കാപ്പനച്ചന്റെ ജീവിതവും ചിന്തകളും
ജനുവരി 4- ഫാ.സെബാസ്റ്റ്യന്‍ കാപ്പന്റെ 100-ാം ജന്മവാര്‍ഷികദിനം
സെബാസ്റ്റ്യന്‍ വട്ടമറ്റം
ഏഷ്യന്‍ വിമോചന ദൈവശാസ്ത്രത്തിന് അടിത്തറയിട്ട ദൈവശാസ്ത്രജ്ഞനാണ് ഫാദർ സെബാസ്റ്റ്യന്‍ കാപ്പന്‍. അദ്ദേഹം 1924 ജനുവരി 4-ന് തൊടുപുഴ താലൂക്കിൽ കോടിക്കുളം ഗ്രാമത്തിൽ കാപ്പിൽ കുടുംബത്തിൽ ജനിച്ചു. നെയ്യശ്ശേരിയിലും കരിമണ്ണൂരും വാഴക്കുളത്തുമായി ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയശേഷം വൈദികപഠനത്തിനായി 1944-ൽ ഈശോസഭയിൽ ചേർന്നു. പൂനെയിൽ ദൈവശാസ്ത്രം പഠിക്കുമ്പോൾ ഗ്രീക്ക്, സംസ്കൃതം എന്നീ ഭാഷകൾ പഠിച്ചു. ഗ്രീക്ക് ഭാഷയിലുള്ള പ്രാവീണ്യം, അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ച ഹൈഡഗറുടെ വായന എളുപ്പമാക്കി. ഗ്രീക്ക് പദങ്ങളിൽനിന്നാണല്ലോ ഹൈഡഗർ പല പുതിയ പദങ്ങളും നിർമ്മിച്ചെടുത്തത്. കാപ്പനച്ചന്‍ തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് ഹൈഡഗറുടെ കലാസൃഷ്ടിയുടെ ഉറവിടം (വാല്യം 2, ഭാഗം 2) എന്ന പുസ്തകം ജർമ്മന്‍ ഭാഷയിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആരോഗ്യം മോശമായിട്ടും എന്തിനാണിതൊക്കെ ചെയ്യുന്നതെന്ന എന്റെ ചോദ്യത്തിന് ഹൈഡഗറോടുള്ള തന്റെ കടമ നിർവഹിക്കുകയാണെന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. കാപ്പനച്ചന്റെ പല കൃതികളിലും ഹൈഡഗേറിയന്‍ തത്ത്വചിന്തയുടെ നിഴലാട്ടം കാണാം.
സംസ്കൃതപരിജ്ഞാനം കാപ്പനച്ചനെ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും വായിക്കാന്‍ പ്രാപ്തനാക്കി. അങ്ങനെ എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് Hindutva and Indian Religious Traditions. കാപ്പനച്ചന്റെ മറ്റൊരു ലേഖനസമാഹാരമാണ് Tradition Modernity Counter culture. അതിൽ വേദസൂക്തങ്ങളുദ്ധരിച്ച് പരിസ്ഥിതിദർശനത്തിന് അടിത്തറയിടുന്ന മനോഹരമായ ഒരു ലേഖനമുണ്ട്.
ഇനി നമുക്ക് കാപ്പനച്ചന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാം. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റിനായി, 1950-കളിൽ അദ്ദേഹത്തെ റോമിലേക്ക് അയച്ചു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളരാഷ്ട്രീയത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മേലധികാരികൾ കാപ്പനച്ചനെ കമ്മ്യൂണിസത്തിനെതിരായ പോരാട്ടത്തിൽ ഒരു ബൗദ്ധികസേനാനിയാക്കാന്‍ തീരുമാനിക്കുകയും മാർക്സിസം തന്റെ ഗവേഷണവിഷയമായി എടുക്കാന്‍ നിർദ്ദേശിക്കുകയും ചെയ്തു. റോമിലെത്തിയ അച്ചന്‍ മാർക്സിനെ വായിക്കാന്‍ തുടങ്ങി. എന്നാൽ മാർക്സിന്റെ ആദ്യകാല രചനകൾ, Grundrisse പോലും അക്കാലത്ത് ഇംഗ്ലിഷിൽ ലഭ്യമല്ലായിരുന്നു. അതുകൊണ്ട് ജർമ്മനും ഫ്രഞ്ചും പഠിച്ചശേഷമാണ് അദ്ദേഹം മാർക്സിലേക്ക് വന്നത്. മാർക്സിന്റെ “സാമ്പത്തികവും ദാർശനികവുമായ കൈയെഴുത്തുപ്രതികൾ’ എന്ന വിഷയത്തിൽ അദ്ദേഹം തന്റെ പ്രബന്ധം പൂർത്തിയാക്കി. ഫിലോസഫി പഠനത്തിലൂടെ തോമസ് അക്വീനാസിന്റെയും മറ്റും അമൂർത്തചിന്തകളുടെ ബാഹ്യാകാശത്തിൽ വ്യാപരിച്ചിരുന്ന കാപ്പനച്ചന്റെ മനസ്സിനെ മാർക്സ് മനുഷ്യജീവിതത്തിന്റെ മൂർത്തസാഹചര്യങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നു. ഈ പുതിയ വെളിച്ചമാണ് ക്രൈസ്തവവിശ്വാസത്തെയും പാരമ്പര്യത്തെയും വിമർശനബുദ്ധിയോടെ സമീപിക്കാനദ്ദേഹത്തെ പ്രാപ്തനാക്കിയത്. പഴയ ദൈവശാസ്ത്ര മേലാപ്പ് പൊളിച്ചുമാറ്റുകയും താഴെനിന്ന്, ജനങ്ങളുടെ മൂർത്താനുഭവങ്ങളിൽനിന്ന് തുടങ്ങി യേശുവിനെയും ക്രിസ്തുമതത്തെയും അതിന്‍റെ പാരമ്പര്യത്തെയും പുനർവ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന നിഗമനത്തിലാണ് അദ്ദേഹമെത്തിച്ചേർന്നത്. ഗവേഷണപഠനം പൂർത്തിയാക്കി കാപ്പനച്ചന്‍ 1962-ൽ ഇന്ത്യയിലേക്ക് മടങ്ങി.
ഡോക്ടറൽ തീസിസിന്റെ സംഗ്രഹമാണ് Marxian Atheism. പിൽക്കാലത്ത്, തന്റെ Negations എന്ന ജേർണലിൽ അദ്ദേഹം ഹെഗലിന്റെയും മാർക്സിന്റെയും ദർശനങ്ങളെക്കുറിച്ച് ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. സാംസ്കാരികരംഗത്തെ അവഗണിക്കുന്നതിന്റെ പേരിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ശക്തമായി വിമർശിക്കുന്ന ഒരു ലേഖനവുമെഴുതി. ഇവയുടെ സമാഹാരമാണ് Marx Beyond Marxism.
1961-ൽ അച്ചന്‍ ഇന്ത്യയിൽ തിരിച്ചെത്തി. യുവാക്കളിൽ കമ്മ്യൂണിസ്റ്റ് വിരോധം വളർത്തുന്നതിനായി, ICUF എന്ന വിദ്യാർത്ഥിസംഘടനയ്ക്കു നേതൃത്വം നൽകാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. ഏതാണ്ടു സമാനചിന്താ ഗതിക്കാരനായ സാമുവൽ രായനെന്ന മറ്റൊരു ദൈവശാസ്ത്രജ്ഞനെയും സഹപ്രവർത്തകനായി കിട്ടി. എന്നാൽ, പഠനക്ലാസുകളിലും ശില്പശാലകളിലും കാപ്പനച്ചന്‍ വിദ്യാർത്ഥികളോട് പറഞ്ഞത് മാർക്സിന്റെ വർഗരഹിത സമൂഹവും യേശു പ്രഖ്യാപിച്ച ദൈവരാജ്യവും തമ്മിലുള്ള സമാനതയെയും ദൈവരാജ്യത്തിന്റെ സൃഷ്ടിക്ക് വിപ്ലവത്തിന്റെ അനിവാര്യതയെയുംകുറിച്ചാണ്. വളരെ വേഗം ധാരാളം വിദ്യാർത്ഥികളെയും ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും തന്റെ ഭാഗത്തേക്ക് ആകർഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ
Comments are closed.