ചുറ്റും പുകയുന്നു പ്രലോഭനത്തിന്റെ വശ്യഗന്ധം…
ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’ എന്ന പുസ്തകത്തിന് ദൃശ്യ ഷൈൻ എഴുതിയ വായനാനുഭവം
ഉന്മത്ത ഗന്ധമുള്ള ഒരു കഞ്ചാവു ചെടി പൂത്തിരിക്കുന്നു . ലോക സാഹിത്യത്തിന്റെ, ഇന്ത്യൻ സിനിമയുടെ, കായികലോകത്തിന്റെ
വശ്യഗന്ധം വമിപ്പിക്കുന്നതിനോടൊപ്പം , വർത്തമാന ഇന്ത്യയുടെ കപടരാഷ്ട്രീയത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന ഒരു ചെടി.
എഴുത്തിന്റെ മാസ്മരിക ലഹരി സിരകളിൽ പടർത്തി ഫിക്ഷണൽ ജീവചരിത്രമെന്നോ , ഫിക്ഷണൽ ക്രിട്ടിസിസമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു പുസ്തകത്തിന് ‘കഞ്ചാവ് ‘എന്ന അതിഗംഭീര പേരല്ലാതെ മറ്റ് എന്ത് പേരാണ് ചേരുക…!
വില്ലനെ ഹീറോ ആയി കാണാൻ പഠിപ്പിച്ച കുട്ടികൃഷ്ണമാരാരുടെ എഴുത്തിലെ അടവുനയങ്ങളെ പുതിയ രീതിയിൽ വായിച്ചെടുക്കുകയായിരുന്നു ഇന്ന്… കഞ്ചാവിലൂടെ . കുരുക്ഷേത്രയുദ്ധഭൂമിയിൽ ഭീമന്റെ ചതിപ്രയോഗത്തിനു മുന്നിൽ ഒരു പുഴുവിനെ പോലെ കിടന്നു പിടയുമ്പോഴും ആത്മാഭിമാനം അടിയറവു പറയാതെ തന്റെ നിലപാടിൽ ഉറച്ചു നിന്ന ദുര്യോധനനോട് മാരാരെ വായിച്ച കാലം മുതൽ വല്ലാത്തൊരു ആരാധനയാണ്. വർഷങ്ങൾക്കിപ്പുറം അതേ ആരാധനയോടെ, അതേ ആനന്ദത്തോടെ പന്ത്രണ്ട് ആണുങ്ങളേയും പതിമൂന്ന് പെണ്ണുങ്ങളേയും വായിച്ചിറങ്ങിയ ലഹരിയിലാണ് ഈ കുറിപ്പ് എഴുതുന്നത്. രതി നോട്ടങ്ങളുടെ തിരനോട്ടക്കാലത്ത് ആത്മാദരത്തിന്റെകൗമാര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച തൊലിക്കട്ടിയുടെ, ജ്ഞാനസ്നാനപ്പെടുത്തിയ തേൻ തുമ്പിയുടെ, പാപിയായ പുണ്യാളന്റെ, ലോക വിപണി കണ്ടതിൽ വെച്ച് ഏറ്റവും വീര്യമുള്ള ലഹരിമരുന്നിന്റെ പേരാണ് മോഹൻലാൽ എന്നു പറയാൻ ലിജീഷ് കുമാർ എന്ന എഴുത്തുകാരനും അയാളുടെ കഞ്ചാവ് എന്ന പുസ്തകത്തിനും മാത്രമേ സാധിക്കൂ .അതെ രഹസ്യ കാമനകളുടെ ആ കഞ്ചാവ്ചെടിയെ രണ്ടു പേജിൽ മാത്രം നിറച്ച് ഒരു കടലോളം പറയാതെ പറഞ്ഞാണ് ഈ പുസ്തകം ആരംഭിക്കുന്നത്.
ആനന്ദലഹരിയുടെ ഇരുപത്തഞ്ച് ഉത്തമ ഗീതങ്ങൾ എന്നാണ് ഈ പുസ്തകത്തെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. ലഹരിയുടെ , ഉന്മാദത്തിന്റെ, പ്രണയത്തിന്റെ, നിലപാടിന്റെ ബൈബിൾ എന്നു വിളിക്കാവുന്ന പുസ്തകം അതാണ് ‘കഞ്ചാവ്’ എന്ന് ഞാൻ പറയും.
ചരിത്രവും ഫിക്ഷനും ഇടകലർത്തുമ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി യൂറോപ്യനുമ്മയുടെ രസം പഠിപ്പിച്ചു തന്ന പ്രവാചകൻ ആകുന്നത് എങ്ങനെയെന്നും “മരിക്കാൻ തോന്നുന്ന ഏകാന്തതയുടെ ഇരുട്ടിലേക്കു ജീവനും കൊണ്ടുവരുന്ന ചുണ്ടുകളുടെ ജാലവിദ്യയാണ് ഉമ്മ” എന്നും ഈ പുസ്തകം പറയും തീയേറ്ററിലെ കസേരയോട് ഒട്ടിപ്പിടിക്കാൻ നോക്കിയവരെ ഇളക്കിയ , ഇന്ത്യൻ ഡാൻസിങ്ങ് കൾച്ചറിനെ അണകെട്ടി തിരിച്ച തമിഴകത്തിന്റെആട്ടപ്രഭുവിനെയും , മറ്റൊരു പെണ്ണിന്റെ ഫാന്റെസികളെ വായിക്കാൻ കഴിയുന്ന പെണ്ണാണ് എനിക്ക് ഫെമിനിസ്റ്റ് എന്നും ,പെണ്ണിന്റെ വിശപ്പറി യാത്തതുകൊണ്ടാണ് ആണുങ്ങളിവിടെ കരുത്തരായിരിക്കുന്നത്. പെണ്ണതറിയിച്ചാൽ അവർ ചൂളിപ്പോകും. എന്റെ ജനതയുടെ വിശപ്പടക്കാനുള്ള വിത്ത് പാകലാണ് എനിക്കെഴുത്ത് ” എന്നും പറഞ്ഞ രഹസ്യ കാമനകളുടെ രാജ്ഞി ആൻ റൈസ് എന്ന എഴുത്തിന്റെ കടലിനെയും നാമിതിൽ കാണും.
” ഒറ്റ സീനിൽ വന്നു പോയാലും ഒറ്റയാളായി വാഴ്ത്തപ്പെടുന്ന ഒരാൾ ” ആയ അമിതാഭ് ബച്ചനെയും ,അയ്യപ്പൻ ,സുരാസു ,ജോൺ എബ്രഹാം എന്നിങ്ങനെയുള്ള തോറ്റവരുടെ ജാഥയിൽ അണിചേരാൻ തയ്യാറില്ലാത്ത ബാലചന്ദ്രൻ ചുള്ളിക്കാടിനെയും, കാഞ്ചനയുടെയും മൊയ്തീന്റെയും പ്രേമകഥയിലെ അപ്പുവേട്ടൻ ഒരൊന്നൊന്നര അപ്പുവേട്ടനാണെന്ന് ബോധ്യപ്പെടുത്തിയ ടൊവിനോയെയും, ടാഗോർ മുതൽ കൃഷ്ണൻ മാഷ് വരെയുള്ള തന്റെ ആദർശ അധ്യാപക ലോകത്ത് ഭാഷയുടെയും രൂപത്തിന്റെയും തനിമയും നിഷ്കളങ്കതയും കൊണ്ട് നർമ്മബോധം സൃഷ്ടിച്ച ടാഗോർ മാമുക്കോയയെയും നമ്മൾ ഇതിൽ കാണും .
വിവാഹം കഴിച്ച പെണ്ണുങ്ങൾക്കു പറയാൻ ത്യജിച്ചതിന്റെ കഥയേ ഉണ്ടാവൂ എന്ന് പറയാൻ മുട്ടറ്റം വരെയുള്ള പാവാടയിട്ട് വിവാഹശേഷം ഫോട്ടോയ്ക്കു പോസ് ചെയ്തതിന് ഭാരതീയതയുടെ മോറൽ ക്ലാസ്സ് എടുത്ത് ഇന്ത്യ നാണം കെടുത്തിയ രാജീവിന്റെ സോണിയയെ, ഒരിടത്ത് ജനിക്കാൻ എളുപ്പമാണ്. അത്ര എളുപ്പമല്ല മറ്റൊരിടത്ത് പുനർജനിക്കാൻ എന്ന് ഓർമ്മപ്പെടുത്തിയ സോണിയയെ കാണും മോഡിഭാരതത്തിന്റെ കഥ കോടികളൊഴുക്കി ബി ജെ പി രാജ്യം പിടിച്ച കഥയാണെന്നും കോൺഗ്രസിന്റെ ഓട്ടക്കീശയിൽ ഒന്നുമില്ലാത്ത കാലത്ത് സത്യസന്ധത- ആത്മാർത്ഥത ഇതൊന്നും വേവുന്ന കലമല്ല ഇന്ത്യൻ പൊളിറ്റിക്സ് എന്നും, അവിടെ നിങ്ങൾ ഒരോട്ടക്കാലണ തന്നെയാണ് എന്നും, അവസാനത്തെ ഗാന്ധി തോറ്റവസാനിച്ചു കൂട എന്നും വിളിച്ചു പറയാനുള്ള ധൈര്യം കാണിച്ച പുസ്തകമാണ് ഈ കഞ്ചാവ് എന്നും നമ്മൾ തിരിച്ചറിയും.
ഇതിനിടയിൽ എംഎസ് ധോനിയും ,സൗരവ് ഗാംഗുലിയും നഗ്മയും എല്ലാം പല തരം ലഹരിയുടെ പുകച്ചുരുളുകൾ വമിപ്പിച്ചെത്തുന്നുണ്ട്.
” നമ്മെ കണ്ടെത്തലല്ല ജീവിതം, നമ്മെ നിർമ്മിക്കലാണ് “എന്ന് ബർണാഡ് ഷായെ കൊണ്ട് എഴുതിക്കാൻ സാധിച്ച ഉന്മാദിനി – ഇസഡോറ ഡങ്കന്റെ ആത്മകഥയായ മൈ സ്റ്റോറിയാണ് അവളാടിയതിലെ മികച്ച നൃത്തമെന്ന് പറയാൻ, ആടിയപ്പോഴും ആടാതിരുന്നപ്പോഴും അവൾ സ്വന്തം കാലിലാണെന്ന് ഓരോ പെണ്ണിനെയും ഓർമ്മപ്പെടുത്താൻ , മൂന്നു കുട്ടികളെ പ്രസവിച്ചും മൂന്നു പേരെ ദത്തെടുത്തും ആറു കുട്ടികളുടെ അമ്മയായി ജീവിക്കുമ്പോൾ പ്രതിയോഗികളില്ലാത്ത ഹോട്ടസ്റ്റ് ആയ ,ലക്ഷങ്ങൾ വിലയുള്ള മുലപ്പടത്തിന്റെ
ഉടമ, അവളുടെ മുലകൾ മുറിച്ചു മാറ്റിയാലും മുടികൾ കൊഴിഞ്ഞുപ്പോയാലും ഉടലുണങ്ങിപ്പോയാലും ആഞ്ജലീന ജൂലി എന്ന നായിക ഹോട്ടാണ് എന്ന് പറയാൻ ഈ കഞ്ചാവിനേ സാധിക്കൂ.
ആയിരത്താണ്ടുകൾക്കിപ്പുറത്തും കഥയിൽ പ്രേമവും കാമവുമെല്ലാമുണ്ട് പക്ഷേ വാത്സ്യായനതെവിടെ ?അറുപത്തിനാല് കാമകലകളെവിടെ? എന്നു ചോദിക്കുന്നിടത്ത് തനിക്ക് ലഹരി കൊണ്ടു തന്ന ഫ്ലോബേർട്ടിന്റെ എമ്മ ബോവറിയെ പോലെ “എന്റെ ശരീരം എന്റെ സ്വന്തമാണ് . ഇത് ഒരു സംസ്ഥാനത്തിന്റെയോ, പള്ളിയുടേയോ , കുടുംബത്തിന്റെയോ അവകാശമല്ല. ഞാൻ ആഗ്രഹിക്കുമ്പോൾ , ആഗ്രഹിക്കുന്ന വ്യക്തിയുമായി, ആഗ്രഹിക്കുന്ന സമയത്ത് ഞാൻ ലൈംഗിക ബന്ധത്തിലേർപ്പെടും” എന്ന് പറഞ്ഞ റാഡിക്കൽ ഫെമിനിസ്റ്റ് മോണയെ കണ്ടെടുത്ത് , മതത്തിന്റെ ചിട്ടവട്ടങ്ങൾക്കിടയിലും “ആണിനിഷ്ടമുള്ള നേരങ്ങളിൽ അലിഞ്ഞു കൊടുക്കാൻ പാകത്തിൽ പാക്കറ്റിനുള്ളിൽ കാത്തിരിക്കുന്ന മിഠായികളല്ല പെണ്ണുടലുകൾ “എന്ന് തിരിച്ചറിഞ്ഞ അറബ് മാധ്യമ പ്രവർത്തകയെ മുന്നിൽ നിർത്തി തന്ന് കയ്യടിപ്പിക്കുന്ന കഞ്ചാവാണിത്.
ബുദ്ധികൊണ്ട്, പ്രതിഭകൊണ്ട്, പലതരം ശേഷികൾക്കൊണ്ട് ആഘോഷിക്കപ്പെട്ട മനുഷ്യർ പ്രസവവും അടുക്കളയും മടുപ്പും അവഗണനയും കൊണ്ട് ഉടഞ്ഞുപോകുമ്പോൾ പ്രോട്ടീൻ പൗഡറും വർക്ക് ഔട്ടും ഡയറ്റു കൊണ്ടും മാത്രം തിരിച്ചുപിടിക്കാനാവില്ല അവർക്ക് പോയ കാലത്തെ എന്ന ബോധ്യപ്പെടലിലും അമ്പതിലെത്തി ആത്മവിശ്വാസം ചോരുന്ന പെണ്ണുങ്ങൾക്ക് ഐശ്വര്യാറായിയെ ചൂണ്ടി കാണിച്ചു തന്ന കഞ്ചാവാണിത്.
അറബ് ലോകത്തെ വെറുക്കപ്പെട്ട എഴുത്തുകാരി ജുമാന ഹദാദ്, ‘ജസാദ്’ എന്ന ഇറോട്ടിക് മാഗസിന്റെ എഡിറ്റർ, “എല്ലായിടത്തും എപ്പോഴും എറിച്ചു നിൽക്കുന്ന പുല്ലിംഗത്തെ ഞങ്ങൾക്കു മറികടക്കേണ്ടതുണ്ട്” എന്ന് പറയുമ്പോൾ നോബൽ സമ്മാന ജേതാവ് ഡോറിസ്സ് ലെസ്സിങ്ങിന്റെ ദി ഗോൾഡൻ നോട്ട് ബുക്കിലെ അന്നയെ ഓർക്കാൻ ഈ കഞ്ചാവിനേ സാധിക്കൂ.
തലച്ചോറു കൊണ്ട് ലഹരി പടർത്തിയ നായിക തപ്സിയെ കുറിച്ച് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ എഴുത്തുകാരൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതാണ് എന്നെ പോലുള്ള ചെറുവായനക്കാരികളിൽ ലഹരി പടർത്തുന്നത്.
” പ്രിയപ്പെട്ട ആണുങ്ങളേ, നിങ്ങളിൽ പെണ്ണുങ്ങളുടെ തലച്ചോറിനെ കാമിക്കുന്നവർ കൈ ഉയർത്തിയാലും “, പെണ്ണുങ്ങൾ ത്യജിച്ച ആനന്ദങ്ങളാണ്. പലപ്പോഴും ആണുങ്ങളുടെ പുസ്തകങ്ങൾ. പെൺ പുസ്തകങ്ങളിലുള്ളത് ആനന്ദങ്ങൾ ത്യജിച്ച പെണ്ണുങ്ങളുടെ ഉള്ളിലെ തീയാണ്. അതുകൊണ്ടാണ് പെണ്ണുങ്ങളുടെ എഴുത്തിന് ഇത്ര ചൂട്.ആണെഴുത്തിന് തണുപ്പും ” എന്ന് പറയുന്നിടത്ത് ചുരുൾ നിവരുന്നത് മലയാള സാഹിത്യത്തിലെ ആദ്യ പെൺകഥയുടെ ചരിത്രമാണെന്നോർത്ത് നമ്മൾ വണ്ടറടിക്കും.
അതെ കഞ്ചാവുകാരൻ പറഞ്ഞതത്രയും ചരിത്രമായിരുന്നു. സാഹിത്യ ചരിത്രം, സിനിമാ ചരിത്രം, രാഷ്ട്രീയ ചരിത്രം.
പക്ഷേ അവയെല്ലാം ലോകം വായിക്കാൻ ഇഷ്ടപ്പെടുന്നത് ഫിക്ഷണലൈസ് ചെയ്ത ചരിത്രമായിട്ടാണ് എന്നു മാത്രം. ഇതിനിടയിൽ ഒരു മിന്നായം പോലെ കടന്നു വന്ന ബയോളജി ക്ലാസ്സിലെ മാർഗ്ഗരറ്റ് ടീച്ചറും പുതുപള്ളിക്കാരുടെ രാഷ്ട്രപതിയായ കുഞ്ഞൂഞ്ഞും എപ്പോഴോ വന്നു നമ്മെ തൊടുന്നുണ്ട്. നെഞ്ചിൽ നെരിപ്പോടുയർത്തിയത് കിഡ്നാപ്പറാൻ്റണിക്കാലത്തെ ഓർമ്മയാണ്. ” ഞാൻ വില്ലനാണ് എന്ന് ഒരാൾ വ്യക്തമാക്കുന്നതിനോളം സുരക്ഷിതത്വമില്ല മറ്റൊന്നിലും ” എന്ന് ചൂണ്ടിക്കാട്ടിയ നേരങ്ങളിലാണ്. മാർഗരറ്റ് ദൂറാസിന്റെ കഥ പറയാൻ തുടങ്ങിയ അയാൾ ഇംഗ്ലീഷുകാരി എമ്മയിലേക്കും പിന്നീട് അമ്മയിലേക്കും വഴുതി വീഴുന്ന കാഴ്ച നാമിതിൽ കാണുന്നുണ്ട്.
ലെൻസേ നാമിയോക്കയുടെ നോവലിലെ നായിക ഐലിൻ ” എന്റെ കാലുകൾ എന്റെയാണ്, അതു കണ്ട് കാമപ്പെട്ട് ഒരു പട്ടിയും കാലു പൊക്കേണ്ട ” എന്നാർജ്ജവത്തോടെ പറയുമ്പോൾ കഞ്ചാവ് പുകയുന്നത് സാനിയ മിർസയിലാണ്. അവർ ഒരു ഫയർ ബ്രാൻഡാണെന്നും നമ്മുടെ മുമ്പിൽ നിന്ന് അവളിളക്കിയത് കാലല്ല ഒരു കാലമാണെന്നും പറയാനാണ് ആ പുക ഉയരുന്നത് . ഒടുവിൽ തന്നിലെ കെട്ടടങ്ങാത്ത ആനന്ദലഹരിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ തീപ്പിടിപ്പിച്ച ഒരു പെണ്ണിനെ കൂടി ചേർത്തുവെച്ചു കൊണ്ടാണ് കഞ്ചാവിന്റെ നൂറ്റിയെഴുപത്തി മൂന്നാമത്തെ ഏട് അവസാനിപ്പിക്കുന്നത്.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ചക്രവർത്തിയും കൊട്ടാരം സേവകരുമാണ് ഇങ്ങനെ പേടിച്ചു കരയാതെടോ “എന്ന് കളിയാക്കി ഇന്ത്യൻ പാർലമെൻ്റിനെ പിടിച്ചുകുലുക്കിയ ബിബിസിയുടെ ഡോക്യുമെൻ്ററി ഷെയർ ചെയ്തവൾ, അതെ ന്യൂനപക്ഷത്തിന്റെ എം.പി മഹുവാ മൊയ്‌ത്ര .അയോധ്യയിലെ 277 ഏക്കർ ഭൂമിയാണ് ഇന്ത്യ എന്ന ധാരണയെ തകർത്തെറിയാനും അതിന് പുറത്തെ 80 ലക്ഷം ഏക്കർ ഭൂമിയിലെ ജനങ്ങളുടെ ശക്തി ന്യൂനപക്ഷ ഓർമ്മപ്പെടുത്താനും കഞ്ചാവ് മുൻപിൽ കൊണ്ടു നിർത്തുന്നത് മഹുവായെയാണ്.
” ഇതാണ് തീ .ഇങ്ങനെയാണ് തീയുണ്ടാക്കേണ്ടത്. കനൽ ഒരു തരി മതി എന്നത് എഴുത്തുകാരൻ അവർക്ക് കൊടുത്ത തലക്കെട്ടാണേൽ അത് ചെന്ന് ആളിക്കത്തുന്നത് കഞ്ചാവ് എന്ന ഈ പുസ്തകത്തിലാണ് … അതെ പുക പടരുകയാണ്… ഇനി വരും ദിവസം അത് ആളി കത്തും.. ഉറപ്പ്. അതെ ലിജീഷ് നിങ്ങൾ അന്ന് പറഞ്ഞ പോലെ ഒരു ബാങ്ക് എന്ന നിലയിൽ സോഷ്യൽ മീഡിയ ഒരു പരാജയമാണ്. അതിലെ അക്ഷരങ്ങൾ സൂക്ഷിക്കപ്പെടേണ്ടത് പുസ്തകങ്ങളിലാണ് . ചരിത്രത്തിന്റെ, ഭാവനയുടെ ലഹരി പടർത്തുന്ന ഒരുപാട് പുസ്തകങ്ങൾ ലോകത്ത് എല്ലായിടത്തും ജനിക്കട്ടെ. അതിന് കഞ്ചാവ് പോലുള്ള പുസ്തകങ്ങൾ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായി എന്നും നില നിൽക്കട്ടെ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
കടപ്പാട്-ഫേസ്ബുക്ക്
Comments are closed.