ അതിര്‍ത്തികടന്നുവന്ന നാനാതരം വംശക്കാര്‍ തങ്ങളുടെ ആസ്ഥാനമാക്കി. പിന്നെ ജനപദങ്ങള്‍ ഉണ്ടായി. അവര്‍ തങ്ങളുടെ അനുഷ്ഠാനങ്ങളും ജീവിതശൈലികളുംകൊണ്ട് പൊസങ്കടിയുടെ പുരാതന ചരിത്രം നിര്‍മ്മിച്ചു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വന്ന മുസ്‌ലിം യോദ്ധാക്കള്‍ കടല്‍യാത്രയുടെ മര്‍മ്മമറിഞ്ഞ കപ്പിത്താന്മാരുടെ വംശപരമ്പരയെ പൊസങ്കടിക്ക് ദാനം ചെയ്തു. അവര്‍ ഹിന്ദുസ്ഥാനിയില്‍ സംവദിച്ചു. ഗോവയില്‍നിന്നും പറങ്കികളുടെ പീഡനത്തില്‍നിന്നും രക്ഷപ്പെട്ട് പലായനംചെയ്ത കൊങ്കിണികള്‍ക്കും പൊസങ്കടി അഭയം നല്‍കി. അവര്‍ സസ്യാഹാരികള്‍ ആയിരുന്നു. മഞ്ജുനാഥ ക്ഷേത്ര സമുച്ചയത്തിന്റെ പരിസരത്ത് അവര്‍ തമ്പടിച്ചു. വടക്കുനിന്നും വന്ന ബ്രാഹ്മണരാവട്ടെ, തുളുവിലും കന്നഡയിലും ഒരുപോലെ സംവദിച്ചു. മനോഹരമായ കല്‍പ്പടവുകളും കുളങ്ങളും കൊണ്ട് അവരുടെ ഗൃഹനിര്‍മ്മാണം വേറിട്ടുനിന്നു. ഇടയ്ക്കിടയ്ക്ക് യക്ഷഗാനത്തിന്റെ പരസ്യവണ്ടികള്‍ ഒന്തേ ഒന്തു ആട്ട, ബയലാട്ട എന്ന് വിളിച്ചു പറഞ്ഞ് പൊസങ്കടിയെ ചുറ്റി.” ഇങ്ങനെ പൊസങ്കടിയിലെ വ്യത്യസ്ത വിഭാഗം മനുഷ്യരേയും അവരുടെ ഭാഷയുടേയും സംസ്‌കാരത്തിന്റേയും കലകളുടേയും കടന്നുവരവ് ഈ ഭാഗത്ത് വിശദമാക്കപ്പെടുന്നുണ്ട്.
പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്