നേരവും കാലവും മറന്നുപോയൊരു വായനാനുഭവം
ഷാനു ജിതൻ
നേരവും കാലവും മറന്നുപോയൊരു വായനാ അനുഭവം തന്നെയായിരുന്നു മജീദ് സയിദിന്റെ നോവൽ “കരു” തന്നത്.. അങ്ങനെ പറയാൻ കാരണം കാലമാണ് കഥാകാരൻ ഇവിടെ കഥയെയും കഥാപാത്രങ്ങളെയും ഉറപ്പിച്ചിരിക്കുന്ന വേരെന്നു തോന്നും..
ഒരു മനുഷ്യനും ഇവിടെ പുതുതായി അനുഭവിക്കാൻ കഴിയുന്നില്ല.. അങ്ങനെ കഴിയുന്നു എന്നുള്ളത് തോന്നൽ മാത്രമാണ്.. ആട്ടമവസാനിച്ചു ഭൂമി വിടുമ്പോൾ മറ്റൊരാൾ അഴിച്ചെറിഞ്ഞ വേഷം എടുത്തണിഞ്ഞു അതേ വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്.. ജീവിതം മടുപ്പില്ലാതെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു..
ശരികളുടെയും തെറ്റുകളുടെയും യഥാർത്ഥ കണക്കെടുപ്പുകാരൻ കാലമാണ്.. അതുകൊണ്ട് കാലത്തിനു ഒന്നും പരിഹരിക്കാതെ പറ്റില്ല.. തലമുറകളെടുത്തു ചിന്തിച്ചു നോക്കിയാലും കാലം കീഴ്മേൽ മറിക്കാത്ത ഒന്നുമില്ലെന്ന് കാണാം.. ഇവിടെ കരുക്കളായി മനുഷ്യരാടി തീർത്ത ജീവിതങ്ങളിലും കാലം കാത്ത് വച്ച പകയുണ്ട് പ്രതീക്ഷകളുണ്ട് പ്രണയവും കാമവും ആഘോഷങ്ങളും വേദനകളും എല്ലാമുണ്ട്..
ആനന്ദവും വേദനയും ഇടകലർത്തി ജീവിതം സംവിധാനപ്പെട്ടില്ലായിരുന്നുവെങ്കിൽ, അര നൂറ്റാണ്ടിനപ്പുറത്തേക് മനുഷ്യരാശിയുടെ ചരിത്രം നീളുമായിരുന്നില്ല.. ദുഃഖം ഇവിടെ പലരുടെയും തടവും ആഹ്ലാദം മറവിയുടെ തുറവുമാണ്.. ഒഴുകി പരക്കാൻ പഴുതു കിട്ടുവോളം ദുഃഖമെന്ന് പറയുന്നത് വികാരത്തിന്റെ ഒളിവിടമാണ് എന്ന് തോന്നിപ്പോകും കഥാപാത്രങ്ങളുടെ ഉൾനോവ് കാണുമ്പോൾ..
ജീവിതത്തിൽ നിന്നും പൊടുന്നനെ അപ്രത്യക്ഷമാവുന്നവരുടെ പിന്നീടുള്ള ജീവിതം ഭാവനസമ്പന്നരുണ്ടാകുന്ന കഥകളിൽ അവശേഷിക്കും.. അതിന് കൃത്യമായ കണക്കോ കാലമോ ഒന്നുമുണ്ടാവണമെന്നില്ല.. എങ്കിലും അവരെ അറിയാവുന്നവർ കഥകൾ നിർമിച്ചു കൊണ്ടേയിരിക്കും… അത്തരത്തിലുള്ള അനവധി കഥകളുടെ ഒഴുക്കുണ്ട് ഈ നോവലിനു.. കഥകളൊഴുകിയൊഴുകി അടിഞ്ഞു ചേരുന്ന സാഗരം പോലൊരു നോവൽ..
കഥാപാത്രങ്ങൾ ഓരോന്നും വായനക്കാരനെ തങ്ങളിലേക്ക് അകപ്പെടുത്തുന്ന ആഖ്യാനം.. ഉപ കഥകൾ അനവധി പറഞ്ഞു പോകുന്നെങ്കിലും മൂന്നാം കാലത്തിലേക്ക് കടക്കുമ്പോൾ മനുഷ്യ സ്വഭാവങ്ങളുടെ വിചിത്രമായ അടരുകൾ പോലെ എല്ലാവരും ഒരുപോലെ ഇഴകലർന്ന മനോഹരമായ ഒരു ക്രാഫ്റ്റ് നോവലിനു വന്നു ചേരുന്നത് കാണാം..
എത്ര തിന്നാലും വിശപ്പടങ്ങാത്ത ഒരേയൊരു ഭക്ഷണമാണ് ജീവിതം.. അതുകൊണ്ട് ആർക്കുമതിനെ മുഴുമിച്ചു തിന്നാൻ കഴിയുകയില്ല.. പല കഥാപാത്രങ്ങളും ജീവിതത്തെ ആഘോഷമാക്കി മാറ്റുമ്പോൾ മറ്റു പലരും അവസാനിക്കാത്ത സമസ്യ പോലെയത് ചുമലേറ്റുന്നു…
പുരുഷന്മാരേക്കാൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ നോവലിന്റെ കാതൽ തന്നെയാണ്.. “പെണ്ണിന് വേണ്ടി കൊല്ലാൻ തുടങ്ങിയാൽ അതിനൊരന്ത്യമുണ്ടാവില്ല”… എന്ന് പറഞ്ഞു തുടങ്ങുന്ന നോവൽ ഒരുപാട് പെൺ ജീവിതങ്ങളുടെ കാണാകാഴ്ചകൾ തുറന്നിടുന്നുണ്ട്.. ഈഗിൾ ജെന്നി, മഞ്ജുള, റാമില ബീഗം, തെയ്യമ്മച്ചി, മുകിലമ്മാൾ, സീമ നായിക്ക്, അമൂദം അങ്ങനെ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ…
കൊലപാതകങ്ങൾ അവസാനിപ്പിക്കുന്ന പകയിലും മരണത്തെ ഉൾക്കൊള്ളാൻ ആവാത്ത ചിലരുമുണ്ട്, ഒരാൾ മരിച്ചെന്നു കരുതിയാൽ അതിനർത്ഥം അയാൾ നമ്മളെ മറന്നുവെന്നു കൂടിയാണ്.. പ്രിയപ്പെട്ടവർ മറന്നു കളയുന്നതിനോളം ക്രൂരമായ ശിക്ഷ വേറെന്തുണ്ട് എന്നൊരു കഥാപാത്രം ചോദിക്കുമ്പോൾ, മരണം നൽകുന്ന മറവി ജീവിച്ചിരിക്കുന്നവരുടേതിനേക്കാൾ മരിച്ചയാൾ നമ്മെ മറന്നു പോകുന്നു എന്ന് കൂടിയൊരു സത്യം കൂടിയുണ്ട്..
മികച്ച വായനനുഭവം, ഒഴുക്കുള്ള കഥ പറച്ചിൽ.. ആകാംക്ഷയും പ്രതീക്ഷകളും വേറിട്ട അനുഭവങ്ങളുമൊക്കെ നിറച്ചു വച്ച ആഖ്യാന ശൈലി…
ആശംസകൾ മജീദ് സയീദ്..
മജീദ് സയിദിന്റെ പുസ്തകങ്ങൾ വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ…
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ