DCBOOKS
Malayalam News Literature Website

‘കാസ പിലാസ’; പച്ച മനുഷ്യരുടെ രക്തവും മാംസവും

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’ക്ക് ജോയ് ഡാനിയേൽ (കഥാകൃത്ത്, നോവലിസ്റ്റ്) എഴുതിയ വായനാനുഭവം

ഡി സി പുരസ്‌കാരം നേടിയ ‘യാ ഇലാഹി ടൈംസ്’ എന്ന നോവലിലൂടെയാണ് അനില്‍ ദേവസ്സിയെ ആദ്യമായി വായിച്ചറിയുന്നത്. കഥകളിലൂടെ എഴുത്താരംഭിച്ച്, ‘കാസ പിലാസ’ എന്ന നോവലില്‍ എത്തി നില്‍ക്കുമ്പോള്‍, മലയാള സാഹിത്യലോകത്ത് തന്റെ സ്ഥാനം ശക്തമായിഉറപ്പിച്ചിരിക്കുന്നു അനില്‍ ദേവസ്സി.

പ്രാരംഭത്തില്‍ തന്നെ കഥയുടെ രൂപം പ്രാര്‍ത്ഥന മട്ടില്‍ കുറിക്കുന്നുണ്ട്. ‘ഈ കാസയിലും പിലാസയിലും ഒരുക്കിവച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചുപോയവരെന്നു മുദ്രകുത്തപെട്ടവരുടെയും രക്തവും മാംസവുമാകുന്നു’.

കഥ ആരംഭിക്കുന്നത് ഒരു ജയില്‍ മുറിയിലാണ്. അന്ധകാരത്തില്‍ അവിടുത്തെ കളികളില്‍ ആരംഭിക്കുന്ന കഥ, വായനക്കാരെ കൊണ്ടുപോകുന്നത് കര്‍ക്കിടമാസത്തിലെ കലിതുള്ളി നില്‍ക്കുന്ന മഴയിലേക്കാണ്.അവിടെ കട്ടിപ്പൊക്കം ഗ്രാമത്തില്‍പച്ചയായ ജീവിത സത്യങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരില്‍ തുടങ്ങി, പല തലമുറകളിലേക്ക്കഥ മുന്നോട്ട് പോകുന്നു.പഴയ നിയമം, പുതിയ നിയമം എന്നിങ്ങനെ കഥയെ പകുത്തിരിക്കുന്നു. ക്രൈസ്തവ വിശ്വാസവും ആചാരരീതികളും ആഴത്തില്‍ വേരോടിയിരിക്കുന്നു.കഥ പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നതാകട്ടെ നാടന്‍ തൃശൂര്‍ ഭാഷയും. പല ആള്‍ക്കാരാണ്കട്ടിപ്പൊക്കം ഗ്രാമത്തിന്റെ കഥകള്‍ പറയുന്നത്.കഥയില്‍ വാമൊഴി ശൈലിയാണ് കൂടുതലും. അതാകട്ടെ വായനക്കാരെ ഹരം പിടിപ്പിക്കുകയും വേദനിപ്പിക്കുകയും ഇടയ്ക്കിടെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും. ഭാഷയില്‍ അനുവര്‍ത്തിച്ചിരിക്കുന്ന പരീക്ഷണങ്ങളാലുംരീതികളാലും തൂലികവഴക്കത്താലും ‘കാസാ പിലാസ’ സമ്പന്നമാകുന്നത് അവിടെയാണ്.

പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, മുന്നൂറ്റി എഴുപതിനാല് പേജുകള്‍തുടക്കം മുതല്‍ ഒടുക്കംവരെ മടുപ്പില്ലാതെ വായിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ്. ഓരോ അധ്യായവും Textഅവസാനിക്കുന്നത് അടുത്ത അധ്യായത്തിലേക്കുള്ള ആകാംഷയുടെ തീപ്പൊരി വിതറിക്കൊണ്ടാണ്. അതിനാല്‍ത്തന്നെ ഒരു സസ്‌പെന്‍സ് കഥയോ ക്രൈം ത്രില്ലറോ വായിക്കുന്ന കണക്കെ താളുകള്‍ മറിയുന്നത് വായനക്കാരന്‍ അറിയുകയേയില്ല.

നോവലില്‍ ഏറ്റവും ശക്തനായ കഥാപാത്രം കുഞ്ഞേശു എന്ന ബുദ്ധിമാന്ദ്യമുള്ള ആളാണ്. തുടക്കത്തില്‍ പൊട്ടന്‍ എന്ന ലേബലില്‍ കാണുമെങ്കിലും പിന്നീട് രക്ഷകനെപ്പോലെയും പുണ്യവാളനെപ്പോലെയും പ്രത്യക്ഷനാകുകയും അതിവേഗത്തില്‍അപ്രത്യക്ഷ്യനാകുകയും ചെയുന്ന വല്ലാത്ത കഥാപാത്രം. കഥയുടെ മുന്നോട്ടുള്ള പോക്കിലും കഥാപാത്രങ്ങളുടെ പ്രതിസന്ധി ഘട്ടത്തിലും ഒക്കെ ശക്തിമാനായി ഈ പൊട്ടന്‍ ചെക്കന്‍ അവതരിക്കുന്നു. ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞേശുകഥയുടെ മുന്നോട്ടുള്ള പോക്കില്‍ വളരുകയുംഅപ്പന് ശല്യമായിത്തീര്‍ന്ന് ഇരുമ്പുകൂട്ടില്‍ കെട്ടിയിടപ്പെടുകയും ചെയ്യുന്നുണ്ട്.വലുതാകുമ്പോള്‍ വീട് വിട്ട് അലഞ്ഞ് തിരിഞ്ഞു നടക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പക്കിളിയെപ്പോലെ ഒരിക്കല്‍ വായിച്ചാല്‍ പറിച്ചെറിഞ്ഞാലും മനസ്സില്‍നിന്നുംപോകാത്ത കഥാപാത്രമാണ് കുഞ്ഞേശു. ‘ഊഹ് ഊഹ് ഊഹ്’ എന്ന് അവന്‍ സംസാരിക്കുന്നതും ‘അന്ന മുന്ന’ എന്ന് ബന്ധനസ്ഥനായി, അമ്മയെവിളിച്ച് സ്വന്തം വിസര്‍ജ്ജ്യത്തില്‍ കിടന്ന് നിലവിളിക്കുകയുംഅത് ഭക്ഷണമാക്കുക്കുകയും ചെയ്യുന്നകുഞ്ഞേശു, എഴുത്തുകാരന്റെ തൂലികയില്‍ നിന്ന് ജനിച്ച റിയാലിറ്റിയും ഫാന്റസിയും എല്ലാം കൂടിച്ചേര്‍ന്ന ഇടിവെട്ടു കഥാപാത്രമാണ്. കഥയുടെ അവസാനഭാഗത്ത് റീത്ത ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കൂ. ‘അമ്മച്ചീ, സത്യത്തില്‍ മ്മടെ കുഞ്ഞേശു ആരാണ്?’ അതിന് അമ്മ പറയുന്ന മറുപടി:’അവനേ.. അവനല്ലേടീ മ്മടെ പുണ്യാളന്‍’.

മനസ്സില്‍ നിന്നും മായിക്കാനാകാത്തകുറെയേറെകഥാപാത്രങ്ങളുടെ വിന്യാസം ഈ കഥയില്‍എടുത്തുപറയേണ്ടതുണ്ട്.കണ്ണെത്താ ദൂരത്ത് ഭൂമി പിടിച്ചടക്കി വച്ചിരുന്ന ഇമ്മട്ടിച്ചാച്ചന്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളുടെ ഉത്തമ ഉദാഹരമമാണ്. ഭൂവുടമയായുംഗുണ്ടയായും ക്രൂരനായും ജീവിതാവസാനംതെണ്ടിയായും ഒരാള്‍ മാറുന്നതിന്റെ ചിത്രമാണ് ആ കഥാപാത്രത്തിന് ആടിത്തീര്‍ക്കുവാനുള്ളത്. ഇമ്മട്ടിച്ചാച്ചന്റെ ഭാര്യ ബ്രിജിത്തമ്മയും റീത്തയും വായനക്കാരനില്‍ വിങ്ങലായി മാറുന്ന താരങ്ങള്‍. ഭര്‍ത്താവിന്റഉയര്‍ച്ചയും താഴ്ച്ചയും കൊള്ളരുതായ്മകളും താളം തെറ്റിക്കുന്ന ബ്രിജിത്തയുടെയും റീത്തയുടെയും ഒക്കെജീവിതം വായിച്ചു പോകുമ്പോള്‍ വായനക്കാരന്റെ മനസ്സ് പിടയും.

മിഖായേല്‍ അച്ചന്‍ എന്ന നീതിമാന്‍,കഥയുടെ ആദ്യഭാഗം വിവരണം നടത്തുന്ന കുഞ്ഞമ്പു, ബാക്കി ഭാഗം പറഞ്ഞുതരുന്ന റീത്ത, കുട്ടിച്ചാത്തന്‍ സേവ നടത്തിപുത്തന്‍ പണക്കാരനായിമാറുകയും പിന്നെ അതേ കുട്ടിച്ചാത്തനാല്‍ കുടുംബം കുളം തോണ്ടുകയും ചെയ്യപ്പെടുന്ന ലോറന്‍സും എല്‍സിയും അവരുടെ വളര്‍ത്തുമകന്‍ ജോസൂട്ടിയുംപൈലിമാര്‍ഗ്ഗം പൈലിയും, നോഹഷിപ്പ് ജോണ്‍സനും ഹോട്ടലിലെ കറിവെപ്പുകാരി ആയി തുടങ്ങി, ഇമ്മട്ടിയുടെ വെപ്പാട്ടി ആയിമാറി ഗര്‍ഭവുമായി നാടുവിട്ട് അവിടെ അമ്മത്തായ് എന്നആള്‍ദൈവമായി മാറുന്ന കറിമങ്ക, ഗ്ലോറിയ, ആനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്‍, കരിവണ്ട് എന്ന കാടിന്റെസന്തതി, ഒറ്റകള്‍ എന്ന ഇരട്ടകള്‍തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങള്‍. ഓരോരുത്തര്‍ക്കുംഅവരവരുടേതായ വ്യക്തമായ സ്ഥാനംനല്‍കുവാനും വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ഠിക്കുവാനും അനില്‍ ദേവസ്സി നടത്തിയിരിക്കുന്ന ശ്രമം പാഴായിട്ടില്ല.

മനുഷ്യന്റെ അവസ്ഥകള്‍, കയറ്റിറക്കങ്ങള്‍, നന്മയും തിന്മയും തമ്മിലുള്ള വടംവലി ഒക്കെയാണ് നോവലിലെപ്രധാന വിഷയങ്ങള്‍. എന്നാല്‍ ഇതിനൊപ്പംആനുകാലിക സംഭവങ്ങളും കഥയില്‍ നിരനിരയായി വരുന്നുണ്ട്. വളരും തോറും പിളരുന്ന സഭകള്‍ക്കും പാര്‍ട്ടികള്‍ക്കും നേരെ വിമര്‍ശനത്തിന്റെ ചാട്ടുളിയും ചാത്തനേറുംകഥാകൃത്ത് നടത്തുന്നുണ്ട്.ദൈവത്തെയും സിദ്ധാന്തങ്ങളെയും വളച്ചൊടിച്ച് സാധാരണക്കാരെവിഡ്ഢികളാകുന്ന പ്രക്രിയകള്‍ക്ക് നേരെ കര്‍ക്കിച്ചുതുപ്പുന്നു ഈ നോവല്‍. തൊഴിലാളിസഭയും ആനന്ദന്‍ എന്ന രാഷ്ട്രീയക്കാരനും ബ്രദര്‍ തോമയുംജോണ്‍പോളും ഗ്ലോറി മാതാവും അമ്മത്തായും ഒക്കെ ഉദാഹരണങ്ങള്‍. വിമര്‍ശനത്തിന് ഉപയോഗിച്ചിരിക്കുന്നതോ നാടന്‍ തൃശൂര്‍ തെറിയും.സാധാരണക്കാരായ മനുഷ്യന്‍ ആണാകട്ടെ പെണ്ണാകട്ടെകഥയിലുടനീളംമേലുംകീഴും നോക്കാതെ സംസാരിക്കുന്നത് വായനക്കാരനെ ചില്ലറയൊന്നുമല്ല ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

കഥയില്‍ ഉപയോഗിച്ചിരിക്കുന്ന ഭൂപ്രദേശങ്ങള്‍ കഥാപാത്രങ്ങളെപ്പോലെ തന്നെ പ്രാധാന്യം നിറയുന്നതാണ്. ദേശത്തെ അക്കല്‍ ദാമ എന്ന് വിശേഷിപ്പിക്കുന്ന കണ്ണമ്പുഴ പാടവും അവിടെ നടക്കുന്ന നിര്‍മ്മിതികളും പാരച്യൂട്ടിലെപെടുമരണങ്ങളും കഥയുടെ ഗതിയെ വല്ലാതെ സ്വാധീനിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. ചന്തയും ചായക്കടയും പുഴയും കാടുംപള്ളിയും സെമിത്തേരിയുംഎല്ലാം കഥയില്‍ പ്രധാനസ്ഥാനത്ത് തന്നെ. വായനക്കാരനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം കഥയിലുടനീളം വിതറിയിരിക്കുന്നസസ്‌പെന്‍സാകയാല്‍ കഥയിലേക്ക്ആഴത്തില്‍ ഊളിയിടുവാന്‍ശ്രമിക്കുന്നത് പുതിയ വായനക്കാരോടുള്ള ക്രൂരതയായിരിക്കും.

നോഹയുടെ കാലത്തെപ്പോലെ ഒരു പ്രളയം കഥയുടെ അവസാനഭാഗത്ത് വല്ലാത്ത വിഭ്രാന്തി സൃഷ്ടിക്കുന്നു. അതിന് കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍, ഡയലോഗുകള്‍ ഒക്കെ ലളിതം, സൂക്ഷ്മം സുന്ദരം എന്നേ പറയാനുള്ളൂ.

‘കാസാ പിലാസ’ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ചില കാര്യങ്ങളുണ്ട്. ഒന്ന് മലയാളത്തില്‍ വായിച്ച ചില നല്ല നോവലുകളുമായി ഈ പുസ്തകത്തെ ചേര്‍ത്ത് നിര്‍ത്തിയുള്ള ആലോചനയാണ്. സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’, ബന്യാമിന്റെ ‘മാന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ് വര്‍ഷങ്ങള്‍’, മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരുസ്ത്രീ’, വി.ജെ. ജയിംസിന്റെ ‘ആന്റി ക്‌ളോക്ക്’ എന്നീ നോവലുകളോടും അതിന്റെയൊക്കെ ഭാഷാസമ്പുഷ്ടതയോടും എഴുത്തിലെ പക്വതയോടും അനില്‍ ദേവസ്സി എന്ന യുവഎഴുത്തുകാരനും ചേര്‍ന്നു നില്‍ക്കുന്നു എന്നുള്ളതാണ്. ഒരെഴുത്തുകാരന്‍ സമൂഹത്തിന് നല്‍കാവുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകംമലയാളത്തിന് മാറ്റി നിര്‍ത്തുവാന്‍ കഴിയാത്തവണ്ണം വളര്‍ന്ന നോവലിസ്റ്റിനെ കാണിച്ചുതരുന്നു. ബന്യാമിന്‍ ഒരിക്കല്‍ ദുബായില്‍ വന്നപ്പോള്‍ അനില്‍ ദേവസ്സിയെപ്പോലെഒരുപാട് കഴിവുള്ള എഴുത്തുകാര്‍ പ്രവാസത്തില്‍ ഉണ്ടെന്ന് പറയുകയുണ്ടായി. അതിന് ബലം നല്‍കുന്നതാണ് അനിലിന്റേതായി പുറത്ത് വന്ന രണ്ട് നോവലുകളും. ഡി.സി. പുരസ്‌കാര ജേതാവായി മലയാള വായനക്കാരിലേക്ക് കടന്നുവന്ന എഴുത്തുകാരന്‍, മലയാള സാഹിത്യ ലോകത്തിന്റെ അതിര്‍വരമ്പുകളുംഭേദിച്ച് മുന്നോട്ട് പോകുവാന്‍ പാങ്ങുള്ള ‘കാസാ പിലാസ’ പോലെ എഴുത്തിലും വായനയിലും ജീവന്റെ രക്തവും മാംസവുമായിത്തീരുന്ന പുസ്തകവുമായി തിളങ്ങിനില്‍ക്കുന്നഎന്നുള്ളത് ഒരു പ്രവാസി എന്ന നിലയില്‍ഏറെ സന്തോഷം നല്‍കുന്ന കാര്യം തന്നെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.