DCBOOKS
Malayalam News Literature Website

സ്നേഹിച്ചു കൊതി തീരാത്ത മോഹങ്ങളുടെയും മുറിവുകളുടെയും പുസ്തകം

കാന്തലിന് ലിസി തയ്യാറാക്കിയ വായനാനുഭവം

സ്നേഹിച്ചു കൊതി തീരാത്ത മോഹങ്ങളുടെയും മുറിവുകളുടെയും പുസ്തകമാണ് കാന്തൽ – ലിസി

കാന്തല്‍ എന്ന പേര് തന്നെ അതിമനോഹരമാണ്. പൊള്ളല്‍, വരള്‍ച്ച കൊണ്ട് വാടിപ്പോകുന്നത്, എന്നൊക്കെ ഇതിനര്‍ത്ഥമുണ്ട്. നോവല്‍ കയ്യില്‍ കിട്ടിയപ്പോള്‍ എനിക്ക് കുറച്ചു യാത്രാ തിരക്കുകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ ഒരു നൂറു പേജ് വായിച്ചു. യാത്രകള്‍ക്കിടയില്‍. പിന്നീട് ആ നോവല്‍ എങ്ങനെയും വായിച്ചു തീര്‍ക്കണം, അതിന്‍റെ ബാക്കി വായിച്ചു തീര്‍ക്കണമെന്ന ഒരു വായനാസുഖം, ഒരു ത്വര പ്രത്യേകമായി ഈ നോവലിനുണ്ട് എന്ന സന്തോഷമാണ് എനിക്ക് ആദ്യം പങ്കു വെക്കാനുള്ളത്.

നോവലിനെ പതിനഞ്ചു ഭാഗങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത്. അതില്‍ത്തന്നെ ചെറിയ ചെറിയ അദ്ധ്യായങ്ങള്‍. ആ അദ്ധ്യായങ്ങളില്‍ തന്നെ ചെറിയ ചെറിയ പാരഗ്രാഫുകളില്‍ ശീര്‍ഷകങ്ങള്‍ കൊടുത്തിട്ടുണ്ട്‌. ഏറ്റവും ലളിതമായി എഴുതുന്ന വലിയ ആശയങ്ങള്‍, അതില്‍ പുതുമ സൃഷ്ടിക്കുന്നതെങ്ങനെ, അതെങ്ങനെ എഴുതപ്പെടുന്നു എന്നൊക്കെയാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. അങ്ങനെ നോക്കിയപ്പോള്‍, ഞാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര എന്ന കഥാപാത്രത്തെ നോക്കിക്കാണുന്നത്. ആദ്യത്തെ ഒരു ഭാഗം മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടും ഈ ഞാന്‍ ആണാണോ പെണ്ണാണോ എന്ന് എനിക്ക് തിരിച്ചറിയാന്‍ പറ്റാതിരുന്നതുകൊണ്ട് എത്ര ഭാഗങ്ങളുണ്ടെന്ന് ഞാന്‍ മറിച്ചു നോക്കുന്നു. ഞാന്‍ ഇതൊന്നും ചെയ്യാത്ത കാര്യമാണ്. അവസാനം, ഇതില്‍ പതിനഞ്ചാമത്തെ ഭാഗമുണ്ട്. അതില്‍ മുകില്‍ എന്ന ഞാന്‍ എന്ന കഥാപാത്രം, ആ കഥാപാത്രത്തിന്‍റെ ജെൻ്റർ ഇപ്പോഴും പറയുന്നില്ല. അപ്പോള്‍ ജെൻ്ററിനൊന്നും അല്ലെങ്കില്‍ മതത്തിനൊന്നും ഒരു പ്രത്യേകതയുമില്ല എന്നു തോന്നും.

ഈ നോവലിലെ എല്ലാ കഥാപാത്രങ്ങളുടെയും പേരുകള്‍ അതീവ സുന്ദരമാണ്. കാന്തല്‍ എന്ന ശീര്‍ഷകം പോലെ തന്നെ. മിത്ര, മുകില്‍, ജലക്കുട്ടി അങ്ങനെ… ചില പേരുകള്‍ മാത്രമാണ് അതല്ലാതെ കെ എന്നും മറ്റും പറയുന്നത്. നമ്മളെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ ആണ് ഈ നോവലിലുള്ളത്. കഥ പറയുന്നതില്‍ വെല്ലുവിളി നിറഞ്ഞ രൂപപരമായ പരീക്ഷണങ്ങള്‍ ഈ നോവലില്‍ ഉണ്ട്. ഇതെല്ലാം നമ്മളെക്കൊണ്ട് വായിപ്പിക്കും എന്ന സന്തോഷമാണ് എനിക്ക് പറയാനുള്ളത്.

എന്താണ് കുടുംബം എന്നത്, എന്താണ് അതിലെ ജനാധിപത്യം എന്നത്, മനുഷ്യരുടെ വൈകാരികമായ പ്രപഞ്ചം അല്ലെങ്കില്‍ എന്താണ് മനുഷ്യന്‍ എന്നത്, എന്താണ് തേടിക്കൊണ്ടിരിക്കുന്ന പുതിയ അനുഭൂതികളുടെ ലോകം എന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഇതില്‍ ഉത്തരം തേടുന്നുണ്ട്. നോവലില്‍ നിന്നുള്ള ഒരു ഭാഗം ഞാന്‍ നിങ്ങള്‍ക്കായി വായിക്കാം:

“ശബ്ദങ്ങളും വാക്കുകളും ഓര്‍മ്മകളും ഉല്‍ക്കണ്ഠകളും വിഭ്രാന്തികളും വേദനകളും ആനന്ദങ്ങളും ശരീരത്തില്‍ നിറഞ്ഞിരിക്കുന്നവരാണ് മനുഷ്യര്‍. ശരീരത്തെ അടച്ചിടുമ്പോള്‍ മടുക്കുകയും ഒറ്റയ്ക്കാവുകയും ഭയപ്പെടുകയും ദേഷ്യപ്പെടുകയും വിധ്വംസകമാവുകയും ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അന്നന്നത്തെ ജീവിതത്തിലെ തൊട്ടടുത്ത നിമിഷം പോലും തീര്‍ത്തും അജ്ഞാതമായിരിക്കുമ്പോഴും എന്നെന്നേക്കുമായുള്ള ജീവിതത്തെക്കുറിച്ച് ചിന്തിച്ച് മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നെന്നേക്കുമായി എന്തെങ്കിലുമുണ്ടോ! പക്ഷേ മനുഷ്യര്‍ സ്വപ്നം കാണുന്നു. ഈ നിമിഷത്തില്‍ നില്‍ക്കാതെ വരാന്‍ പോകുന്ന നിമിഷങ്ങളിലേക്ക് പായുന്നു. അതാണ് മനുഷ്യന്‍!”

ഈ നോവല്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ വായിച്ചിരിക്കണം. പ്രണയത്തിന്റെ ഓളത്തില്‍, സ്വന്തം സ്വകാര്യതകളുടെ പാസ് വേഡുകള്‍ പങ്കുവെക്കുന്ന യുക്തിരാഹിത്യം എങ്ങനെയാണുണ്ടാകുന്നതെന്ന് നമ്മള്‍ തിരിച്ചറിയും. മനുഷ്യന്‍ അങ്ങനെയാണ്. പിന്നീട് അതിനെ വിശകലനം ചെയ്യുമ്പോള്‍, അതില്‍ നടക്കുന്ന ചൂഷണങ്ങളെ മനസ്സിലാക്കുമ്പോള്‍, നോവലിലെ കെ യെപ്പോലുള്ള വ്യക്തികള്‍ ഈ ലോകത്ത് ഒത്തിരിയുണ്ട് എന്നത് സത്യമാണെന്ന് നമ്മള്‍ തിരിച്ചറിയും. അങ്ങനെയുള്ള ചതികളെ, നോവലിന്റെ ആമുഖത്തില്‍ ഗോപികൃഷ്ണന്‍ പറയുന്ന മനുഷ്യബന്ധങ്ങളിലുണ്ടാവുന്ന വിള്ളലുകളെ അറിയുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ മനുഷ്യരെ വിശ്വസിക്കുക, പ്രണയത്തെ വിശ്വസിക്കുക എന്ന് തോന്നും. എത്ര ബുദ്ധിയുണ്ടെങ്കിലും, ജ്ഞാനം ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഉള്ള ചില ദൗർബ്ബല്യങ്ങളെ ചൂഷണം ചെയ്യാനുള്ള ഇടങ്ങളുണ്ട് എന്ന് നമ്മളിതില്‍ അറിയുന്നു. ഈ നോവല്‍ നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ട്.

ഒരു ചെറിയ ഭാഗം കൂടി ഞാന്‍ വായിക്കാം,

ജലത്തില്‍ മുങ്ങുന്നവര്‍. മിത്ര പാപനാശിനിപ്പുഴയിലേക്കിറങ്ങി. ഒപ്പം ജലക്കുട്ടിയും വെള്ളത്തിലിറങ്ങി. ജലക്കുട്ടിക്ക് പിറകേ ഞാനും. അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഒരു നേര്‍രേഖയായി ഞങ്ങള്‍ നിന്നു. ബ്രഹ്മഗിരിയുടെ വനഹൃദയത്തില്‍ നിന്ന് പൂര്‍വ്വിക വൃക്ഷജനുസ്സുകളുടെ നീണ്ടു പടര്‍ന്ന വേരുകള്‍ താണ്ടി, ഇലകളും പൂക്കളുമേന്തി, പുനര്‍ജ്ജനിയേകുന്ന ഔഷധസസ്യജാലങ്ങളെ മുഴുവന്‍ തഴുകിയെത്തുന്ന പാപനാശിനിയില്‍ മുങ്ങി നിവര്‍ന്ന് മിത്രയുടെ ശരീരവും മനസ്സും കുളുര്‍ന്ന് പ്രശാന്തമാവട്ടെ. മിത്രയ്ക്ക് കഴുകിക്കളയാന്‍ പാപങ്ങളില്ല. വേദനകളുണ്ട്. സ്‌നേഹിച്ച് കൊതി തീരാത്ത മോഹങ്ങളുണ്ട്. മുറിവുകളുണ്ട്.

കാന്തൽ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ..

 

Leave A Reply