കമല്‍ഹാസന്റെ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി; പാര്‍ട്ടി പ്രഖ്യാപനം വൈകിട്ട് മധുരയില്‍
നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള നാളൈ നമതു പര്യടനത്തിന് രാമേശ്വരത്ത് തുടക്കം കുറിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകിട്ട് മധുരയില്‍ നടക്കും. രാവിലെ ഏഴരയോടെ രാമേശ്വരത്തെ മോസ്‌കസ്ട്രീറ്റിലെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ വീട്ടില്‍ നിന്നായിരുന്നു പര്യടനത്തിനു തുടക്കമായത്. ആരാധകര്‍ ഉള്‍പ്പെടെ വന്‍ ജനാവലി കമലഹാസനെ കാണാന്‍ എത്തിയിരുന്നു. കലാമിന്റെ മൂത്തസഹോദരന്‍ മുത്തു മീരാന്‍ മരയ്ക്കാര്‍ ഉപഹാരം നല്‍കി കമല്‍ ഹാസനെ സ്വീകരിച്ചു.
രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്കു ശേഷമാണു മധുരയിലെ പാര്‍ട്ടി പ്രഖ്യാപനം. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയിലാണു സമ്മേളനം. പാര്‍ട്ടിയുടെ പേരും ആശയവും റാലിയില്‍ പ്രഖ്യാപിക്കും. തുടര്‍ന്നു മൈതാനത്തു പാര്‍ട്ടിയുടെ പതാക ഉയര്‍ത്തും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രാഷ്ട്രീയ പ്രഖ്യാപന വേദിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എത്തിയേക്കും. മധുരയിലെങ്ങും പാര്‍ട്ടി പ്രഖ്യാപനത്തിന് അഭിവാദ്യമറിയിച്ചുള്ള പോസ്റ്ററുകളാണ്. വന്‍ മാധ്യമ സംഘവും എത്തിയിട്ടുണ്ട്.
Comments are closed.