കണ്ണകി -വായനയുടെ ഉൻമാദം
നൃപനീതി ഒരു വെറും വാക്കല്ല
വെൺകൊറ്റക്കുടകൾ ഒടിഞ്ഞു വീഴാനും സിംഹാസനങ്ങൾ ഉടഞ്ഞു പോവാനും സൈനിക നീക്കങ്ങളോ കലാപങ്ങളോ വേണമെന്നില്ല.ഒരു പെണ്ണിന്റെ കണ്ണുനീർ തന്നെ ധാരാളം……
കണ്ണുകളിലെ അഗ്നി എല്ലാം ചുട്ടെടുക്കും – അഗ്നിസ്ഫുടം!”
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഒരു വായന ഉമിത്തീ പോലെ നെഞ്ചു നീറ്റുന്നു. പുസ്തകം താഴെ വെയ്ക്കുന്ന ഇടവേളകളിലും കൂടെ നടക്കുന്നു, പരിചിതസ്ഥലികളിലും അപരിചിതസ്ഥലികളിലും കൂടെ കൂട്ടുന്നു – കണ്ണകി, ദീപു പി കുറുപ്പിന്റെ നോവൽ – ഡി സി ബുക്സ് ചിലപ്പതികാരം ഐമ്പെരുങ്കാപ്പിയങ്ങളിൽ ഒന്നാണെന്ന് അറിയും മുമ്പ് അതിനു മൂവരശൻമാരുടെ നാടും സംസ്കാരവും മൂന്നു മതങ്ങളുടെ സംഗമവും ഒക്കെയുണ്ടെന്നു പഠിക്കും മുമ്പ് അമ്മൻ കോവിലിലെ കൊട നടക്കുമ്പോൾ ദ്രാവിഡത്തനിമ മുറ്റിയ ഭക്തിയുടെ പാരമ്യത്തിലേക്കെടുത്തെറിയുന്ന വില്ലടിച്ചാൽ പാട്ടുകളിൽ കരുത്തയായ ആ പെണ്ണിനെ കേട്ടിരുന്നു- കണ്ണകിയെ , ഉച്ചിനിമാ കാളിയായി (ഉജ്ജയിനിയമ്മ മഹാകാളി ) മാരിയമ്മയായി. മുത്താരമ്മയായി.
ഭക്തി ഭയമുറപ്പിക്കുന്നോ ഒഴിപ്പിക്കുന്നോ എന്നറിയാത്ത ബാല്യം മുതലേ കേട്ട കഥകളിൽ കണ്ണകി നൃപനീതിയ്ക്കെതിരേ പെൺമയുടെ പ്രതീകമായ മുലപറിച്ചെറിഞ്ഞ വിപ്ലവ നായിക എന്നതിലുപരി അപഥചാരിയായിട്ടും കണവനെ കാത്തിരുന്ന , പാതിവ്രത്യത്തിന്റെ ശക്തിയെരിയിച്ച പെൺമയായിരുന്നു. കുലങ്ങൾ പെണ്ണുടലിൻ്റെ പവിത്രതയ്ക്കായി ഹെെലൈറ്റ് ചെയ്തതാവാം!
നീചനാകിലും കാന്തൻ ദൈവതം കുലസ്ത്രീക്ക്
നീ സുകൃതിനി രാമൻ നിൻ പ്രിയൻ ലോകപ്രിയൻ (!!!!!!)എന്ന് പിൽക്കാലത്തും കവിത.
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ മൂലകഥയും തെക്കൻ തിരുവിതാംകൂറിലെ തോറ്റം പാട്ടുകളിലെ കഥയും കേൾവികളിൽ മാത്രമുള്ള ഒരു കാലത്തെക്കുറിച്ചുള്ള ചരിത്രാന്വേഷണവും തിളങ്ങുന്ന ഭാവനയും ഒഴുക്കുള്ള ഭാഷയും എല്ലാം കൈമുതലായിരിക്കുമ്പോഴും നോവലിൽ സ്പർശിയായി നിൽക്കുന്നത് മറ്റൊന്നാണ് ദൈവീക പരിവേഷങ്ങൾക്കപ്പുറം സ്നേഹവും വിരഹവും ദുഃഖവും വിശ്വാസവും കോപതാപങ്ങളും എല്ലാമുള്ള പച്ചയായ ഒരു പെണ്ണ് – അവളുടെ കഥ -എല്ലാ പ്രതിഷേധ സ്വരങ്ങളേയും തുടർഭരണത്തിന്റേയും ധനാർജ്ജനത്വരയുടേയും അടിസ്ഥാനമാക്കി മാറ്റുന്ന അധികാരത്തോടുള്ള നിരന്തര പ്രതിഷേധം – കണ്ണകിയെന്ന നോവൽ അങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് !
പുകാറിലെ കേൾവിപ്പെട്ട പലകകുലത്തിലെ മാരീരാജനും മായീ ഋഷിക്കും മധ്യവയസ്സിൽ പിറന്ന മകൻ -തമ്പിരുദ്രപാലൻ , മരക്കലങ്ങളുടെ (സമുദ്രയാനങ്ങളുടെ പഴയ രൂപം , പേര്) അധിപനായി , കപ്പലോട്ടങ്ങളുടെ അഗ്രിമനായി ,പെരും വണിക്കെന്ന തലക്കോൻ കരികാല ചോഴനിൽ നിന്നു സ്വന്തമാക്കി , യവനദേശത്തുൾപ്പെടെ തൻ്റെ മരക്കലങ്ങളിലെ ചരക്കുമായി വാണിഭം നടത്തി ഏറെ സമ്പാദിച്ചു – പണവും പെരുമയും …….. മുന്നീരിൻ്റെ ആഴമുള്ള നീലനിറവും മദിരോത്സവങ്ങളും മദനോത്സവങ്ങളും അയാളുടെ ജീവിതത്തെ തൊട്ടു. സുഖവും സന്തോഷവും ധനവും നേടിയതിലും വേഗം നഷ്ടമായിക്കൊണ്ടിരുന്നു. കഥയിലും ജീവിതത്തിലും ഒരുപാടു പേർ വന്നു കയറുകയും ഇറങ്ങിപ്പോവുകയും ചെയ്തു. ചിലർ പറഞ്ഞിട്ട് , പലരും പറയാതെയും! ഇറങ്ങിപ്പോവുക മാത്രമല്ല ഇറക്കി വിടുകയും. മാതാപിതാക്കളുടെ കണ്ണീരും കണ്ണകിയുടെ കാത്തിരിപ്പും തമ്പിരുദ്രപാലൻ എന്ന കോവലനു ബാക്കിയായി. ഇണചിലമ്പ് ….. മധുരാനഗരം ……. പെരുന്തട്ടാൻ…….. വിചാരണ ….. വധശിക്ഷ ……എല്ലാം ഉള്ളു നീറ്റും വിധമാണ്… പൊള്ളിക്കും വിധമാണ്. പിന്നെ കഥയെന്ന മരക്കലത്തിന്റെ പായകൾ വിടർത്തിക്കെട്ടുന്നത് നോവലിസ്റ്റാണ് ചുക്കായം പിടിക്കുന്നതും കടൽക്കാറ്റിന്റെ ദിശ നോക്കുന്നതും തനിക്കു പറയാനുള്ള തീരത്ത് അടുപ്പിക്കുന്നതും നിശ്ചയമായും നോവലിസ്റ്റു തന്നെയാണ്. ഇവിടെ നോവൽ മറ്റു കണ്ണകീകഥനങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നു. കതാർസസിൻ്റെ വികാരവിമലീകരണത്തിന്റെ സാധ്യതകൾ തുറന്നിടുന്നു.
സാധ്യതകളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ഈ ഘട്ടത്തിൽ നോവലിന്റെ ബലം. പാണ്ഡ്യൻ ചെയ്തു പോയ തെറ്റിൽ ഹൃദയം പൊട്ടി മരിക്കുകയല്ല വളവനെന്ന അപരിഷ്കൃതന്റെ (അപരിഷ്കൃതനെന്നും പരിഷ്കൃതനെന്നുമുള്ള ഭേദത്തിൻ്റെ അടിസ്ഥാനം എന്ത് എന്ന ശക്തമായ ചോദ്യം ഈ ഭാഗം ചോദിക്കാതെ ചോദിക്കുന്നുണ്ട്) മുഷ്ടികളിൽ ഞെരിഞ്ഞു മരിക്കുകയാണ്! മൂവരശൻമാരുടെ ഗുണഗണങ്ങളെ വാഴ്ത്തി ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ ഒരു സന്യാസിയായിരുന്നില്ലേ എന്നും എന്തിനിത്ര അതിഭാവുകത്വം കലർത്തിയെന്നും കൃത്യമായി നോവൽ ചോദിക്കുന്നുണ്ട്.
വലതു കൈയിലെ നഖങ്ങൾ കൊണ്ട് മാന്തിപ്പൊളിച്ച ഇടം മുല തിരുകിപ്പിഴുതെടുക്കുന്ന കണ്ണകി ദേവീഭാവത്തിലല്ല , വേദനയുടെ പാരമ്യത്തിലാണ് ……
കോവലന്റെ മുറിഞ്ഞ ശിരസ് ചേർത്തുവെച്ച് അവളുടെ പാതിവ്രത്യം അയാളെ പുനരുജ്ജീവിപ്പിക്കുകയല്ല , നെറിയില്ലാത്ത നാട്ടിൽ നിന്നകലെ അടക്കാൻ സ്വച്ഛമായ ഇടം തേടി എണ്ണത്തോണിയിൽ കൊണ്ടു പോവുകയാണ്….. അനുഭവിച്ചു മടുത്ത ഒരു ജനസഞ്ചയം കണ്ണകിക്കുപുറകിൽ അഭയാർത്ഥികളാകുന്നു….. പലായനത്തിന്റെ ചരിത്രം കൃത്യതയോടെ ആവർത്തിക്കപ്പെടുന്നു! തിരുച്ചെങ്കിക്കുന്നിനുമുകളിൽ ചിത്രാ പൗർണ്ണമി നാളിൽ കോവലൻ്റെ ചിതയ്ക്കരികിൽ നിന്നും ദേവലോക ലോക രഥവുമായെത്തിയ മിന്നലേറി കണ്ണകിയെന്ന പെണ്ണുയിര്….. അമ്മ സങ്കല്പം….. പിന്നെ ചേരൻ ചെങ്കുട്ടുവൻ എന്ന ഇമയവരമ്പന്റെ ജൈത്രയാത്രയാണ്. മംഗളാ ദേവീക്ഷേത്രത്തിനായുള്ള വജ്രശില തേടലാണ്. മംഗളാദേവി പ്രതിഷ്ഠയാണ്. ഐശ്വര്യത്തിന്റെ നിറവാണ്. മുരചി പത്തനത്തിൻ്റെ സമ്പദ്സമൃദ്ധിയാണ്.തുടർന്ന് വീഴ്ചയും….. മഹാമാരിയായി വസൂരിമാല…… പ്രളയം…… ഉൽക്കാപതനം …… കടലേറ്റം …… വഞ്ചിനാടിനെ മാത്രമല്ല ലോകത്തെ മുഴുവൻ സ്പർശിച്ച മാറ്റങ്ങൾതുടച്ചു മാറ്റലുകൾ പൊളിച്ചെഴുതലുകൾ ! വീർപ്പടക്കിയ വായന! നെഞ്ചു വിങ്ങുന്ന അനുഭവം!
ഒരാളുടെ സംസ്കാരവും ഭാഷയും ഭാവനയും രൂപപ്പെടുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. വായനയും അറിവിന്റെ സ്വാംശീകരണവും അതിൽ പ്രധാനമാണ്. അത് ഈ നോവലിൽ പ്രകടമാണ്. സംഘസംസ്കൃതിയുടെ പഠനം (പത്തനങ്ങളേയും തുറമുഖങ്ങളേയും കുറിച്ചുള്ള വർണ്ണനകളും സാംസ്കാരിക പ്രത്യേകതകളും ഭൂമിശാസ്ത്ര അറിവുകളും മറ്റും….. അച്ചീചരിതങ്ങളുടെ പഠനം (മണിപ്രവാള ശാഖയിലെ വാരനാരിമാരെ നോവൽ അണിയിച്ചൊരുക്കി പല തുറമുഖങ്ങളിലും കുടി പാർപ്പിച്ചിരിക്കുന്നു. വൈശിക തന്ത്രത്തിൻ്റെ പാഠങ്ങളും പാഠഭേദങ്ങളുമായി) എഴുത്തച്ഛന്റെ സ്ത്രീ പർവ്വത്തിലെ പെൺവിലാപങ്ങളും ആശാൻ്റെ ഉപഗുപ്തൻ പൊഴിച്ച പോലെ രണ്ടു തുള്ളിക്കണ്ണീരും! എല്ലാം വായന കൃത്യമായി നോവലിൽ തൊട്ടെടുത്തു.
ശരീരമുലയ്ക്കുന്ന കാമം മാത്രമല്ല മനസ്സു തൊടുന്ന പ്രണയവും നോവൽ കാത്തു വെയ്ക്കുന്നുണ്ട്. 25 അധ്യായവും ശേഷിപ്പ് എന്ന അവസാന ഭാഗവുമായി 320 പുറങ്ങളാണ് 2024 മാർച്ചിൽ പുറത്തിറങ്ങിയ ഒന്നാം പതിപ്പിലുള്ളത്. ഓരോ അധ്യായവും കഥാവസ്തുവുമായി ഇണങ്ങുന്ന വരികളോടെയാണ് ആരംഭിക്കുന്നത്. അതിൽ ചിലപ്പതികാരവും പതിറ്റുപത്തും ഭദ്രകാളിപ്പാട്ടും തോറ്റം പാട്ടും പ്ലിനിയുടെ യാത്രാവിവരണവും ചരിത്രഗ്രന്ഥഭാഗങ്ങളും ബൈബിൾ വരേയും ഉപയോഗിച്ചിരിക്കുന്നു. അധികാരത്തോടുള്ള കലഹം ഉൾപ്പെടെ വിലപിടിപ്പുള്ള പല ദ്രവ്യങ്ങളും അമുഴ്ത്തി വെച്ച ഈ നോവൽ എൻ്റെ വായനയെ വല്ലാതെ ഉലച്ചിരിക്കുന്നു…..
വളവനൊപ്പം എൻ്റെ ബോധവും ബോധ്യങ്ങളും ഉറക്കെ നിലവിളിക്കുന്നു….. “അമ്മാ….. എന്നോടു പൊറുക്കമ്മാ…… ഇതൊരു മുടിഞ്ഞ ലോകമാണ്….. എത്രയെത്ര ചെങ്കോലുകൾ വീണടിഞ്ഞാലും അവർക്കൊന്നും അതൊരു പാഠമേയല്ല. അധികാരത്തിന്റെ പണത്തിൽ നിന്നും കിനിഞ്ഞിറങ്ങുന്ന കൊഴുപ്പുമോന്തി ചീർത്ത തലച്ചോറുമായി എല്ലാവനും അരമനകളിൽ സുഖിച്ചു വാഴുന്നു ….. എനിക്കീ ലോകം മടുത്തമ്മാ……കരുണയില്ലാത്തവരുടെ ലോകമാണിത്…..
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.