DCBOOKS
Malayalam News Literature Website

രണ്ടു നിറങ്ങളില്‍ ഒരു മഴവില്ല്: തോമസ് ജേക്കബ് എഴുതുന്നു

ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണും കാതും തുറന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം രേഖപ്പെടുത്തുകയും സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്ത ഡൊമിനിക് ചാക്കൊ കിഴക്കെമുറി എന്ന ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഡി സി കിഴക്കെമുറിയുടെ ‘കറുപ്പും വെളുപ്പും’ എന്ന പുസ്തകത്തിന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് എഴുതിയ അവതാരികയില്‍ നിന്നും ഒരു ഭാഗം വായിക്കാം

ഴുതിയെഴുതി സ്വയം സ്റ്റീരിയോടൈപ്പ് ആവുന്നതു തിരിച്ചറിയാതെ പോവുന്നതാണ് ഒരു പംക്തീകാരനെ കാത്തിരിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഓരോ ആഴ്ചയിലേക്കും നല്ലൊരു വിഷയവും അതു പൊലിപ്പിച്ചെടുക്കാന്‍ വേണ്ട വിവരങ്ങളും കിട്ടുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. അപ്പോള്‍ ലോകത്തില്‍ ആദ്യത്തെ പ്രതിദിന രാഷ്ട്രീയ പംക്തി ആരംഭിച്ച ചെങ്ങന്നൂര്‍ക്കാരന്‍ പോത്തന്‍ ജോസഫിന്റെ തലവേദന ഒന്നാലോചിച്ചു നോക്കൂ. 1920 കളില്‍ ആരംഭിച്ച് നാല്‍പതു വര്‍ഷം പല പത്രങ്ങളില്‍ അതു നുരഞ്ഞു പൊന്തി: ‘ഓവര്‍ എ കപ്പ് ഓഫ് ടീ’.

എഴുതിയെഴുതി ബോറായിത്തീരുന്നതിന് ഒരു പരിഹാരം കണ്ടത്, അമേരിക്കയിലെ ഒരു പ്രതിദിനപംക്തീകാരനായിരുന്നു. അദ്ദേഹം 1973 ലെ ഒരു ദിവസം തന്റെ പംക്തിയുടെ പതിവുനീളത്തില്‍ മുഴുവന്‍ ‘എനിക്കിന്ന് പറയാന്‍ പുതുതായി ഒന്നുമില്ല’ എന്നെഴുതിവയ്ക്കുകയായിരുന്നു (നിത്യവും രാത്രി ഒന്‍പതു മണിക്കു പ്രത്യക്ഷപ്പെടുന്ന ചാനല്‍ചര്‍ച്ചക്കാര്‍ ഇതുപോലെ ഒരു ദിവസം സത്യം പറഞ്ഞിരുന്നെങ്കില്‍!).

‘കൗമുദി’യില്‍ കെ. ബാലകൃഷ്ണന്റെ ചോദ്യോത്തരം, ‘കേരളഭൂഷണ’ ത്തില്‍ ഡീസിയുടെ ‘കറുപ്പും വെളുപ്പും’ ‘മലയാള മനോരമ’യില്‍ വികെബിയുടെ ‘കണ്ടതും കേട്ടതും’ ശ്രീലന്റെ (കെ.ആര്‍.ചുമ്മാര്‍) ‘ആഴ്ചക്കുറിപ്പുകള്‍’ എന്നിവയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളി വായനക്കാരെ ത്രസിപ്പിച്ച പംക്തികള്‍.

അതിനു മുമ്പും പംക്തികള്‍ ഇവിടെയുണ്ടായിരുന്നു. പംക്തി എന്ന പേരോടെ കേരളത്തില്‍ ആദ്യമായി ദിനപത്രത്തില്‍ തുടര്‍രചനകള്‍ നടത്തിയത് പള്ളിപ്പാടു കുഞ്ഞികൃഷ്ണന്‍ ആയിരുന്നു. Textമനോരമയുടെ സഞ്ചരിക്കുന്ന ലേഖകന്‍ എന്ന അധികാരപത്രത്തോടെ കേരളം മുഴുവന്‍ സഞ്ചരിച്ച് സാഹിത്യകാരന്മാരെ കണ്ട് അവരെപ്പറ്റി 1929 മുതല്‍ മനോരമയില്‍ എഴുതിയ അദ്ദേഹം അത് ‘നമ്മുടെ സാഹിത്യകാരന്മാര്‍’ എന്ന പേരില്‍ പുസ്തകങ്ങളാക്കി. ഈ യാത്രയില്‍ അദ്ദേഹത്തോടു സഹകരിക്കാതിരുന്ന ഒരാളെയുള്ളൂ: വടക്കുംകൂര്‍ രാജരാജവര്‍മ്മ. സ്വന്തം ജീവിതകഥ പറഞ്ഞുകൊടുത്താല്‍ പെട്ടെന്നു മരിച്ചുപോകുമെന്നായിരുന്നു രാജാവിന്റെ ഭീതി!

കോട്ടയംകാരനായ കെ.പി. തോമസ് 1945-ല്‍ കല്‍ക്കട്ടയിലെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഹോമ എന്ന പേരില്‍ (Thomas ലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ ചെത്തിക്കളഞ്ഞുണ്ടാക്കിയ അപൂര്‍വ തൂലികാനാമം) ആരംഭിച്ച Homa Thoughts രസികന്‍ കമന്റുകളാല്‍ സമൃദ്ധമായിരുന്നു. ഒരു ഉദാഹരണം: People go into politics with the idea of leaving footprints on the sand of times. ഈ വാര്‍ത്തയ്ക്ക് ഹോമയുടെ കമന്റ്: Some do. And others are lucky if they get out without having their thumbprints taken.

‘കറുപ്പും വെളുപ്പും’ പോലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച മറ്റൊരു പംക്തിയുണ്ടാവില്ല. 1946-ല്‍, കോട്ടയത്ത് സി.എം.സ്റ്റീഫന്റെ ‘പൗരപ്രഭ’ പത്രത്തിലാണ് ഡീസി ഈ പംക്തി എഴുതാന്‍ തുടങ്ങിയത്. സെഡ് എം പാറേട്ടില്‍നിന്ന് പൗരപ്രഭയുടെ ഉടമസ്ഥാവകാശവും പത്രാധിപത്യവും വിലയ്‌ക്കെടുത്ത സ്റ്റീഫന്‍ വൈ എം സി എ യില്‍ തന്നോടൊപ്പം താമസിച്ചിരുന്ന ഡീസിയെക്കൊണ്ട് ഇങ്ങനെയൊരു പംക്തി എഴുതിക്കുകയായിരുന്നു; അവന്റെ പത്രത്തില്‍ എഴുതരുതെന്ന് സി ജെ തോമസ് ഡീസിയോടു പറഞ്ഞിട്ടും. ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ പ്രതികാരത്താല്‍ പൂട്ടിക്കിടന്ന ശേഷം വീണ്ടും തുടങ്ങാനുള്ള ലൈസന്‍സ് ‘മലയാള മനോരമ’യ്ക്കു 1947-ല്‍ ലഭിച്ചതോടെ കോട്ടയത്തു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുതോന്നിയ സ്റ്റീഫന്‍ പൗരപ്രഭയെ സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടുപോയി. തപാല്‍ മാവേലിക്കരയിലെത്താന്‍ മൂന്നു ദിവസമെടുക്കുമെന്നതിനാല്‍ ഡീസി പംക്തി നിര്‍ത്തി. പിന്നീടാണ് കറുപ്പിലും വെളുപ്പിലുമുള്ള ഡീസി, എ. വി. ജോര്‍ജിന്റെ ‘കേരളഭൂഷണ’ത്തിലെത്തുന്നത്. ആ പത്രത്തില്‍ ആറു വര്‍ഷത്തോളം. പിന്നെ ‘മാതൃഭൂമി’യിലെത്തുന്നു, ‘കറുപ്പും വെളുപ്പും.’ സ്വാതന്ത്ര്യസമര വേളയിലെ സഹഭടനില്‍നിന്ന് പംക്തി ചോദിച്ചുവാങ്ങി പ്രസിദ്ധീകരിച്ചത് അന്ന് കൊച്ചി മാതൃഭൂമിയില്‍ റസിഡന്റ് എഡിറ്ററായിരുന്ന എ.പി. ഉദയഭാനുവാണ്. ഉദയഭാനു പിഎസ്‌സി മെംബറായിപ്പോയതോടെ കേരളഭൂഷണം ഗ്രൂപ്പിലെ ‘മനോരാജ്യം’ വാരികയിലും സഞ്ചരിച്ചെത്തി ഈ പംക്തി.

ഓരോ ദിവസവും വായിക്കുന്ന പത്തോ ഇരുപതോ ദിനപത്രങ്ങളില്‍നിന്നായിരുന്നു ഡീസി ഈ പംക്തിക്കുള്ള വക കണ്ടെത്തിയിരുന്നത്. പത്രം വായിക്കുമ്പോള്‍ ചുവന്ന പേനകൊണ്ട് വരച്ചിടുന്നതായിരുന്നു രീതിയെന്ന് പൊന്നമ്മ ഡീസി പറഞ്ഞിട്ടുണ്ട്. എന്നിട്ട്, ചുവന്ന വരയുള്ള പത്രപ്പേജ് മാറ്റിവയ്ക്കും. ഒരാഴ്ച കൂടുമ്പോള്‍ അതടുക്കി ഒന്നുകൂടി പരിശോധിക്കും. അതില്‍നിന്നാണ് കറുപ്പും വെളുപ്പും പിറക്കുന്നത്.

എഴുത്തില്‍ മാത്രമായിരുന്നില്ല, ജീവിതത്തിലെ ഏതു കാര്യത്തിലും ഗംഭീരമായ ആസൂത്രണം ഡീസിയുടെ മുഖമുദ്രയായിരുന്നു. എവിടെയെങ്കിലും പോയാല്‍ കാണേണ്ട ആളുകളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക മാത്രമല്ല, അവരില്‍ ചില ആളുകളെ കാണുന്നത് മറ്റേയാളിനെ കണ്ടിട്ടേ ആകാവൂ എന്നുപോലും അദ്ദേഹം തയ്യാറാക്കുന്ന കുറിപ്പിലുണ്ടാവും.

വര്‍ഷങ്ങള്‍ക്കു മുമ്പ്, റയില്‍വേ സ്‌റ്റേഷനില്‍ വച്ചൊരു സുഹൃത്ത് ഡീസിയോടു പറഞ്ഞു:

– ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എന്ന എഴുത്തുകാരനെപ്പറ്റി രണ്ടു മൂന്നു മലയാള വാരികകളില്‍ ഇപ്പോള്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഏതെങ്കിലും നോവല്‍ തര്‍ജമ ചെയ്ത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നു തോന്നുന്നു.

അതു കേട്ട് ഡീസി ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു:

– ആ ലേഖനങ്ങള്‍ എഴുതിപ്പിച്ചതും വാരികകളില്‍ വരുത്തിയതും ഞാനാണ്. അദ്ദേഹത്തിന്റെ നോവല്‍ മലയാളത്തിലാക്കിയത് ഇപ്പോള്‍ അച്ചടിയിലാണ്.

ഇന്ന് എല്ലാ ദിനപത്രങ്ങളിലുമുള്ള പ്രതിവാരപംക്തിയായ ‘വാചകമേള’ മലയാളത്തില്‍ ആദ്യമായി മനോരമ തുടങ്ങിയത് 1979 ലാണ്. അതിനുമുമ്പ് വാചകമേളയുടെ അനുഭവം മറ്റൊരു തരത്തിലാണെങ്കിലും നല്‍കിയിരുന്നത് ‘കറുപ്പും വെളുപ്പു’മാണ്.

ഡീസി കിഴക്കെമുറിക്കു നല്ലൊരു പത്രപ്രവര്‍ത്തക മനസ്സുണ്ടായിരുന്നുവെന്ന് ഈ പംക്തി തെളിയിച്ചു. 1945-ല്‍ കോട്ടയത്ത് എത്തുന്നതിനു മുമ്പ് സ്വന്തനാടായ കാഞ്ഞിരപ്പള്ളിയില്‍ സഹൃദയ വായനശാലയുടെ സുവനീറുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍മുതല്‍ അതു കാണാനുണ്ട്. കോട്ടയത്തു വന്നതു മുതല്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരുമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പത്രത്താളുകളില്‍ നിറഞ്ഞുനിന്നിരുന്നത് പരസ്യങ്ങള്‍ കൊണ്ടല്ല, ഒരു പത്രത്തിനും ഉപേക്ഷിക്കാന്‍ വയ്യാത്തവിധം വാര്‍ത്താമൂല്യമുള്ള പത്രക്കുറിപ്പുകളിലൂടെയായിരുന്നു. മിക്കപ്പോഴും
ബോക്‌സായി കൊടുക്കാവുന്ന അപൂര്‍വതകളുള്ളതായിരുന്നു ആ പത്രക്കുറിപ്പുകള്‍. അറിയിപ്പുകള്‍ നല്ല ‘ഡിസ്‌പ്ലേ’യില്‍ വരാന്‍ എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ടാവും ഡീസി ഏതു പരിപാടിയും രൂപകല്‍പന ചെയ്യുക. മറ്റു നടപടികളിലും ഈ വാര്‍ത്താവബോധം മുന്നില്‍ നിന്നു. പണമില്ലാത്തതിനാല്‍ ജീവിക്കാന്‍ വിഷമിക്കുന്നുവെന്ന് പ്രസ്താവനയിറക്കിയ ഹൈദരാബാദിലെ നൈസാമിന് പത്തു രൂപ മണിയോര്‍ഡര്‍ അയച്ചതിന്റെയും സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. നിജലിംഗപ്പയുമായി കോര്‍ത്തതിന്റെയും പിന്നില്‍ ഈ വാര്‍ത്താസാധ്യതയുടെ വാതിലാണ് ഡീസി തുറന്നത്. തനിക്ക് ബാംഗ്ലൂരില്‍ ഒരു ചെറിയ തുണ്ടു ഭൂമിയും അതിലൊരു ചെറിയ വീടുമേ ഉള്ളൂവെന്നും ബാങ്കില്‍ 25,000 രൂപ ഉണ്ടെന്നും ഇതെല്ലാംകൂടി അമ്പതിനായിരം രൂപ തരുന്ന ആര്‍ക്കും കൊടുക്കാമെന്നും നിജലിംഗപ്പ പറഞ്ഞത് താന്‍ രാഷ്ട്രീയത്തില്‍നിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നു തെളിയിക്കാനാണ്. അര ലക്ഷം രൂപയ്ക്ക് ഇതു വാങ്ങാന്‍ താന്‍ തയ്യാറാണെന്ന് ഡീസി കമ്പിയടിച്ചു. ഈ വെല്ലുവിളിയും നിജലിംഗപ്പയുടെ തലയൂരലും അന്നു ബോക്‌സ് വാര്‍ത്തകളായിരുന്നു.

സംസാരത്തിലും എഴുത്തിലും പ്രസംഗത്തിലും കുറിക്കുകൊള്ളുന്ന നര്‍മബോധം ഡീസിയുടെ മുദ്രയായിരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.