DCBOOKS
Malayalam News Literature Website

കാര്‍ഗില്‍ വിജയ് ദിവസ് ഇന്ന്; മഹാവിജയത്തിന്റെ വീരസ്മരണയില്‍ രാജ്യം

ചിത്രത്തിന് കടപ്പാട്‌
ചിത്രത്തിന് കടപ്പാട്‌

ഇന്ത്യ പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാര്‍ഗില്‍ യുദ്ധം. മെയ് മൂന്നിന് ആരംഭിച്ച പോരാട്ടം ജൂലൈ 26 വരെ നീണ്ടു നിന്നു. കശ്മീരിലെ കാര്‍ഗിലില്‍ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് ഇന്ന് രാജ്യം. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് ബലിയര്‍പ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്.

1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം കണ്ടത്. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. ഒട്ടും വൈകിയില്ല, ഇന്ത്യൻ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ഓപ്പറേഷൻ വിജയ്.

അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അർദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു.

തുടർന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികൾ. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി.

ഓപ്പറേഷൻ വിജയ്  വിജയകരമായി പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാർഗിൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി

കാർഗിലിൽ വിജയം കണ്ടെങ്കിലും 527 ജവാന്മാരെ രാജ്യത്തിന് നഷ്ടമായി . അവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് 20 ആണ്ട്. ഇന്ത്യ പൊരുതി നേടിയ വിജയത്തിനും അതേ വയസ്.

 

Comments are closed.