DCBOOKS
Malayalam News Literature Website

ലോകത്തോടൊപ്പം സന്ന്യാസിനി ജീവിതം നയിക്കുക എന്ന ദൈവഹിതമാണു ഞാൻ തെരഞ്ഞെടുത്തത്: സിസ്റ്റര്‍ ലൂസി കളപ്പുര

‘കര്‍ത്താവിന്റെ നാമത്തില്‍’ , സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയിലെ ഒരധ്യായം വായിക്കാം 

ക്രൈസ്തവതയിൽ സന്ന്യാസവും പൗരോഹിത്യവുമല്ല മഹത്തരം. കുടുംബം ദൈവത്തിന്റെ സ്വരമാണ്. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ ത്യാഗഭരിതമാണ് ജീവിതം. അന്നുമുതൽ ബലിതർപ്പണവും ആരംഭിക്കുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുന്നതും പരിചരിക്കുന്നതും ഈശ്വരനു മുന്നിൽ ത്യാഗമാണ്. അൾത്താര കുടുംബമാണ്. അവിടെ മാതാപിതാക്കൾ പുരോഹിതരാണ്. ഭൂതകാലമോ ഭാവിയോ ഉത്കണ്ഠപ്പെടുത്തിയില്ല. വർത്തമാനകാലത്തോടാണ് പ്രിയം.

ലോകത്തോടൊപ്പം സന്ന്യാസിനി ജീവിതം നയിക്കുക എന്ന ദൈവഹിതമാണു ഞാൻ തെരഞ്ഞെടുത്തത്. ജീവിതം പൂർണമായും ഈശോയ്ക്കായി സമർപ്പിക്കപ്പെട്ടിരുന്നു. ദൈവകല്പനകളാൽ ഒരുതരം ഹര്‍ഷോന്മാദം എന്നിൽ നിറഞ്ഞുനിന്നു. മനസ്സ് സമ്പൂർണ്ണമായി ദൈവസാമീപ്യം കൊതിച്ചു. ധാർമിക ശാസ്ത്രപഠനമാണ് രണ്ടാം വർഷം. ദ്വാരകയിലെ മഠത്തിലാണ് എത്തിപ്പെട്ടത്. കൂടത്തായിൽ നിന്നും ദ്വാരകയിലേക്കുള്ള മാറ്റം അല്പം പ്രയാസമുണ്ടാക്കി. അവിടുത്തെ ചിട്ടവട്ടങ്ങൾ അലോസരപ്പെടുത്തി. ആവശ്യത്തിന് ഭക്ഷണം ചിലപ്പോഴൊന്നും ലഭിച്ചില്ല. അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷണത്തിന്റെ അളവിനുപോലും അവിടെ കൃത്യതയുണ്ടായിരുന്നില്ല. ഒടുവിലെത്തുന്ന ചിലർക്കു ഭക്ഷണം തികയാതെ വന്നു. ഈ രീതിയോടു പൊരുത്തപ്പെടാൻ എനിക്കായില്ല. ശബ്ദ പ്രതികരണത്തിന് മുതിരാതെ മുതിർന്ന സിസ്റ്റേഴ്‌സിനായി മാറ്റിവെക്കുന്ന ഭക്ഷണം അനുമതി കൂടാതെ മറ്റുള്ളവർക്കെടുത്തു നൽകി. അവർ കാണാതെയായിരുന്നു എന്റെ ചെയ്തികൾ.

മഠത്തിന്റെ മൈതാനത്തിൽ നിറയെ മാവുകളുണ്ടായിരുന്നു. മാങ്ങ പഴുത്തു പാകമായാൽ പിഴുതെടുത്തു ഭക്ഷിക്കരുതെന്നാണ് അവിടുത്തെ ചട്ടം. പറമ്പിലെ പ്ലാവിൽനിന്നുള്ള ചക്കപ്പഴം പറിച്ചെടുത്തു തിന്നരുതെന്നും തിട്ടൂരമുണ്ടായിരുന്നു. ധ്യാനത്തിനായി പുറമേ നിന്ന് മഠത്തിലെത്തുന്ന കന്യാസ്ത്രീകളോടു സംസാരിക്കരുതെന്നാണ് മറ്റൊരു നിയന്ത്രണം. ഈ മൂന്ന് ശാസനകളെയും ഞാൻ ലംഘിച്ചു. തൂങ്ങിയാടുന്ന പഴുത്ത മാങ്ങ പറിച്ചു തിന്നു. ഇങ്ങനെതന്നെ ചക്കപ്പഴത്തിന്റെ തേനൂറുന്ന രുചിയും ഞാൻ അനുഭവിച്ചു. അഥിതികളായെത്തുന്നവർക്ക് ആശംസ നേർന്ന് വർത്തമാനം പറഞ്ഞു. ഈ വിവരങ്ങളെല്ലാം മഠം സുപ്പീരിയറിന്റെ മുന്നിലെത്തിക്കാൻ ഞങ്ങളുടെ കൂടെത്തന്നെ ചിലർ ഉണ്ടായിരുന്നു. ഞാനൊറ്റയ്ക്കായിരുന്നില്ല ഇക്കാര്യങ്ങളൊന്നും ചെയ്തത് എന്നതു മറ്റൊരു കാര്യം. മഠത്തിലെ മിസ്ട്രസ്സ് ഒരു അധ്യാപികയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങിയെത്തുന്ന മിസ്ട്രസ്സിന് മുന്നിൽ ഞങ്ങളുടെ കുറ്റങ്ങൾ അവതരിപ്പിക്കുന്നതിൽ ഒരു സിസ്റ്റർ സദാ ഉത്സുകയായിരുന്നു.

ചട്ടലംഘനത്തിനുള്ള കുറ്റവിചാരണ തീരുമാനിക്കപ്പെട്ടു. വിലക്കുകൾ ലംഘിച്ചത് ആരെന്ന ചോദ്യത്തിനു കൂടെയുള്ളവർ ആരും മുഖമുയർത്തി മറുപടി പറഞ്ഞില്ല. ധൈര്യസമേതം എഴുന്നേറ്റു നിന്ന് ഞാൻ ഏറ്റുപറഞ്ഞു. മുട്ടുകുത്തിനിന്നുള്ള ക്ഷമാപണമായിരുന്നു ശിക്ഷ. ചെയ്തത് തെറ്റെന്നു മനസ്സിനെ ബോധ്യപ്പെടുത്താൻ എനിക്കായില്ല. എന്തുചെയ്യണമെന്നറിയാതെ അല്പസമയം ഞാൻ നിശ്ചേഷ്ടയായി. മുട്ടിലിരുന്ന് ഇരുകൈകളും ആകാശത്തിലേക്കുയർത്തി ഞാൻ ഉറക്കെ കരഞ്ഞു. ശബ്ദം മഠംമുറിയുടെ ചുമരുകൾ ഭേദിച്ചു പുറത്തേക്കും കടന്നു. കണ്ണുനീർ അണമുറിയാതെ ഒഴുകി വസ്ത്രം നനഞ്ഞു കുതിർന്നു. എന്റെ പശ്ചാത്താപം അവർ അംഗീകരിച്ചില്ല. ദീർഘനേരത്തെ രോദനത്തിനൊടുവിൽ ശാന്തയായ ഞാൻ ദൈർഘ്യമേറിയ മാപ്പപേക്ഷ നടത്തി. തുടർന്നുള്ള രണ്ട് മൂന്ന് ദിവസങ്ങൾ മ്ലാനമായിരുന്നു. അടുത്ത തവണ എന്നെ കാണാനായി ചാച്ചനെത്തുമ്പോൾ തിരികെ പോകണമെന്ന ചിന്ത മനസ്സിൽ ഉദിച്ചു. ആത്മസംഘർഷത്തിനൊരു പരിഹാരമായി വീട്ടിലേക്കു മടങ്ങാമെന്ന മോഹം.

ചാച്ചൻ ചികിത്സയിലാണ്. അനാരോഗ്യാവസ്ഥയിൽതന്നെ കൃത്യസമയത്ത് ചാച്ചൻ മഠത്തിലെത്തി. ചാച്ചനെ കണ്ടതോടെ മഠത്തിലുള്ള എല്ലാവർക്കും വലിയ ഉന്മേഷം. എന്നെക്കുറിച്ച് എന്തെങ്കിലും പരാതി അവർ പറഞ്ഞില്ല. ആ ആഗമനത്തിൽ ഞാനെല്ലാം മറന്ന് സന്തോഷവതിയായി. ഒന്നും സംഭവിക്കാത്തതുപോലെ ചാച്ചൻ യാത്രപറഞ്ഞ് മടങ്ങി. ബഹളമയമല്ലാതെ മഠത്തിൽ രണ്ടാം വർഷവും പിന്നിട്ടു.

സന്ന്യാസത്തിന്റെ അവസാന അങ്കമായ നോവിഷ്യറ്റ് തലശ്ശേരി രൂപതയിലെ കുന്നോത്ത് ക്ലാര മഠത്തിലാണ് നിശ്ചയിക്കപ്പെട്ടത്. കഠിനവും താപസികവുമായ പരിശീലനമാണ് മിണ്ടാവ്രതം. പ്രാർത്ഥനകൾക്കുമാത്രമാണ് ഇവിടെ പ്രാധാന്യം. കുടുംബവുമായോ മറ്റു കന്യാസ്ത്രീകളുമായോ യാതൊരു ബന്ധവും ഇക്കാലത്ത് അനുവദിക്കില്ല. പ്രാർത്ഥനകൾക്കു നേതൃത്വം നൽകിയപ്പോഴെല്ലാം എനിക്ക് എല്ലാവരിൽ നിന്നും അംഗീകാരം കിട്ടി. സമാധാനപരമായ മിണ്ടാവ്രതഘട്ടത്തിനുശേഷം സ്വതന്ത്ര പ്രവർത്തന പരിചയത്തിനായി ഒരാശുപത്രിയിലും വൃദ്ധമന്ദിരത്തിലും സേവനം ചെയ്യേണ്ടി വന്നു. മറ്റ് രണ്ടു പേരും എന്നോടൊപ്പം ഈ ദൗത്യത്തിൽ കൂടെ ഉണ്ടായിരുന്നു. ഭംഗിയായിത്തന്നെ ഇതു നിർവഹിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

അധികാരസ്ഥാനങ്ങളിൽ ഇളക്കിപ്രതിഷ്ഠ നടന്നു. പുതിയ സുപ്പീരിയർ ചുമതലയേറ്റു. അൽഫോൻസ ബാലഭവന്റെ മേധാവിയായി ഞാൻ നിയോഗിക്കപ്പെട്ടു. എന്റെ സ്ഥാനലബ്ധിക്കായി പിന്നണിയിൽ പ്രവർത്തിച്ചത് സിസ്റ്റർ ജെമ്മയായിരുന്നു. അവർ എനിക്ക് പുത്തൻ സന്ന്യാസവസ്ത്രം സമ്മാനമായി നൽകിയാണ് എന്നെ യാത്രയാക്കിയത്. ഏഴ് പെൺകുട്ടികൾ മാത്രമുള്ള ഒരനാഥമന്ദിരമായിരുന്നു അത്. മഠത്തോടനുബന്ധിച്ച് തന്നെയായിരുന്നു ഈ സ്ഥാപനവും പ്രവർത്തിച്ചിരുന്നത്. അടുക്കളക്കാരി ഞാൻ ചുമതലയേറ്റതിന്റെ അടുത്ത ദിവസം തന്നെ പാചകവേല അവസാനിപ്പിച്ച് അവിടെനിന്നും പുറത്തു പോയി. ബാലഭവൻ സുപ്പിരീയറായിരുന്ന ജെമ്മയുടെ അടുപ്പക്കാരിയായിരുന്ന ഈ സ്ത്രീ ജോലി ഉപേക്ഷിക്കാനുള്ള കാരണം എനിക്ക് അജ്ഞാതമായിരുന്നു. അന്തേവാസികളായ കുഞ്ഞുങ്ങളിൽ എന്നോടുള്ള പക നിറയ്ക്കാൻ അവർക്ക് കഴിഞ്ഞു. സ്‌കൂളിലെ സഹപ്രവർത്തകർക്കിടയിലും എന്നെ അവമതി ക്കുന്ന പ്രചാരണം നടത്തി.

ബാലഭവൻ സുപ്പീരിയറായി ചുമതലയേറ്റ രണ്ടാം വർഷം പുതിയ അന്തേവാസികൾ അവിടെ പ്രവേശനം നേടി. ബാലഭവനിൽ വ്യത്യസ്ത മതങ്ങളിൽപ്പെട്ട കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ മുൻകാല ജീവിതം സങ്കടകരവും ദുരിതമയവുമായിരുന്നു. ഗാർഹിക കലഹങ്ങളിൽ കലങ്ങിമറിഞ്ഞ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ എത്തപ്പെട്ടത്. അച്ഛൻ ഉപേക്ഷിച്ച് അമ്മയോടൊപ്പം വീട്ടുവേല ചെയ്തിരുന്ന ഒമ്പതാം ക്ലാസ്സുകാരിയായ പെൺകുട്ടി ഇവരിലൊരാളാണ്. മദ്യപാനം നിമിത്തം മനോനില തകർന്നു ക്രൂരനായി മാറിയ പിതാവിന്റെ കൊലപാതകശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് ജീവൻ രക്ഷിക്കപ്പെട്ട പെൺകുട്ടിയാണ് മറ്റൊരുവൾ. കൂരയ്ക്കകത്തെ സുരക്ഷിതത്വത്തിൽ അനുജത്തിയോടൊപ്പം മയക്കത്തിലായ പെൺകുട്ടിക്കു നേരേയായിരുന്നു അച്ഛന്റെ പരാക്രമം. കത്തി കൊണ്ടുള്ള വെട്ടേറ്റ് സഹോദരി ജീവനറ്റ് എന്നെന്നേക്കുമായി വിടപറഞ്ഞു.

അന്തേവാസികളായ കുട്ടികളുമൊത്തുള്ള സഹവാസം എനിക്ക് ഇഷ്ടമായിരുന്നെങ്കിലും അസ്വസ്ഥമായിരുന്നു അക്കാലം. ക്രൈസ്തവരല്ലാത്ത കുട്ടികൾ കുർബാനയിൽ ബൈബിൾ വായിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തു. എല്ലാവരും ആരാധനയിൽ പങ്കെടുക്കണമെന്നായിരുന്നു എന്റെ പക്ഷം. എന്നാൽ സഹായിയായി ബാലഭവനിലുണ്ടായിരുന്ന മറ്റൊരു സിസ്റ്റർ ഇതിനെ എതിർത്തു. എന്റെ മുൻഗാമിയുമായി ഇവർക്ക് നിരന്തര ബന്ധവുമുണ്ടായിരുന്നു. എനിക്കെതിരേ പ്രയോഗിക്കാനുള്ള ഒരായുധമായി ഇവർ ഈ സംഭവത്തെ പരിഗണിച്ചു.

മഠത്തിൽ ഇടക്കാല താമസത്തിനെത്തുന്ന സന്ന്യസ്തരെ പ്പോലും ഇവർ തെറ്റിദ്ധരിപ്പിച്ചു. ധിക്കാരിയെന്ന ആക്ഷേപം ഇവരിൽനിന്നു കേൾക്കേണ്ടിയും വന്നു. പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം അവർ സംഭ്രാന്തയായി പിറുപിറുത്തു. ഒരുദിവസം രാവിലെ ഈ പെരുമാറ്റത്തിൽ ഞാൻ പ്രകോപിപ്പിക്കപ്പെട്ടു. രോഷാകുലയായ അവർ നിന്നെ ഞാൻ കാണിച്ചുതരാം എന്നുപറഞ്ഞുകൊണ്ട് എനിക്കരികിലേക്കു കുതിച്ചെത്തി. എന്നാൽ കാണിക്കെന്നു പറഞ്ഞ് ഞാനും അവരുടെനേരേ നടന്നു. പിരിമുറുക്കം അടക്കാനാവാതെ അവർ എന്തൊക്കെയോ പുലമ്പി. ശാരീരികമായല്ലെങ്കിലും പരസ്പരം പോരടിച്ച് ഞങ്ങൾ സ്വയം പിരിഞ്ഞുപോയി.

എന്റെ മനസ്സ് നൊന്തു. പരിഭ്രമിച്ചെങ്കിലും ഞാൻ സ്‌കൂളിലേക്ക് പുറപ്പെട്ടു. എന്നാൽ അസത്യം അവഘോഷിക്കപ്പെടുകയാണുണ്ടായത്. കന്യാസ്ത്രീകൾ തമ്മിൽ അടിപിടി ഉണ്ടായെന്നും ഞാനാണു കാരണക്കാരിയെന്ന നിലയിലും കൊട്ടിഘോഷിക്കപ്പെട്ടു. എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ അധികം വിയർപ്പൊഴുക്കിയില്ല. എന്നിൽ അടിയുറച്ച ഉത്കൃഷ്ട വികാരമായ സത്യസന്ധത എനിക്ക് ഊർജ്ജം നൽകി. അപവാദ പ്രചരണങ്ങളിൽ അകപ്പെട്ട് മനസ്സിനെ ദുർബലമാക്കാൻ അനുവദിക്കുകയില്ലെന്നു ഞാൻ തീർച്ചപ്പെടുത്തി. അസ്വാരസ്യ ദിനങ്ങളായിരുന്നു അതെല്ലാം. എന്റെ ആത്മബലത്തിന് കരുത്തു നൽകാൻ തുണയായി വിശുദ്ധവചനമുണ്ടായിരുന്നു.

എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യ പുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേ്യുി മോചനദ്രവ്യമായി നൽകാനുമത്രേ. (മർക്കോസ് 10 : 43-45)

അനിഷ്ട സംഭവങ്ങൾ അരങ്ങേറി അധികനാൾ പിന്നിടുന്നതിനു മുമ്പേ ഒരു രാത്രിയിൽ മഠാധികാരികൾ സംഘം ചേർന്ന് ബാലഭവന്റെ കവാടത്തിനരികെയെത്തി. പ്രാർത്ഥന മുറിയിൽ ജപമാലചൊല്ലുന്ന അവസരമായിരുന്നു അത്. നിശ്ചിത സമയത്ത് കതക് താഴിട്ട് പൂട്ടുന്ന രീതിയാണ് ഇവിടെ ഉണ്ടായിരുന്നത്. എന്റെ കൈവശമുള്ള ആ താക്കോലിനായി സഹവാസികളിലൊരാൾ ഓടിക്കിതച്ചെത്തി. വാതിൽ തുറന്നയുടനേ ഏഴോളം വരുന്ന സന്ന്യസ്ത സംഘം എന്റെ മുറിയിലേക്ക് ഇരച്ചുകയറിയെത്തി. അകത്തുപ്രവേശിച്ച അവർ വാതിലുകൾ ഉള്ളിൽനിന്നും അടച്ച് കുറ്റിയിട്ടു. പിന്നീട് കുറ്റവിചാരണയായിരുന്നു.

അനുസരണക്കേടിനും ധിക്കാരത്തിനും പുറമേ അടിപിടിയെന്ന കുറ്റംകൂടി ചാർത്തപ്പെട്ടു. അവർ തയ്യാറാക്കി കൊണ്ടുവന്നിരുന്ന കുറ്റപത്രം വായിച്ചു. രാക്ഷസീയ ഭാവത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. എഴുതിത്തയ്യാറാക്കിയ കുറ്റപത്രത്തിൽ അംഗീകരിച്ചതായി ഒപ്പിട്ട് നൽകണമെന്നായിരുന്നു അവരുടെ നിർദേശം. ആ രേഖകൾ ഞാൻ വായിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തലച്ചോറിലേക്കൊന്നും പ്രവേശിച്ചില്ല. എന്തായിരുന്നു വലയം ചെയ്തിരുന്ന അപ്പോഴത്തെ വികാരമെന്ന് എനിക്കോർമ്മയില്ല. ശാന്തത വീണ്ടെടുത്ത് ടുത്ത ഞാൻ ക്ഷമയെന്ന മഹത്തായ വികാരത്തെ ആവാഹിച്ച് അവർ നിർദേശിച്ച സ്ഥലത്ത് ഒപ്പുചാർത്തി നൽകി.

അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രചരണങ്ങൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രചരണം നൽകുന്നതിനെക്കാൾ നല്ലതു കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. (ലൂക്കാ 17 : 12)

ഒരായുധമായി പോലും ഉപയോഗിക്കാവുന്ന വലിയ ടോർച്ച് തെളിയിച്ച് അവർ ധാർഷ്ട്യത്തോടെ ഇറങ്ങിപ്പോയി. അധികാരമെന്തെന്ന് ഞാൻ ചികഞ്ഞുചിന്തിച്ചു. സന്ന്യാസത്തിൽ അധികാരത്തിന് സ്ഥാനമുണ്ടോ എന്ന് സന്ദേഹിച്ചു. അവിടെ സ്‌നേഹത്തിന്റെ അധികാരമാണ് പുലരേണ്ടത്. നിസ്സാരരിൽ നിസ്സാരം എന്ന ആപ്തവാക്യമാണ് സെന്റ് ഫ്രാൻസിസ്‌കൻ സഭയുടെ മുഖമുദ്ര. ദുർബലരോടുള്ള സാഹോദര്യമാണു സേവനതത്ത്വം. കാലചക്രം അതിന്റെ ആവേഗത്തിൽ മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു. നിരാശ ബാധിച്ചിരുന്നില്ലെങ്കിലും ഞാൻ സംതൃപ്തയായിരുന്നില്ല. സഹവാസികളായ കുഞ്ഞുങ്ങളോടുള്ള ആഭിമുഖ്യം ദൈവഭക്തി മുന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

തകർന്ന കുടുംബങ്ങളിൽനിന്നുള്ളവരും അനാഥരുമായ കുഞ്ഞുങ്ങൾക്ക് ഒരു ആശ്വാസമെന്നോണം ആസൂത്രണം ചെയ്ത ഉല്ലാസയാത്ര സന്ന്യസ്ത ജീവിതത്തിൽ മറ്റൊരു വ്രണമാണു സൃഷ്ടിച്ചത്. മൈസൂരിലേക്കുള്ള വിനോദയാത്രയായിരുന്നു ലക്ഷ്യം. അതിനായുള്ള പ്രാഥമിക അനുമതിയെല്ലാം മഠം അധികൃതരിൽനിന്ന് നേടുകയും ചെയ്തിരുന്നു. എന്റെ മുൻകൈയിൽ പാചകക്കാരിയായി ബാലഭവനിൽ നിയമിക്കപ്പെട്ട ഷീബയും മൂന്ന് സിസ്റ്റേഴ്‌സും കുട്ടികളും ഉൾപ്പെടുന്ന സംഘമായിരുന്നു യാത്രയ്ക്കായി ഒരുങ്ങിയിരുന്നത്. ഇതിനായുള്ള വാഹനം സംഘടിപ്പിച്ചു നൽകിയത് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു.

യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം തലേദിവസംതന്നെ ഞങ്ങൾ പൂർത്തിയാക്കി. പ്രഭാതഭക്ഷണവും ഉച്ചയൂണും പാചകം ചെയ്ത് തയ്യാറാക്കിയിരുന്നു. അതിരാവിലെ എഴുന്നേറ്റു പുറപ്പെടുന്നതിനിടെ പ്രൊവിൻഷ്യൽ സുപ്പീരിയറിന്റേതായ ഒരറിയിപ്പാണ് എനിക്കു ലഭിച്ചത്. യാത്ര ഉപേക്ഷിക്കണമെന്നായിരുന്നു ആ സന്ദേശം. ഇതനുസരിക്കാൻ ഞാൻ തയ്യാറായില്ല. സംഘാംഗങ്ങളിൽ മറ്റാരോടും ഈ വിവരം ഞാൻ പങ്കുവെച്ചില്ല. സന്തോഷയാത്രയെന്ന ആശയം ശ്രവിച്ചതു മുതൽ കുട്ടികളിലുണ്ടായ ഉണർവ്വും ഉന്മേഷവും തല്ലിക്കെടുത്തരുതെന്ന് തീരുമാനിക്കുകയായിരുന്നു. യാത്ര പുറപ്പെടുകതന്നെ ചെയ്തു. പ്രഭാതഭക്ഷണത്തിനും അതിനുശേഷമുള്ള ചായകുടിക്കും ശേഷം നഗരത്തിലെത്തിയ ഞങ്ങൾ കാഴ്ചകൾ കാണാൻ തുടങ്ങി. ഇതിനിടയിൽ എല്ലാവർക്കും പോക്കറ്റ് മണി വിതരണം ചെയ്യാനും ഞാൻ മറന്നില്ല.

യാത്രാസംഘത്തിൽ ഷീബയുടെ ഇളയ കുഞ്ഞും എന്റെ സഹോദരപുത്രിയും ഉൾപ്പെട്ടിരുന്നു. നഗരക്കാഴ്ചകൾ ആസ്വദിച്ചു മടങ്ങാനുള്ള സമയം അടുത്തപ്പോഴാണ് ഷീബയ്ക്ക് പോക്കറ്റ് മണി Textനൽകിയില്ലെന്ന കാര്യം ഞാനോർത്തത്. അപ്പോൾതന്നെ ഞാനത് പരിഹരിക്കുകയും ചെയ്തു. അസന്തുഷ്ടിയോടെയാണ് അവർ എന്നിൽനിന്നും ആ പണം കൈപ്പറ്റിയത്. ഷീബയുടെ മുഖത്തെ അസംതൃപ്തി എന്നെ പ്രയാസപ്പെടുത്തി. ഒരടുക്കളക്കാരിയായി ഒരിക്കലും അവളെ കണ്ടിരുന്നില്ല.

ഭർത്താവ് ആത്മഹത്യ ചെയ്ത കുടുംബത്തിലെ അംഗമായിരുന്നു ഷീബ. അവർക്കാവശ്യമുള്ള വസ്ത്രം, ബാഗ്, കുട തുടങ്ങിയ മിക്ക സാധനങ്ങളും നൽകിയിരുന്നു. പാചകത്തൊഴിലിനുള്ള വേതനത്തിന് പുറമേയായിരുന്നു ഇത്. സ്‌നേഹമുള്ള ഒരു വീട് എന്നതായിരുന്നു ബാലഭവനെക്കുറിച്ചുള്ള എന്റെ സങ്കല്പം. ആ കുടുംബത്തിലെ ഒരംഗമായിത്തന്നെ ഷീബയും പരിഗണിക്കപ്പെട്ടു. യാത്ര കഴിഞ്ഞെത്തിയ എനിക്കു നേരിടേണ്ടിവന്നത് ഒരർത്ഥത്തിൽ കടുത്ത ശിക്ഷയാണ്. അവിടെ ഞാൻ ഒറ്റപ്പെടുന്നതായി എനിക്കു മനസ്സിലായി. ആരും എന്നെ പിന്തുണയ്ക്കാനുണ്ടായിയിരുന്നില്ല. അനുസരണക്കേടെന്ന വലിയ കുറ്റം കൂടി എന്നിൽ ആരോപിക്കപ്പെട്ടു. യാഥാർത്ഥ്യം വെളിപ്പെടുത്താൻ കിട്ടിയ അവസരങ്ങളിലെല്ലാം ഞാനതിന് ശ്രമിച്ചു. മറുത്താരും എന്നോട് അഭിപ്രായം മൊഴിഞ്ഞില്ലെങ്കിലും ഫലത്തിൽ ഞാൻ ഏകയായി.

ക്ഷീണത്താൽ അടുത്ത ദിവസം വൈകിയാണ് എഴുന്നേറ്റത്. കുഞ്ഞുങ്ങളിൽ പലരും അപ്പോഴും പായവിട്ട് എഴുന്നേറ്റിരുന്നില്ല. പ്രൊവിൻഷ്യൽ ഹൗസിൽനിന്നുള്ള സന്ദേശം ഇതിനകം ബാലഭവനിലെത്തിയിരുന്നു. മൈസൂർ സഞ്ചാരത്തിൽ പങ്കെടുത്ത മഠത്തിലെ സിസ്റ്റേഴ്‌സിനെ അടിയന്തിരമായി കാണണമെന്ന അറിയിപ്പായിരുന്നു ഇത്. ലഭിച്ചയുടനേ ഞാനൊഴികെ ഉള്ളവർ പ്രൊവിൻഷ്യൽ ഹൗസിലേക്ക് ധൃതിയിൽ പുറപ്പെട്ടു. അവശരായ കുട്ടികളെ തനിച്ചാക്കി അവിടെ എത്താനാവില്ലെന്നായിരുന്നു എന്റെ നിലപാട്.

മഠത്തിലെ എന്റെ പ്രതിയോഗികളിലൊരാൾ തിരികെ എത്തിയതോടെ പ്രൊവിൻഷ്യാളെ കാണാൻ ഞാൻ പുറപ്പെട്ടു. അവിടെ എനിക്കു നേരിടേണ്ടി വന്നത് ദയാരഹിതമായ രാക്ഷസീയത്വമാണ്. അവർ എന്നെ മുറിക്കുള്ളിലാക്കി വാതിലടച്ചു. പ്രൊവിൻഷ്യലും കൗൺസിൽ അംഗങ്ങളും ആയുധങ്ങൾ മൂർച്ചകൂട്ടി ഇരയുടെമേൽ ചാടിവീഴാനെന്നവണ്ണം ക്രുദ്ധരായി നിലയുറപ്പിച്ചു. ഭീമനാദം കർണ്ണപടത്തിൽ പ്രകമ്പനംകൊള്ളിച്ചു. ഉത്തരം പറയാൻ ഒരു നിമിഷംപോലും നൽകാതെ അവർ ചോദ്യശരങ്ങളെയ്തു.

നിശ്ശബ്ദയായി മുറിവേറ്റുവീഴുകയല്ലാതെ എന്റെ മുന്നിൽ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. അവർ എനിക്കെതിരേ ചാർത്തിയ കുറ്റങ്ങളെഴുതിയ രേഖയിൽ ഒപ്പുവെക്കണമെന്ന് ശഠിച്ചു. അതുമുഴുവൻ വായിക്കാൻപോലും മനസ്സാന്നിധ്യം ഉണ്ടായിരുന്നില്ല. ഒരേ ഒരു വ്യവസ്ഥയിൽ മാത്രമാണ് എന്റെ കണ്ണുടക്കിയത്. ചെയ്ത കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ ഞാൻ മേലിൽ ഒരു അധികാരസ്ഥാനത്തേക്കും യോഗ്യയല്ലെന്ന് സമ്മതിക്കുന്ന സത്യവാങ്മൂലവും ഇതിൽ ഉണ്ടായിരുന്നു. വേട്ടമൃഗത്തെപ്പോലെയാണ് എന്നെ നേരിട്ടത്. അവശേഷിച്ച ധൈര്യത്തോടെ അവരുടെ ആവശ്യത്തെ നിഷേധിച്ച ഞാൻ ഒപ്പിടില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇവനെ എൻെറ മുമ്പിൽ കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പിൽ വച്ചുതന്നെ ഇവനെ ഞാൻ വിസ്തരിച്ചു. നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളിൽ ഒന്നുപോലും ഇവനിൽ ഞാൻ കണ്ടില്ല. ലൂക്കാ 23 : 14

തളർന്നുപോകും എന്ന് കരുതിയ ഘട്ടത്തിൽ കൈത്താങ്ങായി ലൂക്കായുടെ വചനം എന്നെ ധൈര്യപ്പെടുത്തി.

ഒരു ഹൈസ്‌കൂൾ അധ്യാപികയെന്ന പരിഗണന നൽകാതെ ഇപ്പോൾ തന്നെ ജനറലേറ്റിലേക്കു പോവണമെന്നായിരുന്നു അവരുടെ അടുത്ത ആജ്ഞ. അവരുടെ ഇംഗിതത്തിന് വഴങ്ങിയിരുന്നെങ്കിൽ ഇവിടെത്തന്നെ കഴിയാമെന്ന വാഗ്ദാനം എനിക്കു സ്വീകാര്യമായില്ല. ബാലഭവനിലെ ചോദ്യംചെയ്യലിന് വിധേയയായ എനിക്കുള്ള രണ്ടാമത്തെ ഞെട്ടലായിരുന്നു ഇത്. എന്നോടൊപ്പം മൈസുരു യാത്രാസംഘത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളിൽ രണ്ടുപേർക്കു കടുത്ത പീഡനം എല്‍ക്കേണ്ടി വന്നു. ദിവസങ്ങളോളം അവർക്ക് ബന്ധനത്തിൽ കഴിയേണ്ടിവന്നു. അധികാരികൾ മുന്നിൽവെച്ച രേഖകളിൽ തുല്യം ചാർത്തി കീഴടങ്ങിയതിനുശേഷമേ അവർക്കു മോചനമുണ്ടായുള്ളൂ. സഹയാത്രികയായിരുന്നെങ്കിലും ഒറ്റുകാരിയായി ജെയ്‌സി ജോസ് അധികാരികളുടെ ഇഷ്ടപാത്രമായി.

അടുത്ത ദിവസം അതിരാവിലെ ജനറലേറ്റ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു. മാനന്തവാടി പ്രൊവിൻഷ്യൽ ഫ്രാൻസി ഉൾപ്പെടെയുള്ള സന്ന്യസ്തസഭയിലെ അധികാരികളുടെ സംഗമം അന്നാണ് ആരംഭിക്കുന്നത്. എന്റെ യാത്രാലക്ഷ്യം ജനറൽ സുപ്പീരിയറിനു മുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ച് സ്വച്ഛത കൈവരിക്കുക എന്നതായിരുന്നു. അവർക്കു മുന്നിൽ മനസ്സ് തുറന്നു. ശാന്തത കൈവരിക്കാൻ ആവശ്യപ്പെട്ട അവർ ആശ്വസിപ്പിച്ചു. തെറ്റിദ്ധാരണയുടെ ഫലമാണ് അഭിപ്രായ ഭിന്നതയെന്നും പ്രൊവിൻഷ്യലിനോട് മാപ്പുപറയാൻ നിർദേശിക്കാമെന്നും അവർ പറഞ്ഞു. ഈ സമാഗമത്തിന് ശേഷം എന്റെ മനസ്സ് ഓളമടങ്ങിയ സാഗരമായി.

ധ്യാനത്തിൽ പങ്കെടുക്കാൻ എന്നെയും അനുവദിച്ചു. ഏറ്റവും പിൻവരിയിലാണ് ഇരിപ്പിടം കിട്ടിയത്. ധ്യാനത്തിന്റെ ഇടവേളയിൽ എന്നെ കണ്ടുമുട്ടിയ ഫ്രാൻസി സോറി എന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു. അവരുടെ ആത്മാർത്ഥത എന്നാൽ എനിക്കു ബോധ്യപ്പെട്ടില്ല. ധ്യാനം അവസാനിക്കുന്നതിനു മുമ്പേ ജനറൽ സുപ്പീരിയറിന്റെ നിർദേശമനുസരിച്ച് ഞാൻവീണ്ടും ബാലഭവനിലെത്തി.

ആത്മസന്തോഷത്തിന് അളവില്ലായിരുന്നു. സ്വവസതിയിലേക്കു മടങ്ങിയെത്തിയ പ്രതീതിയാണ് എനിക്കുണ്ടായിരുന്നത്. ബാലഭവനിലെത്തിയ എനിക്കു പാചകക്കാരിയായ ഷീബയെ അവിടെ കാണാൻ കഴിഞ്ഞില്ല. അവർ അടുത്തുള്ള മഠത്തിലാണ് ഇനി ജോലി ചെയ്യുക എന്നാണ് എനിക്കു ലഭിച്ച വിവരം. ഞാൻ പ്രകടിപ്പിച്ച പ്രതിപത്തി വിഫലമായിപ്പോയതായി എനിക്കുതോന്നി. പാചകം ചെയ്യുന്ന ജോലി ഞങ്ങളെല്ലാവരും സ്വയം ഏറ്റെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ദൗത്യം ഞങ്ങളും പാത്രങ്ങൾ കഴുകുന്നതടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ അന്തേവാസികളായ കുട്ടികളും നിർവഹിച്ചു.

കുട്ടികളുമൊത്തുള്ള സഹവാസം ആനന്ദകരമായിരുന്നു. സമീപത്തെ മഠത്തിൽ ഒരു തവണ ഭക്ഷണം കഴിക്കാൻ ഞാൻ പോയി. അതെന്റെ മനസ്സിലെ വിദ്വേഷത്തെ ജയിക്കാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു. പ്രതിഫലമൊന്നും ഇച്ഛിക്കാതെ സ്‌നേഹം നൽകി കൂടെ വളർത്തിയ ഷീബയുടെ ചുവടുമാറ്റം തന്നെയായിരുന്നു ഈ വിരക്തിക്ക് പ്രധാന കാരണം. അത്തരം അവസരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ച ഞാൻ ഷീബയോട് സംസാരിക്കാനും വിമുഖത കാണിച്ചു. എന്തുകൊണ്ടോ ആ നന്ദികേടിനോടു പൊറുക്കാൻ മനസ്സ് തയ്യാറായില്ല.

ഇതിനിടെ ഒരു ദിവസം സ്‌കൂളിലെ പത്താംതരം കുട്ടികൾക്കായി ഒരു പഠനയാത്ര ഞാൻ ആസൂത്രണം ചെയ്തു. അധ്യാപകർകൂടി ഉൾപ്പെടുന്ന സംഘം തിരുനെല്ലിയാണ് സന്ദർശനത്തിനായി തെരഞ്ഞെടുത്തത്. മഠത്തിൽ എന്നോടൊപ്പം കഴിയുന്ന സിസ്റ്റർ വിൻസിയെക്കൂടി യാത്രയിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിച്ചു. മഠത്തിൽ അവർ അനുഭവിക്കുന്ന ഏകാന്തതയ്ക്കു ശമനമാകട്ടെ എന്ന ചിന്തയാണ് ഇതിന് എന്നെ പ്രേരിപ്പിച്ചത്. ഹൃദ്യമായിത്തന്നെ അവർ എന്റെ ക്ഷണം സ്വീകരിച്ചു. മാനന്തവാടിയിൽ എത്തിയ ഞങ്ങൾ പൊതുവാഹനത്തിൽ തിരുനെല്ലിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്. സമാനസമയത്ത് പ്രൊവിൻഷ്യൽ ഫ്രാൻസി തലശ്ശേരി യാത്രയ്ക്കായി ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തിയിരുന്നു. വിൻസിയെ കൈ കാണിച്ചു വിളിച്ച അവർ ക്രോധത്തോടെ ‘എവിടെ പോകുവാ…മഠത്തിൽ പോയിരിക്ക്’ എന്ന് പറഞ്ഞു. അപമാനഭാരത്താൽ വ്രണിതഹൃദയയായ അവർക്കു തിരികെ പോകുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.

ഒരുദിവസം മഠത്തിലെ എന്റെ പ്രതിയോഗിയായി കരുതപ്പെട്ടിരുന്ന സിസ്റ്റർ എന്റെ മുന്നിലെത്തി മുട്ടുകുത്തി മാപ്പു പറഞ്ഞു. തെറ്റ് തന്റേതാണെന്നും അസത്യപ്രചരണത്തിൽ ക്ഷമിക്കണമെന്നും അവർ അപേക്ഷിച്ചു. സാധാരണഗതിയിൽ അവരിൽനിന്ന് പരമാവധി അകലം പാലിക്കുകയായിരുന്നു തന്റെ രീതി. പരസ്പരം സംസാരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കി. ജെയ്‌സി ജോസിന്റെ ഈ ക്ഷമാപണവും എന്റെ മനോഗതിയിൽ മാറ്റമൊന്നും വരുത്തിയില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.