പച്ചയായ ജീവിതാവിഷ്കാരങ്ങളുടെ ‘കാസ പിലാസ’
അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’ക്ക് വിഷ്ണുപ്രിയ സി വി എഴുതിയ വായനാനുഭവം
പച്ചയായ ജീവിതാവിഷ്കാരങ്ങളുടെ ‘ കാസ പിലാസ’ യാണിത്. വായിച്ച് എത്ര മുന്നോട്ട് പോയാലും അനുഭവങ്ങളുടെ തീച്ചൂളകളിലേക്ക് നിങ്ങളൊന്ന് നോക്കിപ്പോകും. നീതിമാന്മാരെയും പുണ്യവാളന്മാരെയും വഴിപിഴച്ച് പോയവരെയും പാപികളെയും കാസ പിലാസയിൽ കണ്ടുമുട്ടാം. തുടക്കം മുതൽ ഒടുക്കം വരെ കട്ടിപ്പൊക്കം ഗ്രാമത്തിലൂടെ യാത്ര ചെയ്യാം.
ഒരുപിടി ജീവനുള്ള കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്തമായ പ്രാദേശിക ആഖ്യാനമാണ് അനിൽ ദേവസ്സിയുടെ ‘കാസ പിലാസ’ എന്ന നോവൽ. പലപ്പോഴും തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത ജീവിതത്തെ എങ്ങനെയൊക്കെയോ അവർ തളച്ചിടാൻ ശ്രമിക്കുന്നു. നീറുന്ന അവരുടെ ഓർമകളിൽ. ജീവിതത്തിന്റെ നൈരാശ്യതകളിൽ… അതുമല്ലെങ്കിൽ ഒരു തരം കടുത്ത വിഷാദത്തിൽ.. അങ്ങനെ അങ്ങനെ…ബ്രിജീത്താമ്മയും ഇമ്മട്ടിച്ചാച്ചനും റീത്തയും കുഞ്ഞേശുവും കൃഷ്ണനും കരിവണ്ടും ഒക്കെ ഏതൊക്കെയോ വിധത്തിൽ നമ്മെ സ്പർശിക്കാതെ കടന്നുപോവില്ല. എന്തുകൊണ്ടോ മനസ്സിൽ ആഴത്തിൽ സ്പർശിച്ച ഒരു കഥാപാത്രം കുഞ്ഞേശുവാണ്. എല്ലാവരാലും മന്ദബുദ്ധിയായി അവഗണിക്കപ്പെടുമ്പോഴും കട്ടിപ്പൊക്കത്തിലെ മനുഷ്യരുടെ നിർണായകമായ ജീവിത സന്ദർഭങ്ങളിലൊക്കെയും അദൃശ്യമായ അവന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഒരു രക്ഷകന്റെ അവതാരം എന്ന പോലെ. മറ്റുചിലർ നൈരാശ്യതയുടെ പടുകുഴികളിലേക്ക് തള്ളിയിടപ്പെട്ട് ആത്മഹുതി ചെയ്തവരാണ്. മറ്റുചിലർ മനസ്സിന്റെ പാളം തെറ്റിയവരാണ്.
” മനസ്സിന്റെ പാളം തെറ്റിയാൽ പിന്നെ പണവും സ്നേഹബന്ധങ്ങളും മോഹങ്ങളും ദൈവങ്ങളും വേദപുസ്തകങ്ങളുമൊക്കെയും മായ മാത്രമാണ്. മൂന്നേ മൂന്ന് കാര്യങ്ങളെ അവരെ വഴിനടത്തൂ. വിശപ്പ്, ദാഹം, കാമം “. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കും, കഥയുടെ ആന്തരിക ഘടനയിലേക്കും സൂക്ഷ്മ സഞ്ചാരം സാധ്യമാക്കും വിധം ഭാഷ കൊണ്ടും ആഖ്യാന ശൈലികൊണ്ടും കാസ പിലാസ മികച്ച ഒരു അനുഭവമാണ്.
“വന്നവരും പോയവരും എന്ത് ചെയ്തു എന്നതിന്മേൽ വ്യാകുലപ്പെടാതെ തോന്നും പടി ജീവിച്ചു മരിക്കുവാനുള്ള ” അനുഗ്രഹത്തോടെ കാസ പിലാസയുടെ ലോകം അവസാനിക്കുന്നു.
Comments are closed.