കാനായി കുഞ്ഞിരാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു
പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പമായ യക്ഷിക്ക് അന്‍പതു തികയുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഏപ്രില്‍ 2,3,4 തിയതികളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും ഭാരത് ഭവനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാനായിയുടെ ശില്‍പ കലയിലെയും ജീവിതത്തിലെയും അപൂര്‍വ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന ഫൊട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.
വൈകിട്ട് ആറിന് യക്ഷി ശില്‍പത്തിന്റെ ദാര്‍ശനികതയെക്കുറിച്ച് ചര്‍ച്ച നടത്തും. കാനായി കുഞ്ഞിരാമനും മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയുമടക്കമുള്ളവര്‍ പങ്കെടുക്കും. രാത്രി എട്ടിന് ‘സാഗരകന്യക’ എന്ന നൃത്ത ശില്‍പം ഉണ്ടായിരിക്കും. അവതരണം ജയപ്രഭ മേനോന്‍, സംവിധാനം പ്രമോദ് പയ്യന്നൂര്‍. ഏപ്രില്‍ മൂന്നിന് വൈകിട്ട് നാലിന് ‘കാനായിക്ക് എണ്‍പത് വയസ്സ്ശില്‍പകലയുടെ ചരിത്രവും ഭാവിയും’ എന്ന സെമിനാര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ‘ശില്‍പ സംഗീതിക’ എന്ന ഗാനസന്ധ്യ നടക്കും. സംഗീത പരിപാടിക്ക് ഗായകരായ രാജലക്ഷ്മിയും രവിശങ്കറും നേതൃത്വം നല്‍കും.
ഏപ്രില്‍ നാലിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും കാനായിക്ക് ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നകാരന്‍ എംഎല്‍എ അധ്യക്ഷനാകും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റംതിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. എംപിമാരായ ശശി തരൂര്‍, ഡോ. എ. സമ്പത്ത്, കെ. മുരളീധരന്‍ എംഎല്‍എ, കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാനായി കുഞ്ഞിരാമന്‍ മറുപടി പ്രസംഗം നടത്തും. വൈകിട്ട് 6.30 ന് യക്ഷി നൃത്ത ശില്‍പം ഉണ്ടായിരിക്കും. അവതരണം ഡോ. രാജശ്രീ വാര്യര്‍. സംവിധാനം പ്രമോദ് പയ്യന്നൂര്‍.
Comments are closed.