DCBOOKS
Malayalam News Literature Website

വായിക്കുന്നവർ ഈ പുസ്തകത്തിൽ അകപ്പെടുക തന്നെ ചെയ്യും

 

 

മജീദ് സെയ്ദിന്റെ കരു എന്ന നോവലിന് എം. ടി. ഫെമിന എഴുതിയ വായനാനുഭവം .

 

“മനുഷ്യകുലത്തിന് പിടിപെടാവുന്നതിൽ ഏറ്റവും അപകടകരമായ രോഗം ജാതിയാണ്”.

കരു എന്ന നോവൽ വായിച്ച് മടക്കി ദിവസങ്ങളായിട്ടും  മനസിൽ നിന്നിറങ്ങിപ്പോകാത്ത അനേകം  ചോദ്യങ്ങളിൽ ഒന്ന് മാത്രമാണ് മേൽപ്പറഞ്ഞത്. 

വിദഗ്ദനായ നെയ്ത്തുകാരൻ നെയ്തെടുക്കുന്നത്രത്തോളം മനോഹരമായി മറ്റൊന്നും ഭൂമിയിൽ  നെയ്തെടുക്കാനാവില്ലെന്നായിരുന്നു ഈ നോവൽ വായിക്കുന്നത് വരെ ഞാൻ കരുതിയിരുന്നത്. ധാരണകൾ തിരുത്തേണ്ടി വന്നു. അതിലുമൊക്കെ എത്ര ചേതോഹരമായിട്ടാണ് മജീദ് സെയ്ദെന്ന എഴുത്തുകാരൻ മനുഷ്യജീവിതങ്ങൾ നെയ്തെടുക്കുന്നത്.

അസാധാരണ കഥകളുടെ അവിശ്വസനീയ വിരുന്നുള്ള അപൂർവ്വ പുസ്തകങ്ങളിൽ ഒന്നാണ് കരു. മജീദ് സെയ്ദെന്ന  എഴുത്തുകാരനെ  ആദ്യമായി വായിക്കുകയാണ് ഞാൻ.   

“പേറുന്നു ജീവിതത്തുള്ളി മധുമധുരമെങ്കിലും 

നാവുതീണ്ടുമ്പോൾ രുചിക്കുന്നതിൽ 

കയ്പും ചവർപ്പും” . 

എന്ന തുടങ്ങുന്ന ആമുഖസൂചന ഈ നോവലിലെ മനുഷ്യജീവിതങ്ങളുടെ  ആകെ തുകയാണ്. അവിടുന്ന് തുടങ്ങുന്ന കഥകളുടെ അവർണ്ണനീയമായ അക്ഷരനെയ്ത്ത് കണ്ടുംകേട്ടും പരിചയമില്ലാത്ത വന്യകാമനകളുടെ ലോകങ്ങളിലേക്ക് വായനക്കാരനെ ക്രൂരമായി വലിച്ചെറിയുന്നു. സർവ്വതും മറന്നുപോകുന്ന വിവരണകലയുടെ കെണിയിൽ  പിന്നെയങ്ങോട്ട് കുടുങ്ങുകയാണ് വായനക്കാരൻ. ജീവിതമൊരു ചതുരംഗക്കളവും  മനുഷ്യർ അതിലെ  കരുക്കളുമാണെന്ന് സ്ഥാപിച്ചെടുക്കാൻ കഥാകാരൻ സഞ്ചരിക്കുന്ന അതിവിചിത്രമായ വഴികളിൽ ശ്വാസമെടുക്കാനുള്ള പഴുത് പോലുമില്ലെന്ന് തോന്നിപ്പോകും.   ആരെയും അമ്പരിപ്പിക്കുന്നതാണ്. സ്വന്തമായൊരു കഥയും ജീവിതവുമില്ലാത്ത ഒരു കഥാപാത്രം പോലും ഈ  നോവലിൽ ഇല്ല.   അവരൊക്കെയും  പെട്ടുപോകുന്ന ഓരോ കുടുക്കിനുള്ളിലും എണ്ണമില്ലാത്ത കഥകളുടെ അനേകം കടുംകെട്ടുകൾ വേറെയും കാണാം. ആ കെട്ടുകളെ ഒന്നൊന്നായി ക്ഷമാപൂർവ്വം അഴിച്ചെടുത്ത് ഒരു കഥയായി മാറ്റുന്ന എഴുത്തിന്റെ ഇന്ദ്രജാലക്കളിയിൽ അനായാസമാണ് മജീദ് സെയ്ദ് എന്ന എഴുത്തുകാരൻ ജയിച്ച് കയറുന്നത്.

പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും അകപ്പെട്ട അനേകം മനുഷ്യരെ ഈ നോവലിൽ ഉടനീളം കാണാം.വിധിയുടെ ചിലന്തിവലയിൽ എന്നപോലെ പലവർണ്ണങ്ങളുള്ള നൂലിഴകളിൽ തൂങ്ങിക്കിടക്കുന്ന ആ മനുഷ്യരെ അവതരിപ്പിക്കുന്ന  കാഴ്ചകൾ വാക്കുകളുടെ വർണ്ണനയ്ക്ക് അതീതമാണ്.അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.

അവസാന രാത്രിയുടെ ഓർമ്മകൾ എന്ന തലക്കെട്ടിലാണ് കഥാകാരൻ കഥകളുടെ നെയ്ത്തു തുടങ്ങുന്നത്. പടുബിദ്രിയെന്ന കടലോര പട്ടണത്തിന്റെ തീരത്തിരുന്ന് അമ്പരപ്പിക്കുന്ന  മനുഷ്യകഥകളുടെ നെയ്ത്ത് അയാൾ  തുടങ്ങുന്ന നിമിഷം തന്നെ വായനക്കാരൻ്റെ ഉള്ള് പൊള്ളി തുടങ്ങുന്നു. പിന്നെ അതിന് ഒരന്തമില്ല. പറയുന്നതത്രയും സ്ത്രീകളുടെ കഥയാണ്. അവരിൽ തോറ്റവരും ജയിച്ചവരുമുണ്ട്. ജീവിതത്തെ ധിക്കാരപൂർവ്വം നേരിട്ടവരുണ്ട്. എല്ലാത്തിനെയും മറികടന്ന് പുരുഷനെ മുട്ടുകുത്തിച്ചവരുണ്ട്.    

എവിടെയോ ഒരിടത്ത് കഥാകാരൻ പറയുന്നത് പോലെ എത്ര ഭീകരമായാണ് ഓരോ സ്ത്രീയും ഈ ഭൂമിയിൽ ജീവിച്ച് തീരുന്നതെന്ന് അവരെയൊക്കെ പരിചിതമാവുമ്പോൾ നമ്മളും ചിന്തിച്ച് പോകുന്നു. ഒട്ടുമുക്കാലിടത്തും സാഹിത്യത്തിന്റെ ഉൾനിറങ്ങളും, ഉൾക്കാമ്പും നിറഞ്ഞാടുമ്പോഴും ഏത് തരം  വായനക്കാരനെയും പിടിച്ചിരുത്തുന്ന എഴുത്തിൻ്റെ വശ്യമായ കൈയടക്കവും കരുവിന്റെ പ്രത്യേകതയാണ്. എത്രയെത്ര അനുഭവങ്ങളും വിസ്മയലോകങ്ങളുമാണ് ഈ നോവൽ  മുന്നിലേക്ക് ഇട്ടുതരുന്നത്. തെല്ല് ഞെട്ടലോടെയല്ലാതെ ആ ദുരിത പർവ്വങ്ങൾ മറികടക്കൽ തീർത്തും അസാധ്യമാവുന്നു വായനയിൽ.

റാമില ബീഗവും, തമ്പാനും,വില്ലിയും, റാസിയയുമെല്ലാം ജീവിതവർണ്ണങ്ങളുടെ കെട്ട് അഴിക്കുമ്പോൾ സീമ നായ്ക് എന്ന ആരെയും മോഹിപ്പിക്കുന്ന ധീര കഥാപാത്രം സ്വർണ്ണനൂലിന്റെ തിളക്കമുള്ള സ്ത്രീയായി മനസിനെ മഥിക്കുന്നുന്നു. അവളെ തേടിയെത്തുന്ന  രാജദുരൈയെന്ന സൂചിയേറുകാരനായ  കാട്ടുമനുഷ്യനും അയാളുടെ നഷ്ടപ്രണയവും, ബോംബെയിലെ  ഗണേശോത്സവവും അപരിചിത വായനക്കാരന് പോലും ഇവിടെ  പരിചിതമാവുന്നു. വിനായക ചതുർത്ഥിയുടെ ചൂടുംചൂരും  തിരശ്ശീലയിലെന്ന പോലെ വായനക്കാരനെ  മാന്ത്രികമായി എഴുത്തുകാരൻ അനുഭവിപ്പിക്കുന്നു. 

മറ്റൊരു കഥാപാത്രമായ മിർസയെന്ന പ്രണയസൈക്കോ ദുരന്തം വിതയ്ക്കുന്ന  സമകാലകാമുകരുടെ പ്രതിനിധിയാവുന്നു. മോഹിച്ച പെണ്ണിന് വേണ്ടി ഏതറ്റംവരെയാണ് മനുഷ്യൻ  സഞ്ചരിക്കുന്നത് എന്ന് അയാളുടെ ജീവിതത്തിലൂടെ എത്ര ഭീതിദമായാണ് കഥാകാരൻ ഓർമ്മപ്പെടുത്തുന്നത്.

എഴുതാൻ തുടങ്ങിയാൽ എണ്ണി  തീർക്കാൻ കഴിയാതെ പോകുന്ന കഥാപാത്രങ്ങളുടെ പേരും ഇടങ്ങളും അത്ഭുതകരമായ ജീവിതങ്ങളും  നോവലിൽ സൃഷ്ടിക്കുന്ന വൈവിധ്യങ്ങളിൽ ബലിമൃഗത്തിൻ്റെ നിസ്സഹായതയിൽ കുരുങ്ങിപ്പോകുന്നത് വായനക്കാരനാണ്. വായിച്ച് ദിവസങ്ങൾ കഴിഞ്ഞാലും അതിൽ നിന്നൊരു മോചനം ഒരാൾക്കും ഉണ്ടാകാൻ പോകുന്നില്ല.അത് തന്നെയാണ് ഈ നോവലിന്റെ വിജയവും. എന്നോ കാണാതായ ഒരു പെണ്ണിനെ  തേടി പേരില്ലാത്ത നായകൻ അലയുന്ന പെരുവഴികളത്രയും വായനക്കാരനും അസ്വസ്ഥചിത്തനായി അവനൊപ്പം ഗതികെട്ട് അലഞ്ഞ് തിരയുന്നു. 

 

“എല്ലാ പകയും പോലല്ല ജാതിപ്പക. ഒരു കാലത്തും ഉള്ളീന്ന് പോകത്തില്ല”. 

 

ഇന്ത്യൻ ജനതയുടെ തീരാശാപമായ ജാതിയും, വർണ്ണവെറിയും എത്രത്തോളം ഭീകരമാണെന്ന് വെളിവാക്കുന്ന നീണ്ടവിവരണങ്ങൾ  നോവലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നതും മിടിക്കുന്ന ഹൃദയത്തോടെയല്ലാതെ  വായനക്കാരന് മറികടക്കാൻ കഴിയില്ല.  അക്കർമനയെന്ന സവർണ്ണസാമ്രാജ്യം വെളുത്തവനിൽ നിന്ന്  കറുത്തവൻ്റെ കാൽക്കീഴിലേക്ക്  വരുമ്പോൾ കാലമതിൻ്റെ നീതി ചെയ്തുവെന്ന് തോന്നുമെങ്കിലും എത്ര  പെട്ടെന്നാണ് കാലവും കളവാണെന്ന് ബോധ്യപ്പെടുന്നത്. വെളുത്ത മനുഷ്യർ എറിഞ്ഞ തീപ്പന്തങ്ങൾ  തീപുരണ്ട കൊട്ടാരമായി മാറ്റപ്പെടുന്ന അക്കർമനയിൽ നിന്ന് കറുത്ത പെണ്ണുങ്ങൾ പറന്ന്കൊണ്ടിരുന്ന കാഴ്ച ഉടലോടെ വേവുന്ന അവസ്ഥയിലല്ലാതെ വായിച്ച് മറിയ്ക്കാൻ ഒരാൾക്കും കഴിയില്ല..

ഈഗിൾ ജെന്നിയിലെത്തുന്നതോടെ പൂർണ്ണമാകുന്ന ഈ നെയ്ത്തിൽ എത്രയെത്ര മനുഷ്യരുടെ വിലാപ ജീവിതങ്ങളാണ് ഇഴ മുറിയാത്ത കണ്ണി പോലെ  നോവലിസ്റ്റ് കോർത്തെടുത്തിരിക്കുന്നത്.  ഊഹിക്കാവുന്നതിലും അപ്പുറമാണത്. കണ്ണും മനസ്സും ഒരുപോലെ  ഉഴറിനീങ്ങുന്ന ഓരോ താളുകളും ഉദ്വോഗജനകമായ നിമിഷങ്ങൾ സമ്മാനിക്കുന്ന മാസ്മരികമായ എഴുത്ത് വിദ്യയുടെ പറുദീസയാണ് കരുവെന്ന് തോന്നിപ്പോകുന്നു.

ആമുഖത്തിൽ പ്രശസ്ത കഥാകൃത്ത് ശ്രീ ഉണ്ണികൃഷ്ണൻ കിടങ്ങൂർ പറയുന്നപോലെ ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോകുമോ എന്ന് വായിക്കുന്ന ഓരോരുത്തരും നടുങ്ങി പോകും. അത്  തീർച്ച തന്നെയാണ്. ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനതന്ത്രമാണ് അത്തരമൊരു അവിശ്വസനീയതയിലേക്ക് വായനക്കാരനെ എടുത്തെറിയാൻ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. ഏത് ഗണത്തിലാണ് ഏത് കള്ളിയിലാണ് ഈ നോവലിനെ പെടുത്തേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല. പ്രണയവും, രതിയും, പകയും, പോരാട്ടവും, വഞ്ചനകളും മൃഗതൃക്ഷ്ണകളും, പ്രതീക്ഷകളും കാത്തിരിപ്പും അങ്ങനെ എല്ലാം ഇതിലുണ്ട്. എങ്കിലും പറയട്ടെ ഇതിഹാസ കഥനങ്ങളുടെ മിനിയേച്ചർ രൂപമായി കഥയും കഥാപാത്രങ്ങളും നിറഞ്ഞാടുന്ന ‘കരു‘ എന്ന ഈ നോവൽ മലയാള സാഹിത്യത്തിൽ മാത്രമല്ല മറ്റിതര ഭാഷകളിലും അടയാളപ്പെടുത്തും.അല്ലാതെ കാലം മുന്നോട്ട് ഉരുളില്ല എന്ന തീർച്ചയിലാണ് ഞാൻ എന്റെ വായന അവസാനിപ്പിച്ചത്.

 

നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് കഥാപാത്രങ്ങൾ വിളംബരം ചെയ്യുമ്പോൾ മജീദ് സെയ്ദ്  എന്ന മനുഷ്യൻ വായനക്കാർക്ക് പുതുവർഷത്തിൽ  സമ്മാനിച്ച കരുവിന് മികവാർന്ന  തുടർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ്. അവതാരികയിൽ നിന്ന് ഒന്ന് കൂടി ഞാൻ കടമെടുക്കുന്നു.

“വായിക്കുന്നവർ ഈ പുസ്തകത്തിൽ അകപ്പെടുക തന്നെ ചെയ്യും എന്നാണ് എൻ്റെ വിശ്വാസം. കാരണം അവതാരകൻ പറഞ്ഞത് പോലെ ഇത്തരമൊരു നോവൽ ഇതുവരെ ഞാനും വായിച്ചിട്ടില്ല”.

 

Leave A Reply