DCBOOKS
Malayalam News Literature Website

ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

Actor Kalinga Sasi passes away | MbS News

കോഴിക്കോട് : ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരായിരുന്നു ശശി. സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.

മലയാള നാടകവേദിയില്‍ നിന്നാണ് കലിംഗ ശശി സിനിമയിലേക്ക് എത്തുന്നത്. അമ്മാവന്‍ വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം.

പിന്നീട് ഇടവേളയ്ക്ക് ശേഷം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് തിരിച്ചെത്തി.

കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് കലിംഗ ശശി. ഭാര്യ പ്രഭാവതി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലം പിലാശ്ശേരി യിലെ വീട്ടുവളപ്പിൽ നടക്കും.

 

 

Comments are closed.