DCBOOKS
Malayalam News Literature Website

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബറില്‍; ആലപ്പുഴ ജില്ല വേദിയാകും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കലോല്‍സവ മാനുവല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നെങ്കിലും വിവിധ തലങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ആര്‍ഭാടം ഒഴിവാക്കി കലോല്‍സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കലോല്‍സവത്തിന്റെ തീയതികള്‍ ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോല്‍സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു.

കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ചും ശാസ്‌ത്രോല്‍സവം നവംബറില്‍ കണ്ണൂരിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ അവസാനം കൊല്ലത്ത് വെച്ച് നടത്താനും ഇതോടൊപ്പം തീരുമാനമായി. എല്ലാ മേളകളുടെയും ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ആര്‍ഭാടങ്ങളില്ലാതെയാണ് മത്സരങ്ങളെങ്കിലും പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവും ഉണ്ടാകും. കുട്ടികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്കിന് നിലവിലെ മാനദണ്ഡമാകും ഉപയോഗിക്കുക. മത്സരം രാത്രിയിലേക്ക് നീളുന്നതും ഒഴിവാക്കും. എല്‍.പി-യുപി വിഭാഗത്തില്‍ സ്‌കൂള്‍ തലത്തില്‍ വരെ മത്സരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.