പ്രിയപ്പെട്ട ഡെയ്‌സീ… ഷെമി
പ്രിയപ്പെട്ട ഡെയ്‌സീ…
ഈ അടുത്ത കാലത്തായിട്ട് എന്നിലേക്ക് ഇടിച്ചുകയറിയിരിക്കുന്ന ഒരു വികാരാവസ്ഥ എന്താണെന്നുവെച്ചാല്‍… പഴയ കാലത്തില്‍ അനിവാര്യമായിരുന്ന ചില സമ്പ്രദായങ്ങളോട് വല്ലാത്ത ഒരാകര്‍ഷണം. അതില്‍ പ്രധാനമായിട്ടുള്ള ഒന്ന് കടലാസും മഷിപ്പേനയും ഉപയോഗപ്പെടുത്തികത്തെഴുതണം. തപാല്‍ മാര്‍ഗ്ഗത്തിലൂടെത്തന്നെ ഉദ്ദേശിച്ചവര്‍ക്ക് എത്തിക്കണം. ഇതിനെല്ലാം മുമ്പ് നിന്നോടു ഞാന്‍ ക്ഷമ ചോദിക്കേണ്ടതുമുണ്ട്.
മറ്റുള്ളവരാല്‍ ഉപദേശിക്കപ്പെടേണ്ടുന്നതും മറ്റുള്ളവരോട് മാപ്പ് പറയേണ്ടിവരുന്നതുമായ അവസരങ്ങള്‍ സൃഷ്ടിക്കാനേ പാടില്ലായെന്ന് കരുതിയിരുന്നാലും എന്ത് ചെയ്യാന്‍? ഈ ജീവിതമുണ്ടല്ലോ; മര്യാദ ഭംഗിയോടെമാത്രം ഉപചരിക്കണമെന്നാശിച്ചാലും മുൻപരിചയമേയില്ലാത്ത ജീവിതത്തില്‍ ക്ഷമിക്കണം എന്ന പദം പലവുരു പ്രയോഗിക്കേണ്ടതായി വരുന്നു. എന്റെ ഡെയ്‌സീ, നമ്മള്‍ നടത്തിയിരുന്ന സൗഹൃദപ്രവര്‍ത്തനം തല്‍ക്കാലത്തേക്കു പോലും നിര്‍ത്തിവെക്കണമെന്ന് തീരുമാനിക്കാതെതന്നെ അങ്ങനെ സംഭവിച്ചു പോയെങ്കിലും അതിന് ഭദ്രമായ ആരോഗ്യമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഒന്നിച്ചു നടക്കുകയോ ഒന്നിച്ചിരുന്നുണ്ണുകയോ ഒന്നിച്ചുറങ്ങുകയോ ചെയ്യാതെ, ചങ്ങാത്തത്തിന്റേതായ പ്രകടന അവസരങ്ങള്‍ ഒന്നുംതന്നെയില്ലാതെ, പരമരഹസ്യമായ ഒരു പ്രേമബന്ധം കൊണ്ടുനടക്കും പോലെയാണ് അന്യോന്യം അനുകൂലിച്ചും മാന്യസ്‌നേഹത്തോടും വര്‍ഷങ്ങളിത്രയും കൂടുതല്‍ നമ്മളീ സൗഹൃദം ഒന്നിച്ചനുഷ്ഠിച്ചത്. നീ ഓര്‍ക്കുന്നുണ്ടോ?
ഒരു പുലര്‍ച്ചെ ഹോസ്റ്റലിന്റെ നീണ്ട വരാന്തച്ചുമരില്‍ ഒരു കൈയെഴുത്ത് നോട്ടീസ് കണ്ട, ആരാണിതു ചെയ്തതെന്ന് പലരും ചോദിക്കയുണ്ടായി.ആ രഹസ്യം ഇവിടെ നീക്കുകയാണ്. ചങ്ങാതി എന്ന വാക്കിന്റെ അക്ഷരവികചീകരണം നടത്തി അന്നവിടെ പതിച്ചത് ഞാനായിരുന്നു, അത് നിന്നെയുദ്ദേശിച്ചുമായിരുന്നു. രാജ്യം ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തിയോട് വെറും സാധാരണക്കാരിയായ എനിക്കു നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടുന്ന ആദരവിന് പകരം നീരസമെന്നു പറഞ്ഞതിന്റെ കാരണം സങ്കല്പത്തിന്റെ ഒത്തായാല്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയിൽ ഞാൻ അനാവൃതമാക്കിയിട്ടുണ്ട്.
സ്നേഹിതയുടെ രചനകള്‍ സമാഹരിക്കുന്ന ശീലമുള്ളതിനാല്‍ അത് നീയറിയും… എന്റെ കൂട്ടുകാരീ, അതിശയം
അവകാശപ്പെടുന്ന ഈ ശവകുടീരം നീ നേരില്‍ കണ്ടിട്ടുണ്ടോ? കേവലമൊരു പൊള്ള പ്രഖ്യാപനത്തിന്റെ
രേഖയായിമാത്രമേ എനിക്കാ വാസ്തുരൂപത്തെ വീക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ. ഇത് എന്റെ സ്വകാര്യചിന്താഗതിയാണ്. ഇതുപോലെ മറ്റാരും അറിയരുതെന്ന ശഠവിചാരത്തോടെ കൊണ്ടുനടക്കുന്ന, എനിക്കു മേല്‍ സംഭവിച്ച കുറെ രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ തോന്നുന്നു. മേല്‍വിലാസക്കാരനെ കാണാതെ അയച്ചയാളില്‍ തന്നെ തിരിച്ചെത്തുന്ന ഡെഡ് ലെറ്റേഴ്‌സ് ആയിത്തീരില്ല എന്ന വിശ്വാസത്തോടെ ഞാനതെല്ലാം നിനക്കെഴുതാന്‍ തുടങ്ങുകയാണ്…
എന്ന്,
സ്വന്തം ഷെമി
Comments are closed.