അസീം താന്നിമൂടിന്റെ കാണാതായ വാക്കുകള്‍
വൈലോപ്പിള്ളി പുരസ്‌കാരം, വി.റ്റി കുമാരന്‍ മാസറ്റര്‍ പുരസ്‌കാരം, അനിയാവ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ച അസീം താന്നിമൂടിന്റെ കവിതാസമാഹാരം കാണാതായ വാക്കുകള്‍ പുറത്തിറങ്ങി. 1991 മുതല്‍ 2002 വരെ വിവിധ ആനുകാലികങ്ങളില്‍ വന്ന എഴുപതോളം കവിതകളുടെ സമാഹാരമാണ് കാണാതായ വാക്കുകള്‍. പുസ്തകത്തിന് അസീം താന്നിമൂട് എഴുതിയ മുഖവുരയും ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ അവതാരികയും, പ്രൊഫ. കെ പി ശങ്കരന്റെ കുറിപ്പും ചേര്‍ത്താണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് അസീമിന്റെ കവിതകളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
കാണാതായവാക്കുകള്‍ക്ക് ഒരു മുഖവുര;
1991 മുതല്‍ 2002 വരെ വിവിധ ആനുകാലികങ്ങളില്‍ വന്ന എന്റെ കവിതകളില്‍ ചിലതാണിതില്‍. പതിനാറു വയസ്സുമുതല്‍ ഇരുപത്തിയഞ്ചു വയസ്സുവരെയുള്ള കാലയളവിനുള്ളില്‍ എഴുതിയവ എന്നു പറയുന്നതാവും ശരി. സജീവ എഴുത്തുജീവിതത്തിനിടെ വന്നുപെട്ട ചെടിപ്പോ കടുത്ത അമാന്തമോമൂലം കവിതകളില്‍ പലതും സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. എഴുതിയവയെ പുസ്തകരൂപത്തിലാക്കി ഒരടയാളമെങ്കിലും ശേഷിപ്പിക്കണമെന്ന ഇഷ്ടക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവയില്‍ ചിലതൊക്കെ തേടിപ്പിടിച്ചു. കിട്ടാത്തവയായി ഇനിയും കുറെ ബാക്കി.
കിട്ടിയവയില്‍ ഉള്ളിനിണങ്ങിയ ചിലത് ചേര്‍ത്തുവയ്ക്കുന്നു. സ്‌കൂള്‍ കാലം മുതല്‍ കവിതകള്‍ എഴുതുന്നു. ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയില്‍നിന്നും വീടുവരെയുള്ള ചെറിയ ദൂരമാണ് ജീവിതത്തിന്റെ അകലമെന്നു ധരിച്ചുവശാക്കിയ കാലത്തു വന്നുപെടുകയായിരുന്നു കവിത. കലാലയജീവിതാരംഭത്തോടെ കാവ്യരംഗത്ത് സജീവമായി. മാതൃഭൂമി ബാലപംക്തിയാണ് അതിനു വഴിയൊരുക്കിയത്. ഏറെക്കാലം ബാലപംക്തിയില്‍ നിരന്തര സാന്നിദ്ധ്യമായി തുടര്‍ന്നു. പിന്നിടെപ്പോഴോ ബാലപംക്തിക്കയച്ച ഒരു കവിത മറ്റുപേജില്‍ നല്‍കി മാതൃഭൂമിതന്നെ മുന്‍നടത്തത്തിനു കൈതന്നു. തുടര്‍ന്ന് മുഖ്യധാരാ മാധ്യമങ്ങളിലും ചെറുതും വലുതുമായ മറ്റു മാധ്യമങ്ങളിലും സജീവ പങ്കാളിയായി സഞ്ചരിച്ചു. കാരണമറിയില്ല, സജീവമായിരിക്കുമ്പോള്‍ത്തന്നെ എഴുത്തുപേക്ഷിച്ച് എനിക്ക് ഉള്‍വലിയേണ്ടി വന്നു.
പുതുതായി ഒന്നും പറയാനില്ലാത്തതുപോലെ കടുത്ത ശൂന്യത വേട്ടയാടിക്കൊണ്ടിരുന്നു; എഴുത്തിനെക്കാള്‍ തൃപ്തി വായനയിലും അന്വേഷണത്തിലും കണ്ടെത്തി നിശ്ശബ്ദനായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍വന്ന ‘തുള്ളികള്‍’ ആണ് ആ ഘട്ടത്തില്‍ അവസാനം എഴുതിയ കവിത. എഴുതുകയെന്ന ക്രിയതന്നെ ദീര്‍ഘകാലം മറക്കുകയോ, കഴിയാതാവുകയോ ചെയ്തു. ഡോ. ചായം ധര്‍മ്മരാജന്‍, ബി.എസ്. രാജീവ് തുടങ്ങിയ സുഹൃത്തുക്കളുമൊന്നിച്ച് ദീര്‍ഘകാലം ചെലവഴിച്ച നെടുമങ്ങാട് നഗരത്തിലെ ഇടവഴികളും സുഹൃത്ത് വി. ഷിനിലാലുമൊന്നിച്ച് കലാലയ കാലത്തു നടന്നുതീര്‍ത്ത തെക്കന്‍ മലയോര ഊടുവഴികളും സൗഹൃദത്തിന് സമാനതകളില്ലാത്ത മുദ്രകള്‍ ചാര്‍ത്തിത്തന്ന നെടുമങ്ങാട്ടെ എസ്.ആര്‍.ബി. റസ്റ്റോറന്റിന്റെ പിന്നാമ്പുറവും ഏറെക്കാലമായി നിശ്ശബ്ദമാണ്. അവയുടെ നിശ്ശബ്ദപ്പേച്ചുകള്‍ ഇപ്പോള്‍ തിരിഞ്ഞുനിന്നു കേള്‍ക്കുന്നു; കാണുന്നു.
കവിത എനിക്ക് ആഡംബരങ്ങള്‍ക്കുള്ള ആവരണമല്ല. കൊടികുത്താനുള്ള കൊടുമുടിതേടിപ്പോകുന്ന ചെമ്മണ്‍പാതകളുമല്ല. വരയ്ക്കാനും മായ്ക്കാനുമുള്ള ഒരു കാന്‍വാസാണ്. പറയാനും പറയാതിരിക്കാനുമുള്ള ഒരു മാധ്യമമാണ്. അറിയാനുള്ള ആഴമേറിയ ഒരിടമാണ്. എണ്ണൂറുവര്‍ഷത്തെ കാവ്യചരിത്രമോ, പൂര്‍വഭാരങ്ങളുടെ വ്യാകുലതകളോ, അപൂര്‍വ്വ ഭാരങ്ങള്‍ക്കായുള്ള അങ്കലാപ്പുകളോ എന്നെ അലട്ടാറില്ല. എഴുതുക, നവീകരിക്കുക എന്നതിലപ്പുറം എഴുതാതിരിക്കുക എന്നതിനും ഇടം നല്‍കുന്നു കവിത. ഏറെ കനമുള്ള ഒരു വരി; അതല്ലെങ്കില്‍ അതിലേറെ കനമുള്ള നിശ്ശബ്ദത… അതാണ് ലക്ഷ്യം. വെറുതെ പറഞ്ഞുകളയാന്‍ ഒരുവരിയും ഞാന്‍ കരുതിവച്ചിട്ടില്ല; വെറുതെ പ്രകടിപ്പിച്ചിട്ടുപോകാന്‍ ഒരിഷ്ടവും കരുതി വയ്ക്കാത്തതുപോലെ. ‘തുറന്നു വയ്ക്കുകില്‍ അകംപുറം വേണം; മറഞ്ഞിരിപ്പതായരുത് മറ്റൊന്നും…’ ആ രീതിയോടാണ് പ്രിയം.
ആധുനിക മലയാള സാഹിത്യത്തിന് സമാരംഭംകുറിച്ച വെണ്‍മണി പ്രസ്ഥാനം മുതല്‍ വാക്കുകളും ചിന്തകളും സമന്വയിപ്പിച്ച് കാലാനുസൃതമായ നവീകരണ പ്രക്രിയകള്‍ നടന്നുവരുന്നു കവിതയില്‍. വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരിപ്പാടുമുതല്‍ പി.എന്‍. ഗോപീകൃഷ്ണന്‍വരെയുള്ളവരുടെ പ്രയാണത്തെ ആ നിലയ്ക്കു നോക്കിക്കാണുകയാണ് ഞാന്‍. കവിത തലകീഴായ കിനാവെന്ന് ക്രിസ്റ്റഫര്‍ കോഡ്വെല്‍ പറഞ്ഞുറപ്പിച്ചതിന്റെ നേരടയാളമായി പുതിയ കവിത മാറിക്കൊണ്ടിരിക്കുന്നു. യുക്ത്യാധിഷ്ഠിത ഘടന, അനുയോജ്യ ബിംബങ്ങള്‍, സ്ഥലകാലമുണര്‍ത്തുന്ന വികാരങ്ങള്‍, ബോധശൂന്യമാകാത്ത ആശയങ്ങള്‍, വികാരങ്ങളുടെ മൂര്‍ത്തത… ഇത്തരം നിര്‍ബന്ധങ്ങളില്‍നിന്നും കവിത സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അവയില്‍നിന്നൊക്കെ പൂര്‍ണ്ണവിടുതി കവിതയ്ക്കു സാദ്ധ്യവുമല്ല. അത്തരം ശാഠ്യങ്ങളില്‍നിന്നും പുറത്തുവന്ന് തനതു ശൈലികള്‍ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു എന്നുമാത്രം. ജൈവഘടനയുമായി ഇഴുകിച്ചേരുന്ന മറ്റൊരു ശൈലി കാവ്യമേഖല രൂപപ്പെടുത്തിയിരിക്കുന്നു. പരിമിതമോ, അനന്തമോ ആയതിനെ കുറിക്കുന്നു. നിസ്സാരതകളെ നക്ഷത്രങ്ങളാക്കുന്നു. സമകാലിക യാഥാര്‍ത്ഥ്യങ്ങളെ മറ്റൊരു രീതിയില്‍ തുറന്നു കാട്ടുന്നു. അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ രീതിയോടു തീര്‍ത്തും പൊരുത്തപ്പെട്ടവനായി ഞാനെന്നല്ല. ആഴത്തില്‍ അതിനെ നോക്കിക്കാണുന്നു എന്നുമാത്രം. ഒപ്പംതന്നെ, പുതിയ ശൈലി പൂര്‍വ്വബോധങ്ങളെ കുറ്റകരമായി കാണുന്നുണ്ടോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു.
ഏറെ വൈകിയാണ് ഈ പുസ്തകം. പുസ്തകത്തിനായി ശങ്കരന്‍മാഷ് (പ്രൊഫ. കെ. പി. ശങ്കരന്‍) കവിതകള്‍ നന്നായി വീക്ഷിച്ച് ദീര്‍ഘമായ ഒരു കുറിപ്പ് എഴുതിത്തന്നു. ആ ഘട്ടത്തിലായിരുന്നു അപ്രതീക്ഷിതമായ ഉള്‍വലിയല്‍. പുസ്തകമെന്ന ആഗ്രഹവും അതോടൊപ്പം മുങ്ങിപ്പോയി. മാത്രമല്ല, കവിതകളോടൊപ്പം ശങ്കരന്‍മാഷിന്റെ കുറിപ്പും നഷ്ടപ്പെടുത്തിയെന്ന അപരാധവും വന്നുപെട്ടു. ആഗ്രഹത്തോടെ വീണ്ടും മടങ്ങിവന്നിരിക്കുന്നു. കുറിപ്പിനായി ഒന്നുകൂടി മാഷിനെ സമീപിക്കുക അതേക്കാള്‍ വലിയ അപരാധമാകും. പകരം ഒരു ആശംസാക്കുറിപ്പ് ആവശ്യപ്പെട്ടു. അതിനുമപ്പുറം മനസ്സുറപ്പിച്ച് ഒരു കുറിപ്പ് തന്നിരിക്കുന്നു മാഷ്. അതും ഈ പുസ്തകത്തില്‍ ചേര്‍ക്കുന്നു, ഏറെ സന്തോഷത്തോടെ.
പല ഇടങ്ങളിലായി ചിതറിക്കിടന്ന എന്റെ കവിതകളെ ഒരു കുടക്കീഴില്‍ അടയാളപ്പെടുത്തേണ്ടതിന്റെ അനിവാര്യത പ്രിയപ്പെട്ടവര്‍ നിരന്തരം ഓര്‍മ്മിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തതിന്റെ ഫലമാണ് ഈ പുസ്തകം. യുവകവികളെ ഓര്‍ക്കുമ്പോഴോ കുറിക്കുമ്പോഴോ മറക്കാതെ പറയുകയോ, അന്വേഷിക്കുകയോ ചെയ്യാറുള്ള സച്ചിദാനന്ദന്‍ മാഷ്, പതിവായി പ്രോത്സാഹിപ്പിക്കുകയും ഉള്‍വലിഞ്ഞപ്പോള്‍ ചൊടിക്കുകയും ചെയ്തുകൊണ്ടിരുന്ന പണിക്കര്‍ മാഷ് (അയ്യപ്പപ്പണിക്കര്‍), നിനക്കെന്തുപറ്റിയെന്ന് നിരന്തരം നോവിച്ചുകൊണ്ടിരിക്കുന്ന ദേശമംഗലം രാമകൃഷ്ണന്‍ മാഷ്, ഒ.വി. ഉഷ, പ്രഭാവര്‍മ്മ, നീലമ്പേരൂര്‍ മധുസൂധനന്‍നായര്‍, മനോജ് കുറൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഷിഹാബുദീന്‍ പൊയ്ത്തുംകടവ്, ശ്രീകുമാരന്‍തമ്പി, ക്രൂരം ഈ മൗനം എന്ന് പൊള്ളിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. വി.എന്‍. മുരളി, പ്രൊഫ. ആര്‍. രമേശന്‍നായര്‍, ഡോ. ബി. ബാലചന്ദ്രന്‍, ആനന്ദി രാമചന്ദ്രന്‍ കവിതകള്‍ തേടിപ്പിടിച്ച് എത്തിച്ചുതന്ന സുഹൃത്തുക്കള്‍, പുസ്തകം പ്രസിദ്ധീകരിക്കാന്‍ മനസ്സുകാണിച്ച ഡി.സി. ബുക്‌സിനും എല്ലാവര്‍ക്കും നന്ദി. എന്റെ ഈ കവിതകള്‍ നിങ്ങളോട് എന്താണു പറയുന്നതെന്ന് നോക്കിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി നിങ്ങള്‍ക്കു മുന്നില്‍ ഇവ സ്‌നേഹത്തോടെ നിവര്‍ത്തിവയ്ക്കുന്നു.
Comments are closed.