കറുപ്പും വെളുപ്പും മഴവില്ലും
ഡോ.ഹരികൃഷ്ണന്‍
മനുഷ്യന്റെ സവിശേഷതകള്‍ യാതൊരു കാരണവശാലും അവന്റെ തൊലിനിറത്തെ ആശ്രയിച്ചിട്ടല്ല എന്നത് ഒരു പരമസത്യമായിരിക്കെ, ഈ ആധുനിക കാലത്തെ ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും ചിന്തകരുമെല്ലാം വെളുത്ത നിറമുള്ളവരില്‍ നിന്നായിരുന്നു എന്നു പറയുമ്പോള്‍ അറിയാതെ സംഭവിക്കുന്ന ഒരു പക്ഷപാതം ഉണ്ട്. അത് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നുമുണ്ട്. ശാസ്ത്രീയമായി പരിശോധിച്ചാല്‍ തൊലിനിറം ഇതിനൊരു കാരണമല്ല എന്നു കണ്ടുപിടിക്കാന്‍ യാതൊരു പ്രയാസവുമില്ലെന്നു മാത്രമല്ല, കണക്കുകള്‍ എങ്ങനെനമ്മെ തെറ്റിദ്ധരിപ്പിക്കുന്നു എന്നത് ഒരു നിഷ്പക്ഷമതിക്ക് തെളിയിക്കാനുമാവും. എന്നിരുന്നാലും, വെളുത്തവരാല്‍ ഈ ലോകത്തിനുമേല്‍ ഈയടുത്തകാലം വരെ അടിച്ചേല്പിക്കപ്പെട്ട മേധാവിത്വവും സ്വാധീനവും നമ്മളിലെല്ലാം അറിയാതെതന്നെ, വെളുത്ത ചര്‍മ്മത്തിന്റെ മേല്‍ക്കോയ്മയും അതിനോടുള്ള വിധേയത്വവും അന്തര്‍ലീനമാക്കിവയ്ക്കുന്നുണ്ട്. അതിനെ കുതറിയെറിയാനുള്ള വെമ്പലും പരിശ്രമങ്ങളും സംഭവിക്കണമെങ്കില്‍ നമ്മുടെയുള്ളിലെ ഡീഫോള്‍ട്ട് സെറ്റിങ് മാറ്റിയാലേ സാധിക്കൂ എന്നതുകൊണ്ടാണ് ഭൂരിപക്ഷം പേര്‍ക്കും അങ്ങനെയൊന്നും ചിന്തിക്കാനാവാത്തത്. അത് സമൂഹത്തിന്റെ പരാജയമായേ കാണാനുമാവൂ.
യൂറോപ്പില്‍നിന്നു സമ്പത്തിനും ഭൂമിക്കുംഅടിമകള്‍ക്കും വേണ്ടി ആഫ്രിക്കന്‍ വന്‍കരയുടെ തെക്കന്‍ ഭൂമിയില്‍ കുടിയേറുകയും തീര്‍ത്തും അനധികൃതവും മനുഷ്യത്വവിരുദ്ധവുമായി അവിടത്തെ നാട്ടുകാരെകൈയൂക്കുകൊണ്ട് കീഴ്‌പ്പെടുത്തുകയും അടിച്ചമര്‍ത്തുകയും കൊന്നൊടുക്കുകയും ചെയ്ത വെള്ളക്കാര്‍ അവിടെ കറുത്തവരില്‍ ദുരിതം വിതച്ചു. അധിനിവേശത്തിലേക്കും വംശീയതയിലേക്കും വര്‍ണ്ണവിവേചനത്തിലേക്കുമാണത് ദക്ഷിണാഫ്രിക്കയെ നയിച്ചത്. അവിടെ നടപ്പാക്കപ്പെട്ട അപ്പാര്‍ത്തൈഡ് വ്യവസ്ഥ കാലങ്ങള്‍കൊണ്ട് കറുത്തവര്‍ക്കും വെളുത്തവര്‍ക്കും രണ്ടര്‍ത്ഥങ്ങളാണ് പ്രദാനം ചെയ്തതെന്നു കാണാം. ആഫ്രിക്കാനറുകള്‍ എന്ന വെള്ളക്കാര്‍ക്ക്, അപ്പാര്‍ത്തൈഡ് എന്നാല്‍ വ്യത്യസ്തമായ പുരോഗമനം അഥവാ കറുത്തവരും വെളുത്തവരും വേറിട്ടുനിന്നുകൊണ്ട് പുരോഗതിയിലേക്കു മുന്നേറുക എന്നതായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ നാട്ടുകാരായ കറുത്തവര്‍ക്കാകട്ടെ ഇതവരെ അടിച്ചമര്‍ത്തുന്നതിനുള്ള അവസരമായി വെള്ളക്കാര്‍ മുതലെടുത്തതായിരുന്നു. അതായത്, തികഞ്ഞ സ്വാതന്ത്ര്യമില്ലായ്മതന്നെ. ഒരു സമൂഹം അപ്പാടെ കാരാഗൃഹത്തിലാക്കപ്പെട്ടാല്‍ എങ്ങനെയായിരിക്കും അതായിരുന്നു കറുത്തവരെ സംബന്ധിച്ചിടത്തോളം അപ്പാര്‍ത്തൈഡ്. ആ ഇരുണ്ട കാലത്ത് കറുത്തവരുടെ ജനസംഖ്യയുടെ നാലിലൊന്നുപോലുമുണ്ടായിരുന്നില്ല
വെളുത്തവര്‍ എന്നതും ഇവിടെ കൂട്ടിവായിക്കണം. ഈ ഭൂരിപക്ഷത്തിന്റെ ‘കാരാഗൃഹ-ഒരുമ’ പോലും ഇല്ലാതാക്കാന്‍, കറുത്തവരെ വ്യത്യസ്തരായ ഗോത്രങ്ങളായി വേര്‍തിരിച്ചായിരുന്നു, അപ്പാര്‍ത്തൈഡ് വിഭാവനം ചെയ്ത വേറിട്ട പുരോഗമനം. ഈ വ്യവസ്ഥയും അതിന്റെ നടത്തിപ്പുകാരായ നാഷനല്‍ പാര്‍ട്ടിയും അടിസ്ഥാനപരമായി സങ്കല്‍പ്പിക്കുന്നത് മനുഷ്യവംശങ്ങള്‍ തമ്മിലുള്ള വേര്‍തിരിയലുകളാണ്. അതിനനുസരിച്ചുള്ള വിവേചനങ്ങളാണ് അവര്‍ നടപ്പിലാക്കിയതും. അതായത്, അപ്പാര്‍ത്തൈഡ് എന്നാല്‍, അടിസ്ഥാനപരമായി വംശീയത അരക്കിട്ടുറപ്പിക്കുന്ന ഒന്നാണെന്നതുതന്നെ. 1944 ജനുവരി 25-ന് നാഷനല്‍ പാര്‍ട്ടിയുടെ ദേശീയ അപ്പാര്‍ത്തൈഡ് നയം അവതരിപ്പിച്ചുകൊണ്ട്, പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡോ. മാലന്‍ പറഞ്ഞത്, വെളുത്ത വംശത്തിന്റെയും ക്രിസ്ത്യന്‍ സംസ്‌കാരത്തിന്റെയും സത്യസന്ധമായ പരിരക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി അപ്പാര്‍ത്തൈഡ് അത്യന്താപേക്ഷിതമാണ് എന്നായിരുന്നു. 1994-നുമുമ്പ്, ദക്ഷിണാഫ്രിക്കയില്‍ വിദ്യാഭ്യാസത്തില്‍ കറുത്തവന് എന്തുവരെ പഠിക്കാം എന്നതിന് പരിമിതികളുണ്ടായിരുന്നു. അവന് എന്തായിത്തീരാം എന്നതിലുമതേ. രാഷ്ട്രത്തിന്റെ ഭാഗമാവാന്‍ അവന് സാധിക്കുകയേയില്ല. വോട്ടവകാശം പോലുമില്ല. അങ്ങനെ വരുമ്പോള്‍ ഇത്തരമൊരു വ്യവസ്ഥ കറുത്തവന്റെ അഭിമാനവും അന്തസ്സും സ്വയം നിര്‍ണ്ണയാവകാശവും ഇല്ലായ്മ ചെയ്യുകയായിരുന്നു
എന്നതില്‍ സംശയം വല്ലതും വേണോ? അടിമത്തം, വിധേയത്വം, അനീതി എന്നിവയ്ക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ്, കറുത്തവര്‍ പതിറ്റാണ്ടുകളോളം ഈ ആധുനികരാഷ്ട്രത്തില്‍ അന്യരായി കഴിഞ്ഞത്. അതും സ്വന്തം രാജ്യത്ത്. ഒന്നാലോചിച്ചുനോക്കൂ, പിറന്ന നാട്ടില്‍ അന്യാധീനരാവുന്നതിന്റെ വേദന, ഒരുപക്ഷേ, അതനുഭവിച്ചാലേ മനസ്സിലാകൂ.
മനുഷ്യജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത് ചില സവിശേഷതകളിലൂടെയാണ്.
ആത്മീയവും സദാചാരപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍. അതായത്, ഒരു മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയുമെല്ലാം മറ്റൊരാള്‍ക്ക് ചേര്‍ത്തുപിടിക്കാനാവുന്നതിലൂടെ ഈ സവിശേഷതകളെല്ലാം ഒത്തൊരുമിച്ച് പ്രകടിപ്പിക്കപ്പെടുമ്പോഴേ, മനുഷ്യജീവികളുടെ കൂട്ടം ഒരു സമൂഹമായി മാറുന്നുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രത്തിലെ ജനസമൂഹം എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നു നോക്കൂ. മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന സവിശേഷതകള്‍ പോലും ഇല്ലാത്ത, അധമത്വമല്ലേ വെളുത്തവര്‍ നയിച്ചിരുന്ന ആ സമൂഹം കൊണ്ടാടിയിരുന്നത്? ലോകമെമ്പാടും വെളുത്തവര്‍ കറുത്തവരില്‍ തലമുറകളായി അടിച്ചേല്പിച്ച അപകര്‍ഷതാബോധത്തില്‍ നിന്ന് പലരും ഇനിയും പൂര്‍ണ്ണമുക്തരായിട്ടില്ല എന്നതാണ് വാസ്തവം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.