കണ്ടലും മനുഷ്യനും
ജൂലൈ 26- ലോക കണ്ടല്‍ദിനം
സുരേഷ് മണ്ണാറശ്ശാലയുടെ ‘കണ്ടല്‍ക്കാടുകള്‍’ എന്ന പുസ്തകത്തില്‍ നിന്നും
കണ്ടല്‍ക്കാടുകള്‍ക്ക് മനുഷ്യജീവിതവുമായി ചരിത്രാതീതകാലംമുതല്‍ തന്നെ അഭേദ്യമായ ബന്ധമുണ്ട്. ലോകത്തില്‍ വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് തണലും തുണയുമേകുന്ന കണ്ടല്‍ച്ചെടികള്‍ മനുഷ്യജീവിതത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതൊന്നും തന്നെ കാര്യമായി പരിഗണിക്കാതെ മനുഷ്യന്‍ അവയുടെ ഉപയോഗത്തെക്കാളേറെ നഗരവല്‍ക്കരണത്തിനും സ്വാര്‍ത്ഥതാതപ്‌ര്യങ്ങള്‍ക്കുമായി പ്രകൃതിവിഭവങ്ങള്‍ ചൂഷണംചെയ്യുന്നത് ഗുരുതരമായ പ്രശ്‌ന ങ്ങളിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. കണ്ടല്‍ച്ചെടികളെ പാഴ്‌ച്ചെടികളായി മാത്രമാണ് ഒരുകാലത്ത് മനുഷ്യന്‍ കരുതിപ്പോന്നത്. അന്ന് ആയിരത്തിയഞ്ഞൂറിലധികം ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് പടര്‍ന്നു വളര്‍ന്നുനിന്നിരുന്ന കേരളത്തിലെ കണ്ടല്‍ക്കാടുകള്‍ ഇന്ന് കേവലം പതിനേഴ് ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായി ഒതുങ്ങിയിരിക്കുന്നു. കണ്ടല്‍ക്കാടുകളുടെ വ്യാപ്തി കുറഞ്ഞതുമൂലം മനുഷ്യനിലും കണ്ടല്‍ ക്കാടുണ്ടായിരുന്ന പ്രദേശത്തെ ആവാസവ്യവസ്ഥയിലും വന്ന മാറ്റങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്കുതന്നെ പ്രതികൂലാനുഭവങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകിടംമറിഞ്ഞ് വലിയ കാലാവസ്ഥാ വ്യതിയാനങ്ങളും രോഗഹേതുക്കളായ ജീവികളുടെ അതിപ്രസരം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കണ്ടലുകളുടെ പ്രാധാന്യം വളരെയധികമാണെന്ന് തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്. ജലമലിനീകരണംമൂലം പൊറുതിമുട്ടുന്ന ഇക്കാലത്ത് കണ്ടല്‍ക്കാടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കണ്ടലുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് നഗരവത്കരണത്തിന്റെ കെടുതിക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ചതുപ്പുകളും ജലാശയങ്ങളും പുനര്‍ജ്ജനിയുടെ പാതയില്‍ എത്തിക്കുവാനുള്ള കഠിനശ്രമങ്ങള്‍ നടത്തിയെങ്കില്‍ മാത്രമേ നഗരത്തിലെ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമാകുകയുള്ളൂ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിസംരക്ഷണത്തിന് വളരെയേറെ ഉത്തേജനമേകുന്നത്. മണ്ണിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുന്ന ജൈവാവശിഷ്ടങ്ങള്‍കൊണ്ട് സമ്പുഷ്ടമായ ഭാഗത്താണ് സസ്യങ്ങള്‍ നന്നായി വളരുന്നത്. കണ്ടല്‍ക്കാടുകളോടു ചേര്‍ന്ന ചതുപ്പുകളില്‍ നദികള്‍ ഒഴുക്കിക്കൊണ്ടുവരുന്ന മണ്ണും എക്കലും നിറഞ്ഞ് വളരെ മാര്‍ദ്ദവമുള്ളതായിത്തീര്‍ന്നിരിക്കുന്നു. ഇങ്ങനെ മാര്‍ദ്ദവമുള്ള മണ്ണിലാണ് മനുഷ്യന്‍ ആഹാരത്തിനാവശ്യമായ ധാന്യങ്ങള്‍ കൃഷി ചെയ്യുന്നത്. ചെളിമണ്ണിന്റെ ധാതുപുഷടി മറ്റു മണ്ണിനങ്ങള്‍ക്ക് ഇല്ലെന്നു തന്നെ പറയാം. ധാതുപുഷ്ടിയുള്ള മണ്ണിനെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനു പകരം രാസവളങ്ങളില്‍ അഭയംതേടുന്ന കൃഷിക്കാരന്‍ മണ്ണിന്റെ രാസഘടനയ്ക്കുതന്നെ വ്യത്യാസമാണുണ്ടാക്കുന്നത്. കണ്ടല്‍ ക്കാടുകള്‍ നീക്കംചെയ്യുന്നതുവഴി അവിടെയുള്ള ആവാസവ്യവസ്ഥ തകരുന്നു. ഇത് മണ്ണിന്റെ സ്വാഭാവികാവസ്ഥയ്ക്ക് മാറ്റംവരുത്തുന്നു.
ലോകപരിസ്ഥിതിയില്‍ കണ്ടല്‍ക്കാടുകള്‍ക്ക് പ്രമുഖസ്ഥാനമുള്ളതുപോലെതന്നെ മാനവചരിത്രവുമായും അഭേദ്യമായ ബന്ധമുണ്ട്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴില്‍ സ്വീകരിക്കുന്നവര്‍ തീര പ്രദേശത്ത് കുടില്‍കെട്ടി താമസമാക്കിയതോടെ അവിടെയുള്ള കണ്ടല്‍ ച്ചെടികള്‍ ക്രമേണ അപ്രത്യക്ഷമാകാന്‍തുടങ്ങി. കണ്ടല്‍ച്ചെടികള്‍ ഉപയോഗമില്ലാത്ത കുറ്റിെച്ചടികളാെണന്ന തെറ്റിദ്ധാരണ അവയെ നശിപ്പിച്ച് തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുനികത്തി പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവണത വര്‍ദ്ധിപ്പിച്ചു. കടല്‍ത്തീരങ്ങളും ചതുപ്പുകളുമൊക്കെ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാത്ത സ്ഥലങ്ങളായി അവശേഷിപ്പിച്ചത് കയ്യേറ്റ ക്കാര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തു. തീരപ്രദേശങ്ങളും കായല്‍ തുരുത്തുകളും അനധികൃത കയ്യേറ്റങ്ങളിലൂടെയും മറ്റ് ഒത്താശകളിലൂടെയും കൈവശപ്പെടുത്തുകയും ചെയ്തു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍തന്നെ പല സ്ഥലങ്ങളിലും ഇത്തരം ചതുപ്പുകളും കണ്ടല്‍ ക്കാടുകളും കൃഷിക്കായി പാട്ടത്തിനു നല്‍കുകയും ആനുപാതികമായ ആദായം നേടിയെടുക്കുകയും ചെയ്തിരുന്നു. ഏക്കര്‍കണക്കിന് കായല്‍നിലങ്ങള്‍ സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയെടുക്കാന്‍ മത്സരിച്ച കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അവ വെട്ടിനശിപ്പിച്ച് പരിസ്ഥിതി നാശമുണ്ടാക്കിയതിന്റെ തിക്താനുഭവങ്ങള്‍ ഇന്നും നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ വനപ്രദേശങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലും ഉത്തരവാദിത്വത്തിലും പരിപാലിച്ചുപോരുമ്പോള്‍ കണ്ടല്‍വനങ്ങള്‍ സ്വകാര്യവ്യക്തികളുടെ കൈവശമായിപ്പോയതാണ് അവ അതിവേഗം നശിപ്പിക്കപ്പെടാന്‍ കാരണമായത്. കൊച്ചിപോലുള്ള നഗരങ്ങളില്‍ തുരുത്തുകളിലും ദീപുകളിലുമെല്ലാം കണ്ടല്‍വനങ്ങള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അവയുടെ ഭൗതികാവസ്ഥയിലെല്ലാം തന്നെ മാറ്റംവരുത്തി വിദേശമാതൃകയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. നഗരവത്കരണമാണ് കണ്ടല്‍വനങ്ങളുടെ നടുവൊടിച്ചു കൊണ്ടിരിക്കുന്നത്. ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും ലാറ്ററൈറ്റ് ഇട്ട് ജെ.സി.ബി.കൊണ്ട് അടിച്ചുനിരത്തി ഭൂപ്രകൃതിതന്നെ മാറ്റി. വിദേശങ്ങളില്‍നിന്നും കൊണ്ടുവരുന്ന, പ്രകൃതിക്ക് ഒട്ടും ഇണങ്ങാത്തതരത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് മനുഷ്യന്‍ ആഡംബര പ്രിയരായി മാറിയിരിക്കുന്നു.
Comments are closed.