ഓർമ്മകളുടെ ഭാണ്ഡവുമായി അതിരിൽ ജീവിക്കുന്നവരോടൊപ്പം യാത്ര ചെയ്യുമ്പോൾ
വി മുസഫർ അഹമ്മദിന്റെ ‘കർമാട് റെയിൽപ്പാളം ഓർക്കാത്തവരേ’ എന്ന പുസ്തകത്തിന് അനിൽ വേങ്കോട് എഴുതിയ വായനാനുഭവം (കടപ്പാട്- ജാഗ്രതയുടെ കേരളീയം ഓണ്‍ലൈന്‍)
കടൽ മലയാള ഭാവനയിൽ നിന്ന് അസന്നഹിതമായിരിക്കുന്നുവോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അഭിലാഷ് മലയിൽ ‘റയ്യത്ത്‌വാരി: കമ്പനി സ്റ്റേറ്റും പൊളിറ്റിക്കൽ എക്കണോമിയും മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ’ എന്ന പുസ്തകം ആരംഭിക്കുന്നത്. കേരളീയ ചരിത്ര അന്വേഷകരുടെ കൂട്ടത്തിലെ വലിയ പ്രതീക്ഷയാണ് അഭിലാഷ്. കടൽ വഴി നാം പുറത്തേക്ക് നടത്തിയ യാത്രകൾ, അതുവഴി വന്നുചേർന്ന സാംസ്കാരിക അംശങ്ങൾ, ധനം, ദായക്രമങ്ങൾ, അതിൽ ഏർപ്പെടുന്നവർ പുലർത്തുന്ന നീതി, ഭാഷ ഇങ്ങനെ പലതും ഇനിയും കേരളീയമെന്ന് നാം വിവക്ഷിക്കുന്ന രാഷ്ട്രീയ സാംസ്കാരിക സമുച്ചയത്തിലേക്ക് വേണ്ടവണ്ണം പ്രവേശിക്കാതെ നിൽക്കുകയാണ് എന്ന് അഭിലാഷ് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ചിന്തയിൽ ഗംഭീരമായ ഒരു തുറസ്സു സമ്മാനിച്ച റയത്തുവാരിയുടെ വായനക്ക് ശേഷം തികച്ചും യാദൃശ്ചികമായി കയ്യിൽ വന്ന പുസ്തകമാണ് വി മുസഫർ അഹമ്മദിന്റെ ‘കർമാട് റെയിൽപ്പാളം ഓർക്കാത്തവരെ’ എന്ന ലേഖന സമാഹാരം. കേരളീയം വെബ് മാഗസിനിൽ ‘ഓഫ് റോഡ്’ എന്ന പേരിൽ മുസഫർ എഴുതിയ പ്രതിവാര പംക്തിയിലെ 25 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്.
അറബിക്കടലിന് നേരെ വലിച്ചുകെട്ടിയ വിനൈൽ ഫ്ളക്സ് പോലെ (അൻവർ അലി) നീണ്ടുനിവർന്ന് കിടക്കുന്ന കേരളത്തിന്റെ ഒരു വശം പൂർണമായും കടൽ ആയിരിക്കെ ചിത്ര-ശില്പ കലകളിലും സാഹിത്യത്തിലും കടലും കടൽ ജീവിതവും ‘കാണുന്നീലോക്ഷരവും’ എന്ന് പൊയ്കയിൽ അപ്പച്ചൻ പറഞ്ഞത് പോലെ മാഞ്ഞു നിൽപ്പാണല്ലോ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് ആദ്യ ലേഖനം ആരംഭിക്കുന്നത്. കർണാടകത്തിലെ കാർവാറിൽ കടൽത്തീരത്തിനടുത്ത് റോക്ക് ഗാർഡനിൽ കാണുന്ന മത്സ്യബന്ധന തൊഴിലാളി കുടുംബത്തിന്റെ ശില്പം പോലെ ഒന്ന് കേരളീയ കടൽത്തീരത്ത് കാണാത്തതെന്ത്? കേരളത്തിലെ ബീച്ച് ആർട്ടിൽ സാഗരകന്യകയും വിളക്കമ്മയും ഒക്കെ ഉണ്ട്. എന്നാൽ കടലിൽ പണിയെടുക്കുന്ന ഒരു വിശാല ജനവിഭാഗത്തിൻറെ ജീവിത സന്ദർഭത്തെ ഒരു വിധത്തിലും പ്രതിഫലിപ്പിക്കാൻ നമ്മുടെ കലയ്ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാവാം. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ മാത്രമല്ല, ഉരുവിൽ പണിയെടുക്കുന്നവർ, ലക്ഷദ്വീപിലേക്കും ആൻഡമാനിലേക്കും കടൽ മാർഗ്ഗം പ്രവാസികളായി പോയവർ ഇങ്ങനെ തീഷ്ണാനുഭവങ്ങളുടെ ഭൂ-മനോപടങ്ങൾ മുഖ്യധാരയിലെത്താതെ അങ്ങിങ്ങായി കോറി വരയ്ക്കപ്പെട്ടത് നമ്മുടെ കലയിലും ഭാഷയിലും ചരിത്രത്തിലും കിടക്കുന്നതൊക്കെ ഓർത്തെടുക്കുന്നുണ്ട് മുസഫർ.
നോബൽ സമ്മാന ജേതാവായ അബ്ദുറസാഖ് ഗൂർണ്ണയെ കുറിച്ചുള്ള ലേഖനമാണ് രണ്ടാമതായി ചേർത്തിട്ടുള്ളത്. കിഴക്കനാഫ്രിക്കയിലെ സാൻസിബാറിൽ ജനിച്ച് രാഷ്ട്രീയ കാര്യങ്ങളാൽ ചെറുപ്രായത്തിലെ പ്രവാസിയായി തീർന്ന ഗൂർണ്ണ യുകെയിൽ താമസിച്ചുകൊണ്ടാണ് സാഹിത്യ രചന നടത്തുന്നത്. ഒരു അഭിമുഖത്തിൽ ഗൂർണ്ണ കേരളത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്ത്യൻ മഹാസമുദ്ര തീരദേശം എന്ന നിലയിലാണ്. അതിനാൽ കൊളോണിയൽ അധിനിവേശം ഊറ്റി കുടിച്ചുപോയ ഒരു മണ്ണും അതിന്റെ തീവ്ര അനുഭവങ്ങൾ പേറിയ ഒരു ജനതയും എന്ന നിലയിലാണ് അദ്ദേഹം കേരളത്തെയും കേരളീയരെയും കാണുന്നത്. സാമ്രാജ്യത്വം ഇന്ത്യൻ മഹാസമുദ്രതീരത്തുള്ള നാടുകളെ ഏതാണ്ട് ഒരേപോലെ ആക്രമിക്കുക ആയിരുന്നല്ലോ. അതിനാൽ തന്റെ നാടുമായും അതിന്റെ സംസ്കാരവുമായും ‘കണക്ടഡ്’ ആണ് ഈ നാട് എന്ന തിരിച്ചറിവാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. ഒരു വിശ്വ സാഹിത്യകാരൻ കേരളത്തിൽ കാണുന്ന ഈ സവിശേഷത കേരളീയർ ഇനിയും സ്വയം കണ്ടിട്ടില്ലാത്ത ഒരു ഐഡന്റിറ്റിയാണത്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിഖ്യാത സഞ്ചാരിയായിരുന്ന ഇബ്നുബത്തൂത്ത കണ്ണൂരിലെ ഏഴിമലയിൽ സ്വാഹിലി ഭാഷ സംസാരിക്കുന്ന ഒരു മുസ്ലിം പുരോഹിതനെ കണ്ടതിനെകുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. സ്വാഹിലിയാണ് ഗൂർണ്ണയുടെയും മാതൃഭാഷ. കിഴക്കൻ ആഫ്രിക്കയുമായി പതിനാലാം നൂറ്റാണ്ടിൽ തന്നെ കേരളത്തിന് ബന്ധം ഉണ്ടായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. നമ്മുടെ ചരിത്രാന്വേഷണത്തിന്റെ അടിസ്ഥാന ഭൂമികയിൽ തന്നെ സന്നിഹിതമായ വസ്തുതകളെക്കാൾ എത്രയോ അസന്നിഹിതമായ പ്രദേശങ്ങൾ ഉണ്ടെന്ന് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. അസുഖങ്ങൾ മാറാൻ ഖുർആൻ വചനങ്ങൾ പിഞ്ഞാണത്തിൽ എഴുതി ‘വസിയിലെഴുത്ത്’ കുടിക്കുന്ന രീതി മലബാറിലേതുപോലെ യമനിലും സാൻസിബാറിലും സുഡാനിലും ഒക്കെ ഉണ്ടെന്ന് ഗൂർണ്ണയുടെ നോവൽ ഉദ്ധരിച്ചുകൊണ്ട് മുസഫർ വിവരിക്കുന്നു. കൊളോണിയൽ വ്യാപാര ബന്ധങ്ങൾ അതിജീവനത്തിന്റെയും പുരോഗതിയുടെയും വാതിലുകൾ തുറന്നിട്ടു എന്ന് വാദിക്കുന്നവരോട് സംശയങ്ങൾക്കിടയില്ലാത്ത വിധം ഗൂർണ്ണ പറയുന്നത് അതിജീവന പാതയിലൂടെ ഒഴുകിപ്പോയ മനുഷ്യരക്തത്തെ കൂടി കാണണം എന്നാണ്. ഇസ്ലാം-മുസ്ലിം മിത്തുകളും കഥകളും ആഖ്യാനങ്ങളും കൊണ്ട് വെളിച്ചപ്പെടുത്തുന്ന തീർത്തും ആചാരപരമായ ഒരു മതത്തെ അല്ല അവിടെ ബോധപൂർവ്വം മായ്ച്ചുകളഞ്ഞ അവരുടെ ജീവിതത്തെയും അതിന്റെ അനുഭവ കോടികളെയും കാണാനായി കണ്ണ് കൂർപ്പിക്കേണ്ടതുണ്ട്. പ്രവാസത്തെയും മതത്തിനുള്ളിൽപ്പെട്ട മനുഷ്യ ജീവിതത്തെയും നോക്കാനൊരു വിമർശ തലം (critique) തുറക്കുകയാണ് ഗൂർണ്ണ. ഈ വീക്ഷണം തന്റെ നോവലുകളിലും പ്രബന്ധങ്ങളിലും അദ്ദേഹം പുലർത്തുന്നതായി മുസഫർ വിശദീകരിക്കുന്നു.
കെ.പി ജയകുമാറിന്റെ ‘വെടിയേറ്റ മൃഗം ചരിത്രം പറയുന്നു’ എന്ന ഗവേഷണ പ്രബന്ധത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് വേട്ടയിൽ അമർന്നു കിടക്കുന്ന സാമ്രാജ്യത്വത്തിന്റെ ദൃംഷ്ടകൾ ഓരോന്നായി കാട്ടിത്തരുകയാണ് മുസഫർ ‘ഗുരുവിന് കാൽപടമായ പുലിത്തോൽ’ എന്ന ലേഖനത്തിൽ. നമ്മുടെ നാട്ടിലെ കൊളോണിയൽ ശേഷിപ്പുകളായ കെട്ടിടങ്ങളിൽ തൂങ്ങുന്ന ചിത്രങ്ങളും പുലിത്തോലുകളും വേട്ട തോക്കുകളും സൂചിപ്പിക്കുന്നത് ഈ ചുമരുകൾ ഭൂതകാലത്തിൽ തന്നെ ജീവിക്കുന്നു എന്നാണ്. മൃഗവും മനുഷ്യനും എന്ന പാരസ്പര്യത്തിൽ ഇന്നും തുടരുന്ന യുദ്ധത്തിൽ സാമ്രാജ്യത്വത്തിന്റെ നഖപ്പാട് കാണാനാകുമെന്ന് ഈ ലേഖനം നമ്മോട് പറയുന്നു.
പ്രവാസത്തെയും പെണ്ണനുഭവങ്ങളെയും വിഷയമാക്കിയവയാണ് ‘മറവിയും മായലും: പ്രവാസ സഹനത്തിന്റെ രണ്ടു പെണ്ണധ്യായങ്ങൾ’, ‘ആൻഡമാൻകാരുടെ ചരിത്രകാരൻ’ എന്നീ ലേഖനങ്ങൾ. മലബാർ കലാപത്തിന്റെ കാലത്ത് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട മനുഷ്യരെയും അവർ ശിക്ഷാ കാലാവധി കഴിഞ്ഞ് സ്വന്തം നാട്ടിൽ തിരിച്ചെത്തിയിട്ടും അനുഭവിച്ച അതിസങ്കിർണ്ണമായ ജീവിതപ്രതിസന്ധികളുടെ ചരിത്രം മാട്ടുമ്മൽ മരയ്ക്കാരുടെ ഡയറി കുറിപ്പുകളെയും എ.പി മുഹമ്മദിന്റെ പുസ്തകത്തെയും ഉദ്ദരിച്ച് മുസഫർ എഴുതുന്നു. ജപ്പാൻകാർ ആന്റമാൻ ദ്വിപ് കൈയടക്കിയ കാലത്ത് ബ്രിട്ടീഷ്കാരുടെ കാലത്തേക്കാൾ ക്രൂരതകൾ അനുഭവിച്ചതായി ഈ രേഖകൾ വ്യക്തമാക്കുന്നു.
‘വിവർത്തനം ഒരസാധ്യത പക്ഷേ നാം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു’, ‘സ്പിവാക്ക് പറഞ്ഞ വിവർത്തന അസാധ്യത വിജയൻ വിശദീകരിച്ച വിധം’ എന്നീ ലേഖനങ്ങൾ വിവർത്തനത്തിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള വിചിന്തനങ്ങളാണ്. കാര്യം ഗ്രഹിക്കാൻ പരിഭാഷ മതിയാകും എന്ന് ശ്രീനാരായണ ഗുരു സി.വി കുഞ്ഞിരാമനുമായിട്ടുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത് ഒരുപക്ഷേ പരിഭാഷയെ സംബന്ധിച്ച മലയാളത്തിലെ ആദ്യ അഭിപ്രായപ്രകടനം ആയിരിക്കാം. മറ്റു ഭാഷകളിൽ നിന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നതിന് പരിഭാഷ കൂടിയേ കഴിയൂ എന്നിരിക്കിലും ഒരു ഭാഷയിൽ വിരിയുന്ന സൂക്ഷ്മമായ അടയാളങ്ങളെ സ്വാംശീകരിക്കാൻ വിവർത്തനത്തിന് കഴിയാതെ വരുന്ന ഒരു അസാധ്യതയിലേക്കാണ് ആത്യന്തികമായി പരിഭാഷ ചെന്നെത്തുന്നത് എന്ന തിരിച്ചറിവ് ഏറിയോ കുറഞ്ഞോ നമ്മുടെ പരിഭാഷകർ മാത്രമല്ല എഴുത്തുകാരും ചിന്തകരും പങ്കുവെച്ചിട്ടുണ്ട്. വിജയന്റെ ഖസാക്ക് പരിഭാഷ ഡോക്ടർ വി.സി ഹാരിസും അനിതാ തമ്പിയും പറഞ്ഞ അഭിപ്രായങ്ങൾ, കന്നട എഴുത്തുകാരനായ വിവേക് ശാൻബാഗിൻ്റെ വിവർത്തനാനുഭവം ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ മുസഫർ നിരത്തുന്നു. ഗായത്രി സ്പിവാക്കിന്റെ ‘Living Translation’ എന്ന ഗ്രന്ഥത്തിന്റെ വയനുഭവം പങ്കുവച്ചുകൊണ്ട് മുകളിൽ സൂചിപ്പിച്ച വിവർത്തത്തനത്തെക്കുറിച്ചുള്ള ചിന്ത കൂടുതൽ വിപുലപ്പെടുത്തുകയാണ് മുസഫർ. “എല്ലാ അർത്ഥത്തിലും വിവർത്തനം അനിവാര്യമാണ്. പക്ഷേ അസാധ്യവുമാണ്“ എന്ന സ്പിവാക്കിന്റെ അഭിപ്രായം വിവർത്തനത്തിന്റെ സങ്കീർണ്ണതകളെ എല്ലാം ഒറ്റവാചകത്തിൽ ഒതുക്കുന്നതാണ്. അർത്ഥ ഗ്രഹണ പ്രക്രിയയുടെ അനന്ത ലീലയെക്കുറിച്ച് ചിന്തിച്ച മഹാനായ ചിന്തകൻ ദെറിദയുടെ ശിക്ഷ്യയും വിവർത്തകയും ആയ ഗായത്രി ഇവ്വിധം ഒരു അഭിപ്രായ പ്രകടനം നടത്തുന്നതിൽ അത്ഭുതപ്പെടാനില്ല. ഒരു താറാവ് വെള്ളത്തിലേക്ക് ഇറങ്ങിപ്പോകുന്നത്ര അനായാസതയോടെ മനസ്സ് മൂലഗ്രന്ഥത്തിലേക്ക് ഇറങ്ങിപ്പോകുന്ന വായനയുടെ ഉത്തുംഗതലത്തിൽ നിന്നാണ് വിവർത്തനം സാധ്യമാകുന്നത്, അല്ലാതെ ഭാഷയുടെ പുറംപറ്റിൽ നിന്നുകൊണ്ടുള്ള ട്രപീസ് കളിയല്ല. Translation is the ultimate act of reading എന്ന് ഗായത്രി പറയുന്നതിന്റെ സാരം ഇതാണ്. പൂർണ്ണ അർത്ഥത്തിൽ വിവർത്തനം അസാധ്യമായിരിക്കുമ്പോഴും വിവർത്തനമില്ലങ്കിൽ മനുഷ്യജീവിതം തന്നെ അസാധ്യമായേനെ.
2020 മെയ് എട്ടാം തീയതി 16 ഫാക്ടറി തൊഴിലാളികൾ ഔറംഗബാദ് ജില്ലയിലെ കർമ്മാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ചരക്ക് വണ്ടികയറി മരിച്ചു. കോവിഡ് മൂലം അടഞ്ഞുകിടന്ന ലോകത്ത്, വാഹന ഗതാഗതങ്ങൾ സ്തംഭിച്ചുനിന്ന കാലത്ത് അവർ വീട്ടിലേക്ക് നടന്നുപോകുന്ന വഴി ക്ഷീണം തീർക്കാൻ ഉറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. നാടുപിടിക്കാനായി ആളുകൾ ഇങ്ങനെ കൂട്ടമായി സഞ്ചരിക്കുന്നതിനിടയിൽ മരിച്ചുവീണവരെത്ര, അനാഥരായവരെത്ര. മരിച്ചവരുടെ പേരുകൾ പോലും പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ തുനിഞ്ഞില്ല. ഈ ദുരന്തത്തെ തുറന്നു കാണിക്കുന്ന വിപിൻ ധനുർധരന്റെ കലാപ്രതിഷ്ഠാപനത്തിനെ കുറിച്ച് എഴുതുമ്പോഴാണ് മുസഫർ മിക്കവാറും പൊതു ഓർമ്മയിൽ നിന്ന് വിസ്മൃതിയിലേക്ക് പോയ കോവിഡ് കാലത്തെ ഏറ്റവും വലിയ ദുരന്തത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഈ ലേഖനത്തിൽ നിന്നാണ് പുസ്തക തലക്കെട്ടും വന്നിട്ടുള്ളത്. വീട്/വാസം എന്ന വിഷയത്തിൽ ഊന്നി ‘ലോകമേ തറവാട്‘ എന്ന പേരിൽ ആലപ്പുഴയിൽ നടന്ന കലാപ്രദർശനത്തെ കുറിച്ചാണ് ഈ ലേഖനം. ലോകം ഒരു കുടുംബമാണ് എന്നതാണ് ഈ കലാപ്രദർശനത്തിന്റെ പ്രധാന സങ്കല്പനം. വീട്, വീടില്ലായ്മ, വാസം, പ്രവാസം തുടങ്ങിയ കേരളീയ ജീവിതത്തിന്റെ പ്രധാന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും ആയിരുന്നു ഈ പ്രദർശനത്തിൽ ആവിഷ്കരിക്കപ്പെട്ടത്. ലോകത്തിന്റെ പല കോണുകളിൽ ജീവിച്ചുകൊണ്ട് കല നിർമിക്കുന്ന 267 പേർ ഒരുക്കിയതാണ് ഈ കലാപ്രദർശനം. ഒരു കലാപ്രദർശനത്തെ കണ്ടെഴുതിക്കൊണ്ട് മുസഫർ സഞ്ചരിക്കുന്ന ഇടങ്ങൾ ഗൃഹാതുരതയെ മാറ്റിവെച്ച് കേരളീയതയെ കാണുന്നതെങ്ങനെയെന്ന് ഓർമിപ്പിക്കുന്നു. എഴുത്തിൽ ഇനിയും വന്നിട്ടില്ലാത്ത ഗുണകരമായ ചില കലാനിരീക്ഷണങ്ങൾ ഈ കലാകാരന്മാർ ഉയർത്തിവിടുന്നുണ്ടെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
ഗോത്രഭാഷകൾ പോലെ തീരെ ന്യൂനപക്ഷമായ ഭാഷകൾ പൊതുമധ്യത്തിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങുമ്പോൾ അഭിമുഖീകരിക്കുന്ന നിർണായകമായ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് ‘നിത്യവും ഞാൻ മാനിറച്ചി കഴിക്കുന്നു, കവിതയിലാണെന്ന് മാത്രം’ എന്ന ലേഖനം. അജയൻ മടൂർ, സുകുമാരൻ ചാലിഗദ്ദ, സുരേഷ് മാവിലൻ, ധന്യ വേങ്ങച്ചേരി, അശോകൻ മറയൂർ ഇങ്ങനെ ഗോത്ര ഭാഷകളിൽ എഴുതുന്ന കവികളെ ഉദ്ധരിച്ചുകൊണ്ട് ആദാന പ്രദാനങ്ങളിൽ ഇത്തരം ന്യൂനപക്ഷ ഭാഷകൾ നേരിടുന്ന പ്രതിസന്ധികളിലേക്ക് ലേഖനം ശ്രദ്ധ ക്ഷണിക്കുന്നു. വന-പരിസ്ഥിതിക നിയമങ്ങളാൽ വനത്തിൽ നിന്നും വനവിഭവങ്ങളിൽ നിന്നും കുടിയിറക്കപ്പെടുകയും നാട്ടിൽ പൊതു സമൂഹത്തോട് ചേർക്കാതെയും ഒറ്റപ്പെടലിൻ്റെ ആഘാതം ഏറ്റുവാങ്ങുന്ന ആദിവാസി ഗോത്ര സമൂഹം ഭാഷ കൊണ്ട് കൂടി അവഗണിക്കപ്പെടുന്നു.
സാമ്പത്തിക സാമൂഹികശാസ്ത്രജ്ഞർ കേരളത്തിന്റെ അതിജീവനത്തിന്റെ അമൃതധാരയായി പ്രവാസത്തെ കാണുമ്പോൾ പ്രവാസിയുടെ അനുഭവ കോണിൽ നിന്ന് ആവിഷ്കരിക്കാൻ ശ്രമിച്ച സർഗാത്മക സാഹിത്യകാരന്മാർ എല്ലാം പ്രവാസം നൽകിയ നരകതുല്യമായ ജീവിതാനുഭവങ്ങളെ കുറിച്ചാണ് എഴുതിയിട്ടുള്ളത്. 1973 ൽ മത്തായി പി കുഞ്ഞ് രചിച്ച ‘തങ്കത്തിനാക്കളാ’ മുതൽ ബെന്യാമിന്റെ ആടുജീവിതം വരെ ഗൾഫ് ട്രാജഡിയുടെ കഥ പറയുകയാണ് ചെയ്തത്. അറബിയിലും ഫിലിപൈൻസിലും ഇംഗ്ലീഷിലും അടക്കം നിരവധി വലുതും ചെറുതുമായ കൃതികളെയും അവയുടെ ഉള്ളടക്കത്തെയും കുറിച്ച് പരാമർശിക്കുന്നുണ്ട് ഈ ലേഖനത്തിൽ. അബ്ദുറസാഖ് ഗൂർണ്ണ സാമ്രാജ്യത്വത്തെയും പ്രവാസത്തെയും ചൂണ്ടി പറഞ്ഞ കാര്യങ്ങൾ കൂടുതൽ മൂർത്തമായി ഇവിടെ തെളിയുന്നു.
ബ്രിട്ടീഷ് പട്ടാളത്തെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് ബ്രിട്ടന് പൂർണമായി കീഴടക്കാൻ കഴിയാത്ത പ്രദേശമായി നിലകൊണ്ട നാഗാലാൻഡ് സ്വതന്ത്ര ഇന്ത്യയിൽ അനുഭവിക്കുന്ന ദുരിതങ്ങളുടെ കെട്ടഴിക്കുന്ന ലേഖനമാണ് ‘ഇപ്പോഴും നാം അവർക്കു നേരെ അബദ്ധത്തിൽ വെടിയുണ്ടകൾ പായിക്കുന്നു’ എന്നത്. 2022 ഡിസംബറിൽ നടന്ന വേഴാമ്പൽ ഉത്സവത്തിന് ഇടയിൽ 14 തൊഴിലാളികളെ സൈന്യം വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെകുറിച്ച് പ്രതിപാദിച്ചുകൊണ്ട് ആരംഭിക്കുന്ന എഴുത്ത് നാഗകളുടെ ചരിത്രത്തിലേക്കും അവരുടെ ജീവിതം പ്രതിഫലിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ സൂചനകളിലേക്കും വികസിക്കുന്നു. മരിച്ചുപോകും എന്ന് ഉറപ്പുള്ള മനുഷ്യജീവിതത്തിനുള്ളിൽ ജീവിതത്തിലും മരണത്തിലും ആവശ്യപ്പെടുന്ന മാന്യത നാഗാലാൻഡ്കാർക്ക് സ്വതന്ത്ര ഇന്ത്യ ഇനി എന്നാവും വച്ചുനീട്ടുക എന്ന ചോദ്യം നമുക്കു മുന്നിൽ ഉന്നയിച്ചുകൊണ്ടാണ് അത് അവസാനിക്കുന്നത്.
കോളമെഴുത്ത് എല്ലാ നിലയിലും സമയത്തോടുള്ള ഒരു എൻകൗണ്ടർ ആണ്. കയ്യിൽ വച്ച് മിനുക്കി മിനുക്കി മെച്ചപ്പെടുത്താനോ, ആലോചിച്ച് ആലോചിച്ച് വികസിപ്പിക്കാനോ സമയം ലഭിച്ചു എന്ന് വരില്ല. അടുത്ത പതിപ്പ് പ്രസ്സിൽ കയറുന്നതിന് മുന്നേ സംഗതി അയച്ചുകൊടുക്കണം. സമയവുമായുള്ള മറ്റൊരു ബന്ധം അത് തികച്ചും കണ്ടമ്പററി ആയിരിക്കണം എന്നതാണ്. ഒരു മെച്ചപ്പെട്ട ഉള്ളടക്കം ആകർഷകമായി എഴുതിയുണ്ടാക്കുക അതും പുതുമയുള്ള വിഷയമായിരിക്കുക എന്നതൊക്കെ ആയിരിക്കും ഏതൊരു കോളമിസ്റ്റും ആഗ്രഹിക്കുന്ന പ്രധാന കാര്യങ്ങൾ. എന്നാൽ എല്ലാ ലേഖനങ്ങളിലും ഒരു തുടർച്ച ആന്തരിക പ്രവാഹമായി ഉണ്ടായിരിക്കുക, അതിൽ സൂക്ഷ്മമായ രാഷ്ട്രീയവും നൈതികതയും പാലിച്ചുകൊണ്ട് വൈവിധ്യവും പുതുമയുള്ളതുമായ എഴുത്ത് സാധ്യമാകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസഫർ അഹമ്മദ് ഈ പുസ്തകത്തിലെ 25 ലേഖനങ്ങളിലും പൊതുവായി പുലർത്തുന്ന ചില നിലപാടുകൾ ഉണ്ട്. അതിനിയും വെളിച്ചപ്പെടാത്ത ഭൂപ്രദേശങ്ങളെയും മനുഷ്യരെയും അവരുടെ ഭാഷയെയും സാംസ്കാരിക വൈവിധ്യത്തെയും അനുധാവനം ചെയ്യുന്നു. പ്രവാസം പോലുള്ള അനുഭവകോടികളെ ഇതുവരെ നാം സമീപിച്ച രീതിയെ വിമർശത്തോടെ നോക്കുന്നു. രാഷ്ട്രഘടനയിലും ഭരണവിതാനങ്ങളിലുമെല്ലാം പാടേ തള്ളിക്കളഞ്ഞ നൊമാഡിക് സമൂഹങ്ങളുടെ ജീവിത പാഠങ്ങളേയും അനുഭവലോകത്തെയും ചേർത്ത് പിടിക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയം പങ്കുവയ്ക്കുന്നു. തികച്ചും കാലികമായി എഴുതുമ്പോഴും ഭൂതത്തിലേയ്ക്ക് നൂണ്ട് പോയി സമൃദ്ധമായ സ്‌മൃതികളെ കൊണ്ടുവരുന്നു. ഇതെല്ലാം ഈ ലേഖനങ്ങളിൽ നിറഞ്ഞുകാണാവുന്ന പ്രത്യേകതകളാണ്. ‘കർമാട് റെയിൽപ്പാളം ഓർക്കാത്തവരെ’ എന്ന പുസ്തകം വായനക്കാരന് സമ്മാനിക്കുന്ന ഏറ്റവും മികച്ച സമ്മാനം പുസ്തകത്തിൽ ഉടനീളം നിറയുന്ന റഫറൻസുകളാണ്. മലയാളത്തിലെയും മറ്റു ഭാഷകളിലെയും നിരവധി പുസ്തകങ്ങളെയും എഴുത്തുകാരെയും പഠനങ്ങളെയും പരാമർശനങ്ങളെയും ഇതിൽ സമൃദ്ധമായി പാകി വളർത്തിയിരിക്കുന്നു. അനിതരസാധാരണനായ ഒരു വായനക്കാരനോട് അടുത്തിടപഴകുന്ന ഗുണം ഈ പുസ്തകം നിങ്ങൾക്ക് നൽകും തീർച്ച.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.