കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഗോപാലപുരത്തെ വസതിയില്‍ തന്നെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചികിത്സക്കായി വസതിയില്‍ തന്നെയുണ്ട്. അതിനിടെ കരുണാനിധിയുടെ ആരോഗ്യനില മോശമായെന്നറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് വീടിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. കരുണാനിധിയുടെ വീടിന് മുന്നില്‍ പൊലീസ് വന്‍ സുരക്ഷസന്നാഹം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഒരു സംഘം കരുണാനിധിയുടെ വസതിയിലെത്തി മകനും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കരുണാനിധിയുടെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്നും ആരോഗ്യം വീണ്ടെടുക്കുമെന്നും പനീല്‍ശെല്‍വം പറഞ്ഞു. നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനും വ്യാഴാഴ്ച രാത്രി കരുണാനിധിയെ കാണാനെത്തിയിരുന്നു.
വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കരുണാനിധിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും മൂത്രാശയത്തിലെ അണുബാധ മൂലമുള്ള പനിക്കായി ചികിത്സ നടക്കുന്നുണ്ടെന്നും കാവേരി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അദ്ദേഹത്തെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡി.എം.കെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് 1969 ജൂലൈ 27-നാണ് കരുണാനിധി പാര്‍ട്ടി തലപ്പത്ത് എത്തുന്നത്. ഇതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്കായി അനുയായികള്‍ ഒരുങ്ങുന്നതിനിടെയാണ് കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. പിതാവിന്റെ ആരോഗ്യനില മുന്‍നിര്‍ത്തി എം.കെ സ്റ്റാലിന്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.
Comments are closed.