DCBOOKS
Malayalam News Literature Website

ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണമാസാരംഭം

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍….

രാമായണശീലുകളുമായി കര്‍ക്കടകമാസം പിറന്നു. എല്ലാ പ്രഭാതങ്ങളും സായംസന്ധ്യകളും രാമമന്ത്രങ്ങളാല്‍ മുഖരിതമാകും. ഇനി മനസും ശരീരവും ശുദ്ധമാക്കി ഈശ്വരപാതയില്‍ സഞ്ചരിക്കാം.

അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകളാണ് ഈ ഒരു മാസം ചെയ്യേണ്ടത്. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട്. ഇടവം,മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു; കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കര്‍ക്കടകത്തില്‍ ധാരമുറിയാത്ത മഴയായിരുന്നു കര്‍ക്കടകത്തിന്റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല.

മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കര്‍ക്കടകവാവും പിതൃതര്‍പ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമാണത്. നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം.അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു.ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.

കര്‍ക്കടക മാസത്തിലെ രാമായണ പാരായണം നല്ല ഫലങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം. എല്ലാ പാപങ്ങള്‍ക്കും പരിഹാരമായാണ് രാമായണ പാരായണം ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. കര്‍ക്കടക മാസത്തില്‍ രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഐശ്വര്യപ്രദമാണ്.

Comments are closed.