DCBOOKS
Malayalam News Literature Website

കട്ടിപ്പൊക്കം എന്ന ഗ്രാമവും, ആ ഗ്രാമക്കാരുടെ സംഭവബഹുലമായ ജീവിതവും

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’ക്ക് ഹരികൃഷ്ണന്‍ രവീന്ദ്രന്‍ എഴുതിയ വായനാനുഭവം

ആദ്യ നോവലായ യാ ഇലാഹി ടൈംസിലൂടെ മലയാള സാഹിത്യത്തില്‍ തന്റെ വരവ് അതിഗംഭീരമാംവിധം അറിയിച്ച, 2018ലെ ഡി സി ബുക്‌സ് സാഹിത്യ പുരസ്‌കാരത്തോടെ തന്റെ പേര് തങ്ക ലിപികളാല്‍ ചാര്‍ത്തപ്പെട്ട അനില്‍ ദേവസ്സിയുടെ രണ്ടാമത്തെ നോവലാണ് ‘കാസ പിലാസ’. ഏതൊരു എഴുത്തുക്കാരനും ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് മികവ് പുലര്‍ത്തിയ ആദ്യ കൃതിയുടെ ബാക്കി പത്രങ്ങളുടെയും, അനുമോദനാശംസകളുടെയും പിടിയില്‍ പെടാതെ രണ്ടാമത്തെ കൃതി മനോഹരമാക്കുകയെന്നിരിക്കെ, വെല്ലുവിളികള്‍ ചൊല്ലുവിളികളായി മാറ്റി ആത്മാംശമുള്ളൊരു മനോഹര കാവ്യവുമായി വീണ്ടും അനില്‍ ദേവസ്സി തന്റെ തൂലികയാല്‍ അക്ഷരാത്ഭുതങ്ങള്‍ തീര്‍ക്കുകയാണ്….!

കട്ടിപ്പൊക്കം എന്ന ഗ്രാമവും, ആ ഗ്രാമക്കാരുടെ സംഭവബഹുലമായ ജീവിതവുമാണ് കാസ പിലാസ പറയുന്നത്. ഇമ്മട്ടിച്ചാച്ചനും, കുഞ്ഞേശുവും, ബ്രീജീത്താമയും, കുഞ്ഞമ്പുവും, Textകരിവണ്ടും, എല്‍സിയും,കറിമങ്കയും മിഖായേലച്ചനും റീത്തയും…അങ്ങനെ കുറേ പച്ചയായ മനുഷ്യരുടെ പടവെട്ടലിന്റെയും, നേടിയെടുക്കലുകളുടെയും, കുതന്ത്രങ്ങളുടെയും,കൊടും ചതികളുടെയും, പട്ടിണിയുടെയും, പകയുടെ പ്രതികാരത്തിന്റെ പ്രണയത്തിന്റെ മാതൃത്വത്തിന്റെ, ജനന മരണങ്ങളുടെ, നന്മ തിന്മകളുടെ, ലാഭ നഷ്ടങ്ങളുടെയെല്ലാം ചേര്‍ന്ന ജീവിത യുദ്ധത്തിന്റെ കഥകളാണ്…മാറി മാറി വരുന്ന പ്രകൃതിയുടെ പല പല അവസ്ഥകള്‍ പോലെ മാറി മാറി വരുന്ന മനുഷ്യന്റെ പല പല മാനസങ്ങള്‍ക്കനുസരിച്ച് മാറി കൊണ്ടേയിരിക്കുന്ന ജീവിതാവസ്ഥകളും ആത്മസംഘര്‍ഷങ്ങളും കൊടുക്കല്‍ വാങ്ങലുകളും പിന്‍വലിയലുകളും…അവസാനം മാളിക മുകളേറിയ മന്നനും,തെരുവില്‍ അലയുന്ന ദരിദ്രനും ഒരു പോലെ ചൂട് നഷ്ടപ്പെട്ട് ചൂട്ടിനോ മണ്ണിനോ പുഴുവിനോ ഇരയോ വളമോ ആകുന്നു….

ഒരു ഗ്രാമത്തിലെ രണ്ട് തലമുറകളുടെ കഥ പുതിയ നിയമം പഴയ നിയമം എന്നീ രണ്ട് ഭാഗങ്ങളിലായി, രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെ പറയുന്ന കാസ പിലാസ ആദ്യാവസാനം ഭാഷയിലെ ഗ്രാമീണ സൗന്ദര്യം കടുവിട ചോരാതെ, നാടന്‍ പ്രയോഗങ്ങളുടെയും, തനി നാടന്‍ വാക്കുകളുടെയും ഉപയോഗം കഥയുടെ ജന്മകര്‍മ്മാവസനത്തിലുടനീളം നിലനിര്‍ത്തി കൊണ്ട്, സാഹിത്യത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കഥയുടെ ഒഴുക്കിനെ ഒരു ഘട്ടത്തിലും ബാധിക്കാതെ തന്നെ നോവലിസ്റ്റ് വാക്കുകളെ ഒഴുക്കി വിട്ടപ്പോള്‍ ലഭിക്കുന്നത് ഇടക്കിടെ ഞെട്ടിക്കുകയും, നൊമ്പരപ്പെടുത്തുകയും അവസാനം പഴയതും പുതിയതുമായ നിയമങ്ങളുടെ, ആ കഥാപരിസരങ്ങളിലെ ഊര്‍ജ്ജത്തിന്റെയും, കഥാപാത്രങ്ങളുടെ പുണ്യപാപങ്ങളുടെയുമെല്ലാം ആവാഹനഫലമായി, നവ്യാനുഭൂതി നല്‍കുന്നൊരു വായനാനുഭവമായിരിക്കും…

374 പേജുകളുള്ള പുസ്തകത്തിലെ അവസാന ഭാഗത്തില്‍ എഴുത്തുകാരന്‍ നോവലെഴുത്തിനെ പറ്റി വായനക്കാരോട് വിവരിക്കുന്ന ഭാഗത്തിലെ അവസാന വരി ഇങ്ങനെയാണ് ‘ഇനിയൊരു നോവലുമായി ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ…!’ പ്രിയപ്പെട്ട അനില്‍ ദേവസ്സി, താങ്കള്‍ക്ക് അതിനെ പറ്റി അറിയില്ലെങ്കിലും എനിക്ക് അറിയാം, യാ ഇലാഹി ടൈംസ് പോലെ, കാസ പിലാസ പോലെ ഇനിയും ഇനിയും വെറും കാട്ടി കൂട്ടലുകള്‍ അല്ലാത്ത കൂടെ കൂട്ടി കൊണ്ട് പോകലുകള്‍ ആയ ഹൃദ്യമായ മനോഹര സൃഷ്ടികളുമായി ഇനിയും ഇനിയും താങ്കള്‍ വരിക തന്നെ ചെയ്യും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.