ഒരു കുറ്റവാളിയെങ്കിലും ശിക്ഷിക്കപ്പെട്ടാൽ ഒരുപാടു സ്വരങ്ങൾ ഉയരും!
ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ ക്ക് നിമ്മി എബ്രഹാം
എഴുതിയ വായനാനുഭവം
ലാജോയുടെ മറ്റു നാലു പുസ്തകങ്ങള്‍ പോലെ കന്യാ മരിയയും ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന പുസ്തകമാണ്.
പുറംലോകത്തിന് യാതൊരു ധാരണയുമില്ലാത്ത കന്യാസ്ത്രീമഠമാണ് കഥാ പരിസരം. ശാരീരിക മാനസിക അക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന ഇടമാണത്. മഠങ്ങളില്‍ ‘ദുരൂഹ’സാചര്യത്തില്‍ മരണപ്പെട്ട കന്യാസ്ത്രീകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും അതിനുള്ള കാരണങ്ങള്‍ കൃത്യമായി പുറത്തു വരാറില്ല. വന്നാലും ആ കുറ്റകൃത്യത്തിനു ലഭിക്കുന്ന ശിക്ഷയെന്തെന്ന് നമ്മള്‍ കണ്ടിട്ടുള്ളതുമാണ്..
എല്ലാ പ്രശ്‌നങ്ങളും ക്രിസ്തുവിന്റെ പീഡാസഹനം ഓര്‍ത്ത് ക്ഷമിക്കാനും സഹിക്കാനും അതില്‍ ദൈവത്തെ കണ്ടെത്തി ആശ്വസിക്കാനുമൊക്കെ പറയുന്ന സാഡിസ്റ്റ് നിര്‍ദ്ദേശങ്ങള്‍ ഒരുവിധം എല്ലാ ക്രിസ്ത്യാനികളും കേട്ടിട്ടുണ്ടാകും. അതിന്റെയൊക്കെ മാരക വേര്‍ഷനുകളാണ് മഠങ്ങളില്‍ നടക്കുന്നതെന്ന് പുറത്തുവന്നവരുടെ വാക്കുകളില്‍ നിന്നു മനസിലാകും.
പുരോഹിതന്‍മാരുടെ അപ്രമാദിത്വത്തെ (അപ്രമാദിത്ത്വം എന്നാല്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനായ പുരോഹിതന് തെറ്റു പറ്റില്ല എന്ന വിശ്വാസം) ഭയഭക്തി ബഹുമാനത്തോടെ സ്വീകരിക്കണമെന്ന് സണ്‍ഡേ ക്ലാസില്‍ പഠിപ്പിച്ചിട്ടുണ്ട്. പുരുഷന്‍മാരുടെ സൌകര്യത്തിന് അവരുണ്ടാക്കിയ നിയമങ്ങള്‍ എന്നേ ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയാനുള്ളൂ. ഈ സൌകര്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. കന്യാസ്ത്രീകള്‍ തിരിച്ചുപോകാനിടമില്ലാത്തവരാണ്. എതിര്‍ക്കുന്ന ഓരോ സ്ത്രീയേയും വ്യക്തിഹത്യ എന്ന ആയുധം ഉപയോഗിച്ചാല്‍ കീഴ്‌പെടുത്താനെളുപ്പവും. അതിന് മഠത്തിനകത്തും പുറത്തും ഒരേ നിയമം.
എതിര്‍ക്കുന്നവരെ ക്രൂരമായിത്തന്നെ സഭ നേരിടുകയും ചെയ്യും. സിസ്റ്റര്‍ ജെസ്മിയും ലൂസി കളപ്പുരയ്ക്കലും ജീവിക്കുന്ന ഉദാഹരണമാണ്. ഇത്തരത്തില്‍ ഒരു കുറ്റവാളിയെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ ഒരുപാടു സ്വരങ്ങള്‍ ഉയരും. അത് സഭയ്ക്കു തിരിച്ചടിയാകും. അതൊഴിവാക്കാന്‍ കൃത്യമായ ഇടപെടലുകളും ഉണ്ടാകും.
കുറച്ചു വര്‍ഷങ്ങള്‍ കോണ്‍വെന്റില്‍ പഠിച്ച അനുഭത്തില്‍ മഠം സുഖകരമായ അന്തരീക്ഷമായി തോന്നിയിട്ടില്ല. സ്‌നേഹവും കാരുണ്യവും കാണിച്ചിട്ടുള്ള കന്യാസ്ത്രീകള്‍ ഒരു കൈയിലെ വിരലുകളുടെ എണ്ണത്തില്‍ ചുരുങ്ങും.
ആദ്യമായി ഈ പുസ്തകത്തെക്കുറിച്ച് അറിഞ്ഞ ദിവസവും ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട ദിവസവും ഒന്നായിരുന്നു. അന്ന് ലാജോയുടെ പോസ്റ്റിന്റെ താഴെ ‘അപാര ടൈമിങ് ആയല്ലോ’ എന്നു പറയുകയും ചെയ്തിരുന്നു.
ചെറുപ്രായത്തില്‍ നേരിടുന്ന മാനസിക ശാരീരിക ആഘാതങ്ങള്‍ മണിച്ചിത്രത്താഴില്‍ പറയുന്ന പോലെ എത്ര ശ്രമിച്ചാലും അതിന്റെ ഒരു ചെറുവേര് അവിടെ കിടക്കും. പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ ഇതിനെ ട്രിഗര്‍ ചെയ്യും. നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും ശാസ്ത്രീയമായ വിശദീകരണവും ഉണ്ടാകും.
സ്‌പോയിലര്‍ എഴുതരുതെന്നു ലാജോ ജോസ് പുസ്തകത്തിന്റെ അവസാനം എഴുത്തുകാരന്റെ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഡിസ്‌ക്ലൈമര്‍ ഉണ്ടെങ്കിലും ഇതിലൊന്നും അതിയശോക്തിയില്ല. ഒന്നും യാദൃശ്ചികമാകാനും ഇടയില്ല.
Comments are closed.